ബ്ലോഗില്‍ തെരയുക

Thursday, February 17, 2011

സസ്യപോഷണ ശാസ്ത്രചരിതം

മനുഷ്യസംസ്കാരത്തിന്റെ പൌരാണിക സ്രോതസുകളെല്ലാംതന്നെ വളര്‍ന്നു വികസിച്ചത് വളക്കൂറുള്ള നദീതടങ്ങളിലായിരുന്നു എന്നതു തികച്ചും സ്വാഭാവികം തന്നെ. സിന്ധു-ഗംഗാ നദീതടസംസ്കാരം, മെസപ്പൊട്ടേമിയന്‍ സംസ്കാരം, നൈല്‍ നദീതടസംസ്കാരം, തെക്കേ അമേരിക്കയിലെ ഇങ്കാ-മായാ സംസ്കാരങ്ങള്‍, ചൈനയിലെ യാങ്-ടീ-സീ നദീതടസംസ്കാരം എന്നിവയെല്ലാം ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. മണ്ണിന്റെ ഫലപുഷ്ടിയും വിളവുല്പാദനക്ഷമതയും തമ്മിലുള്ള പരസ്പരബന്ധത്തെപ്പറ്റി ബി.സി 2500-ല്‍ത്തന്നെ മനുഷ്യന്‍ ബോധവാനായിരുന്നുവെന്നു ഹിറോദോത്തസ്സിനെപ്പോലുള്ള ഗ്രീക്ക് ചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാലിവളം, പച്ചിലവളം, എക്കല്‍ അഥവാ വണ്ടല്‍, മനുഷ്യമലം, കശാപ്പുചെയ്ത മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയ വിവിധതരം ജൈവവളങ്ങളുടെ ഉപയോഗത്തെയും ഫലപ്രാപ്തിയെപ്പറ്റിയുമുള്ള അറിവ് അന്നത്തെ കര്‍ഷകര്‍ക്കുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അനവധി തെളിവുകള്‍ നിരത്തിയിട്ടുണ്ട്. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ ഇന്ത്യയിലും കൃഷിയെ സംബന്ധിച്ച ശാസ്ത്രീയപഠനങ്ങള്‍ നടന്നിരുന്നുവെന്നുള്ള തെളിവാണു കപിലമഹര്‍ഷിയാല്‍ വിരചിതമായതെന്നു വിശ്വസിക്കപ്പെടുന്ന 'കൃഷിസൂക്തി' എന്ന അതിപ്രാചീന ഗ്രന്ഥശേഖരം. കൃഷിയില്‍ കുമ്മായത്തിനും ചാരത്തിനുമുള്ള പ്രസക്തിയെക്കുറിച്ച് ഈ ഗ്രന്ധത്തില്‍ പരാമര്‍ശമുണ്ടെന്നു ഭാരതീയ കൃഷിയുടെ പൂര്‍വ്വകാല ചരിത്രം വിസ്തരിച്ച് പരിശോധിച്ച ഡോ. രസവ (1980) അഭിപ്രായപ്പെടുന്നു.

ഗ്രീക്ക് ചിന്തകരായ തിയോഫ്രാസ്റ്റസ്, പ്ലിനി എന്നിവരുടെ കുറിപ്പുകളില്‍ ആദ്യത്തെ രാസവളമെന്ന് വിശേഷിപ്പിക്കാവുന്ന 'സാള്‍ട്ട് പിറ്റര്‍' (പൊട്ടാസ്യം നൈട്രേറ്റ്) എന്ന പ്രാകൃതിയ രാസയൌഗികത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അക്കാലത്ത് ഗ്രീസില്‍ പനവര്‍ഗ ചെടികളുടെ ചുവട്ടില്‍ ഉപ്പുലായനി (സോഡിയം ക്ലോറൈഡ്) ഒഴിച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നതായും പരാമര്‍ശങ്ങളുണ്ട്. ഗ്രീക്ക് ചിന്തകരുടെ ചുവട് പിടിച്ചുകൊണ്ട് റോമന്‍ ചിന്തകരും ശാസ്ത്രീയ സസ്യപോഷണത്തെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ ബി.സി 200-ല്‍തന്നെ ആരംഭിച്ചിരുന്നു. നാളതുവരെയുള്ള കാര്‍ഷികവിജ്ഞാനമെല്ലാം സമാഹരിച്ചുകൊണ്ട് പിയത് റോ ദെക്രെസന്‍സി (1230-1307) പതിമൂന്നാം നൂറ്റാണ്ടിന്റെ ഒടുവില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം ശാസ്ത്രീയകൃഷിയുടെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നായി കരുതിവരുന്നു. ഇക്കാരണത്താല്‍ ക്രെസന്‍സിയെ ആധുനിക കൃഷിവിജ്ഞാനത്തിന്റെ പിതാവായി വാഴ്ത്താറുണ്ട്.

സസ്യങ്ങള്‍ കത്തിച്ചുകിട്ടുന്ന ചാരം അവ മണ്ണില്‍നിന്നും വലിച്ചെടുത്ത പോഷകങ്ങളുടെ സമാഹാരമാണെന്ന് ആദ്യമായി പ്രസ്താവിച്ചത് 1563-ല്‍ പാലിസി എന്ന ശാസ്ത്രജ്ഞനാണ്. ആധുനിക ശാസ്ത്രഗവേഷണത്തിന്റെ താത്വികാചാര്യന്‍ എന്ന് വിശേഷിക്കപ്പെടാറുള്ള ഫ്രാന്‍സിസ് ബേക്കണ്‍ (1561-1624) എന്ന ഇംഗ്ലീഷുകാരന്‍, സസ്യപോഷണത്തിലെ മുഖ്യഘടകം ജലമാണെന്ന് പ്രസ്താവിച്ചു. ഒരേയിനം വിള ഒരേനിലത്തില്‍ തുടര്‍ച്ചയായി കൃഷിചെയ്യുമ്പോള്‍ അതിന്റെ ഉല്പാദനക്ഷമത അനുക്രമം കുറഞ്ഞുവരുമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ഫ്ലെമിഷ് ഭിഷഗ്വരനും കെമിസ്റ്റുമായിരുന്ന വാന്‍ഹെല്‍മണ്ട് (1577-1644) എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ നടത്തിയ പഠനങ്ങളില്‍നിന്നും സസ്യപോഷണത്തിനുള്ള ഏകവസ്തു ജലമാണെന്നു കണ്ടെത്തി. ഇത് തെറ്റായ ഒരു നിരീക്ഷണമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സസ്യപോഷണപരീക്ഷണങ്ങളാണു പില്‍ക്കാലത്ത് ഇതുസംബന്ധിച്ച നിരവധി ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. റോബര്‍ട്ട് ബോയല്‍ (1627-1691) എന്ന വിഖ്യത ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍ നടത്തിയ പരീക്ഷണങ്ങളെത്തുടര്‍ന്നു ലവണങ്ങള്‍, സ്പിരിറ്റ്, മണ്ണ്, വിവിധതരം തൈലങ്ങള്‍ എന്നിവയാണ് സസ്യഘടകങ്ങള്‍ എന്നും അവയെല്ലാംതന്നെ ചെടികള്‍ മണ്ണില്‍നിന്നും വലിച്ചെടുക്കുന്ന ജലത്തിലൂടെയാണു ലഭ്യമാകുന്നതെന്നും സിദ്ധാന്തിച്ചു. ജെ.ആര്‍. ഗ്ലാബര്‍ (1604-1668), ജോണ്‍ മേയോ (1643-1679), ജോണ്‍ വുഡ്‌വാര്‍ഡ് (1700) തുടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണങ്ങള്‍ സസ്യപോഷണത്തിന്റെ അടിസ്ഥാനം ജലത്തെക്കാളുപരി രാസമൂലകങ്ങളാണെന്ന നിഗമനത്തെ ബലപ്പെടുത്തി.

അടുത്തഭാഗം - പത്തൊമ്പതാം നൂറ്റാണ്ടിലെ പരീക്ഷണങ്ങള്‍

Thursday, January 20, 2011

കൃഷിയുടെ രസതന്ത്രം

അക്ഷയകൃഷി എന്ന പുസ്തകത്തിന് ആമുഖമായി ഡിസംബര്‍ 2000 ത്തില്‍ പ്രസിദ്ധീകരിച്ചത്.
ഈ പുസ്തകത്തിന് പ്രൗഢമായ ഒരു ആമുഖലേഖനം തയ്യാറാക്കിയിട്ടുള്ളത് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ കാര്‍ഷിക രസതന്ത്രവിഭാഗത്തിന്റെ തലവനായി റിട്ടയര്‍ ചെയ്ത ഡോ. തോമസ് വര്‍ഗിസാണ്. മണ്ണിന്റെ സൂചിക സാമ്പിളുകള്‍ ശേഖരിച്ച് ഡേറ്റാ ബേസ് ഉണ്ടാക്കുന്നതിനുള്ള ഇന്‍ഡോ-ഡച്ച്-യു.എന്‍.ഇ.പി പ്രോജക്ടിന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു അദ്ദേഹം. കേരളത്തില്‍ ആദ്യമായി ഒരു മൃത്തികാമ്യൂസിയം (Soil Museum) ഉണ്ടാക്കുന്നതിന് മുന്‍​കൈയെടുത്തതും ഡോ. തോമസ് വര്‍ഗീസായിരുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും പ്രധാനപ്പെട്ട എല്ലാ കാര്‍ഷിക ഗവേഷണശാലകളും സന്ദര്‍ശിച്ച് മണ്ണിന്റെ പോഷണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി പഠിക്കുവാനുള്ള അവസരം അദ്ദേഹത്തിന് കൈവന്നിരുന്നു. ഈ പുസ്തകത്തിന്റെ ഉള്ളടക്കം സസൂഷ്മം പരിശോധിച്ച് അവ ശാസ്ത്രയുക്തം തന്നെയെന്ന് ഉറപ്പുവരുത്തുന്നതിന് അദ്ദേഹത്തിന്റെ സേവനം ലഭ്യമായതില്‍ എനിക്ക് അളവറ്റ സന്തോഷമുണ്ട്. സസ്യപ്രജനനശാസ്ത്രത്തില്‍ മാത്രം മുഴുകിയിരുന്ന എന്നെ മണ്ണിന്റെയും മണ്ണ് പോഷണത്തിന്റെയും മേഖലയില്‍ ഗവേഷണം നടത്താന്‍ ഉത്സാഹിപ്പിച്ചത് ഡോ. തോമസ് വര്‍ഗീസായിരുന്നു. കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക-പരിസ്ഥിതി കമ്മറ്റിയുടെ സാമ്പത്തിക സഹായത്തോടെ ഞാന്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ ഗവേഷണ പരിപാടിയില്‍ സജീവമായി സഹകരിച്ച് അതിലെ രസതന്ത്ര വിശകലനങ്ങള്‍ നടത്തിയതും അദ്ദേഹം തന്നെ. അതിനെല്ലാമുള്ള എന്റെ നിസ്സീമമായ നന്ദി ഞാനിവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.


തിരുവനന്തപുരം -4
2000 ഡിസംബര്‍ 1
ആര്‍. ഗോപിമണി
കൃഷിയുടെ രസതന്ത്രം

പ്രപഞ്ചത്തിന്റെ ഉത്ഭവം തൊട്ട് ഇന്നുവരെയുള്ള സുദീര്‍ഘമായ കാലഘട്ടത്തെ നാം ഇരുപത്തിനാലു മണിക്കൂറെന്ന് സങ്കല്പിച്ചാല്‍ അതില്‍ മനുഷ്യന്റെ ഉത്ഭവ-പരിണാമങ്ങള്‍ സംഭവിച്ചത് ഏറ്റവും ഒടുവിലത്തെ അര സെക്കന്റിലാണെന്നു പരിണാമശാസ്ത്രം പറയുന്നു. കാട്ടില്‍ വേട്ടയാടിയും കായ്‌കനികള്‍ പെറുക്കിയും ജീവിച്ച ആദി മനുഷ്യന്‍ കൃഷി ആരംഭിച്ചത് വെറും പതിനായിരം കൊല്ലങ്ങള്‍ക്കു മുന്‍പ് മാത്രമാണെന്ന് പറയുമ്പോള്‍ അത് പരിണാമ നാടകത്തിലെ അവസാന അര സെക്കന്റിന്റെ വളരെ ചെറിയ ഒരംശം മാത്രമായിരിക്കുമല്ലൊ. അന്നത്തെ ലോക ജനസംഖ്യ 35 ദശലക്ഷം ആയിരുന്നുവെങ്കില്‍ കൃഷി വികസിച്ചു തുടങ്ങിയ പതിനെട്ടാം നൂറ്റാണ്ടില്‍ അത് 1800 ദശലക്ഷമായും രാസവളപ്രയോഗം വിപുലമായിത്തീര്‍ന്ന 1975 -ല്‍ അത് 4200 ദശലക്ഷമായും വര്‍ദ്ധിച്ചു. കൃഷിയുടെ ആരംഭഘട്ടത്തില്‍ ധാന്യവര്‍ഗങ്ങളുടെ അതിപ്രാകൃതമായ വന്യ ഇനങ്ങളായിരുന്നു വിതച്ചിരുന്നതെന്ന് അനുമാനിച്ചാല്‍ അന്നത്തെ ശരാശരി വിളവ് കഷ്ടിച്ച് നൂറോ നൂറ്റമ്പതോ കിലോഗ്രാം ധാന്യം മാത്രമായിരുന്നിരിക്കണം. ഇന്നത് ശരാശരി നാല് ടണ്ണായി ഉയര്‍ന്നിരിക്കുന്നു. അതേസമയം ആളോഹരി കൃഷിയിടത്തിന്റെ വിസ്താരം അന്നത്തെ നാല്പത് ഹെക്ടറില്‍ നിന്നും 0.3 ഹെക്ടറായി ചുരുങ്ങുകയാണുണ്ടായത്. എ.ഡി രണ്ടായിരാമാണ്ടില്‍ ലോക ജനസംഖ്യ 2075 -ല്‍ 11,000 ദശലക്ഷവും ആകുമെന്ന് ജനസംഖ്യാ വിദഗ്ധര്‍ കണക്കാക്കുന്നു. ഇങ്ങനെ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജനകോടികളുടെ ഭക്ഷ്യാവശ്യം പൂര്‍ണമായി നിറവേറ്റപ്പെടണമെങ്കില്‍ ധാന്യ വിളകളുടെ ഉല്പാദനക്ഷമത ഇപ്പോഴത്തെ നാല് ടണ്ണില്‍ നിന്നും എട്ടുടണ്ണായി ഉയരേണ്ടതുണ്ട്. ഇത് രാസവളങ്ങളും കീടനാശിനികളും കൊണ്ടുമാത്രം നിറവേറ്റാന്‍ കഴിയുമെന്ന് ഒരു ശാസ്ത്രജ്ഞനും വിശ്വസിക്കുന്നില്ല. പോരാത്തതിന് നൈട്രജന്‍ വളങ്ങളുടെ ഒരു മുഖ്യ അസംസ്കൃതവസ്തുവായ പെട്രോളിയംശേഖരം ഇന്നത്തെനിലയിലുള്ള ഉപഭോഗം കൊണ്ടുതന്നെ വരുന്ന അമ്പത്കൊല്ലത്തിനകം ഏതാണ്ട് പൂര്‍ണമായും വറ്റിത്തീരുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഒരുപക്ഷെ ഫോസ്‌ഫറസും പൊട്ടാഷും ഖനിസ്രോതസ്സുകള്‍ നൂറോ ഇരുന്നൂറോ കൊല്ലങ്ങള്‍കൂടി അവശേഷിച്ചേയ്ക്കാം. എങ്കില്‍പ്പോലും രാസവസ്തുക്കളെ അമിതമായി ആശ്രയിക്കുന്ന കൃഷി സുസ്ഥിരമായ ഒന്നായിരിക്കില്ലെന്നു മേല്‍ പ്രസ്താവനകള്‍ ഏവരേയും ബോധ്യപ്പെടുത്തും. പക്ഷെ പകരമെന്തെന്ന ചോദ്യമാണു നമ്മെ ഏറെ അലട്ടേണ്ടത്. അവിടെയാണ് 'അക്ഷയകൃഷി' എന്ന ഈ പുസ്തകത്തിന്റെ പ്രസക്തി നിലകൊള്ളുന്നത്. 'ജൈവവളങ്ങള്‍ക്കൊപ്പം രാസവളങ്ങള്‍' എന്ന മധ്യമാര്‍ഗം മാത്രമേ കൃഷിയില്‍ കരണീയമായിട്ടുള്ളവെന്ന് ഡോ. ഗോപിമണിയുടെ 'അക്ഷയകൃഷി' നമ്മെ ബോധ്യപ്പെടുത്തുന്നു. അന്തരീക്ഷവായുവിന്റെ ഏതാണ്ട് മുക്കാല്‍ പങ്കും നൈട്രജന്‍ വാതകമാണെന്ന ശുഭദായകമായ അറിവ് 'മധ്യമാര്‍ഗ'ത്തിന്റെ പ്രയോഗികതയെ ഒന്നുകൂടി ഉറപ്പിക്കുന്നു. കാരണം, അടുത്ത അര നൂറ്റാണ്ടിനുള്ളില്‍ തീര്‍ന്നുപോകുന്ന പെട്രോളിയം ഊര്‍ജശേഖരത്തെ ആശ്രയിച്ച് നില്‍ക്കുന്ന നൈട്രജന്‍ രാസവളങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുതന്നെ 'മധ്യമാര്‍ഗകൃഷി' പ്രയോഗത്തില്‍ വരുത്താന്‍ കഴിയുമെന്ന് ഈ പുസ്തകം ഉറപ്പുതരുന്നു. ഇരുന്നൂറ് കൊല്ലങ്ങള്‍ക്കപ്പുറം ഉണ്ടാകുന്ന ഊര്‍ജക്ഷതങ്ങളെപ്പറ്റി നമുക്ക് തല്കാലം വേവലാതിപ്പെടാതിരിക്കാം.

ആധുനിക കൃഷിയിലെ രാസികപ്രഭാവത്തെക്കുറിച്ച് സാമാന്യ ജനങ്ങള്‍ക്കിടയില്‍ ഇന്ന് വളരെയധികം ഉത്കണ്ഠയുണ്ട്. ആണ്ടുതോറും വളമായും കീട-കുമിള്‍നാശിനികളായും മണ്ണിലേയ്ക്ക് ചൊരിയുന്ന ഓരോ രാസവസ്തുവും നമ്മുടെ കൃഷിയേയും പരിസ്ഥിതിയേയും ഇഞ്ചിഞ്ചായി നശിപ്പിക്കുകയാണെന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. രാസവളങ്ങളുടേയും കളനാശിനികളുടേയും ഉപയോഗം മൂലം 'മണ്ണു മരിക്കുന്നു' എന്ന വിലാപവും നാം കേള്‍ക്കാറുണ്ട്. അതുപോലെ കേളത്തിലെ തെങ്ങിന്‍തോപ്പുകളെ കാര്‍ന്നു തിന്നുന്ന 'കാറ്റ്‌വീഴ്ച' എന്ന മഹാമാരിയുടെ യഥാര്‍ത്ഥ കാരണം നമ്മുടെ കൃഷിയില്‍ രസതന്ത്രത്തിന്റെ ആധിപത്യം കൂടിയതുകൊണ്ടാണെന്ന് വിശ്വസിക്കുന്ന അഭ്യസ്ഥവിദ്യര്‍പോലുമുണ്ട്! കൃഷിയില്‍ രാസവസ്തുക്കളുടെ രംഗപ്രവേശത്തെ ഉദ്യോഗസ്ഥന്മാരും അത്തരം രാസവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന കമ്പനിയുടമകളും തമ്മിലുള്ള ഒരവിശുദ്ധവേഴ്ചയുടെ ഫലമാണെന്നുവരെ വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്! രണ്ടാം ലോകമഹായുദ്ധം തീര്‍ന്നപ്പോള്‍ അപ്രസക്തമായിത്തിര്‍ന്ന വെടിക്കോപ്പുശാലകളാണ് പിന്നീട് രാസവളം ഫാക്ടറികളായി മാറിയതെന്ന് വിശ്വസിക്കുന്നവരം കുറവല്ല! ഇത്തരം ആയുക്തികങ്ങളായ ചിന്താസരണികളുടെ ഉറവിടം കൃഷിയില്‍ രസതന്ത്രത്തിന്റെ സ്വാധീനത്തെക്കുറിച്ച് സാമാന്യ ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകളത്രെ രാസികകൃഷിയുടെ പശ്ചാതത്തലം. വേണ്ടപോലെ മനസ്സിലാക്കിയാല്‍ ഈ തെറ്റിദ്ധാരണകള്‍ മാറാനിടയുള്ളതുകൊണ്ട് അതിനായൊരെളിയ പരിശ്രമം ഇവിടെ നടത്തിക്കൊള്ളടട്ടെ.
അടുത്ത ഭാഗം - സസ്യപോഷണ ശാസ്ത്രചരിതം

Monday, August 24, 2009

മണ്ണിലെ ജൈവാംശം ഫലപുഷ്ടിയുടെ ഉറവിടം

മനുഷ്യനുള്‍‌പ്പെടെ ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും നിലനില്‍പ്പ് ഭൂമിയുടെ ബാഹ്യാവരണത്തിലെ ഒരു നേരിയ പടലമായ മേല്‍മണ്ണിനെ ആശ്രയിച്ചാണിരിക്കുന്നത്. ജീവചക്രത്തിന്റെ ഗതി നിയന്ത്രിക്കുന്ന ഈ ഘടകം ഒരു നിര്‍ജ്ജീവ വസ്തു ആണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അതുകൊണ്ടാവണം സംസ്കൃതത്തില്‍ 'മൃത്തിക' എന്നു വിളിക്കുന്നത്. എന്നാല്‍ ജനനവും, ജീവിതവും, എന്തിനേറെ മരണവുമുള്ള സമ്പൂര്‍ണ ജൈവ വ്യൂഹമാണ് മണ്ണ് എന്നത്രെ ശാസ്ത്രമതം.
ഖര - ദ്രവ - വാതകങ്ങളടങ്ങിയ ഒരു ത്രിമാന സ്ഥിതിയാണ് മണ്ണിനുള്ളത്. ഇതിനു പുറമേ കണക്കറ്റ സൂഷ്മ ജീവികളുടെ സാന്നിധ്യം ഈ ത്രിമാന സ്ഥിതിയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഖര പദാര്‍ത്ഥങ്ങളില്‍ ഏറെയും ധാതു പദാര്‍ത്ഥങ്ങളാണ്. വ്യാപ്താടിസ്ഥാനത്തില്‍ ജൈവ പദാര്‍ത്ഥങ്ങള്‍ അഞ്ച് ശതമാനത്തില്‍ കുറവേ കാണുകയുള്ളു. എന്നിരുന്നാലും ഈ ജൈവ ഘടകമാണ് മണ്ണിന്റെ ജീവന്‍. സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങളും, നഗ്ന നേത്രങ്ങള്‍കേൊണ്ട് കാണുവാന്‍ കഴിയാത്ത കോടിക്കണക്കിന് സൂഷ്മ ജീവികളും ചേര്‍ന്നതാണ് മണ്ണിലെ ജൈവ ഘടകം. ഇതിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ഭൂതലാവരണത്തില്‍ നാമ്പുകള്‍ കിളിര്‍ക്കുകയും വളരുകയും ഉള്ളു.
മണ്ണിലെ ജീവാംശം പൊടുന്നനെ രൂപീകരിക്കപ്പെട്ടതല്ല. ഭൂമി അതിന്റെ ഊഷരാവസ്ഥയില്‍നിന്നും യുഗങ്ങളിലൂടെ പരിണമിച്ച് ഒരു ജൈവ പരിസ്ഥിതി വ്യൂഹമായി മാറിയത് ഒട്ടനവധി ഭൗതിക - രാസ - ജൈവ പ്രക്രിയകളിലൂടെയാണ്. ഒരിഞ്ച് മേല്‍മണ്ണുണ്ടാകുവാന്‍ പ്രകൃതിയുടെ പരീക്ഷണശാലയില്‍ ഒരായിരത്തിലേറെ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. വനപ്രദേശങ്ങളിലൊഴികെ ഫലപുഷ്ടിയുള്ള മേല്‍മണ്ണ് ഭൂതലാവരണത്തില്‍ ഒന്നോ രണ്ടോ അടി താഴ്ചയിലധികം സാധാരണ കാണാറില്ല. എന്നാല്‍ വനപ്രദേശങ്ങളില്‍‌പ്പോലും കടുത്ത വനനശീകരണവും, ഔചിത്യ രഹിതമായ കൃഷിരീതികളും വഴി ഈ മേല്‍‌മണ്ണിന്റെ കനം ഏതാനും സെന്രീമീറ്ററുകള്‍ മാത്രമായി ചുരുങ്ങിവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വനമണ്ണിന്റെ കടുത്ത തവിട്ടുനിറം തന്നെ അതിന്റെ ജൈവാംശത്തെയാണ് പ്രകടമാക്കുന്നത്. എന്നാല്‍ വന നശീകരണം നടന്നശേഷം മണ്ണില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ഈ ജൈവാംശം ഓക്സീകരിക്കപ്പെടുകയും തന്മൂലം തവിട്ടുനിറം മാറി ചുവന്ന മണ്ണായിത്തീരുകയും ചെയ്യുന്നു. വയലിലെ കറുത്ത ചെളി ഉപയോഗിച്ചുണ്ടാക്കുന്ന ഇഷ്ടിക, ചുട്ടെടുക്കുമ്പോള്‍ ചുവന്ന ഇഷ്ടികയായി മാറുന്നു. അതേ പ്രക്രിയ തന്നെയാണ് വന നശീകരണം മൂലം മണ്ണിലും സംഭവിക്കുന്നത്.
സസ്യങ്ങളാണ് മണ്ണിലെ ജൈവാംശത്തിന്റെ പ്രധാന ഉറവിടം അവയുടെ വേരുകളും മറ്റ് ഭാഗങ്ങളും ആണ്ടോടാണ്ട് മണ്ണില്‍ അഴുകിച്ചേരുന്നു. സൂഷ്മജീവികളുടെ പ്രവര്‍ത്തനഫലമായി അവ വിഘടിക്കപ്പെടുകയും മേല്‍ നിരകളില്‍നിന്ന് കീഴ്നിരകളിലേയ്ക്ക് വാര്‍ച്ച ജലത്തോടൊപ്പം ആവഹിക്കപ്പെടുകയും ചെയ്യുന്നു.
ജന്തുക്കള്‍ വഴിയും നല്ലൊരു പങ്ക് ജൈവാംശം മണ്ണില്‍ ചേര്‍ക്കപ്പെടുന്നു. അവയുടെ വിസര്‍ജ്യ വസ്തുക്കളിലൂടെയാണ് ജൈവാംശത്തിന്റെ മുഖ്യഭാഗവും മണ്ണിലെത്തുന്നത്. മണ്ണിര, ഉറുമ്പ് തുടങ്ങിയ ചെറു ജീവികളും ജൈവാംശത്തെ മണ്ണിലെ വിവിധ നിരകളിലേയ്ക്കെത്തിക്കുവാന്‍ സഹായിക്കുന്നുണ്ട്.
സസ്യകലകളുടെ രാസസ്വഭാവം വളരെ സങ്കീര്‍ണമാണ്. അതിനാല്‍ അവയുടെ സാന്നിധ്യം മണ്ണില്‍ വളരെയധികം വൈവിധ്യമേറിയ പ്രക്രിയകള്‍ക്കിടയാക്കുന്നു. സസ്യാവശിഷ്ടങ്ങള്‍ മണ്ണില്‍ ചെരുമ്പോള്‍ സൂഷ്മജീവികളുടെ എണ്ണം വളരെവേഗത്തില്‍ പെരുകുകയും അവയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായിത്തീരുകയും ചെയ്യുന്നു. ഇതിനു കാരണം അവയിലടങ്ങിയിട്ടുള്ള കാര്‍ബണിന്റെ ലഭ്യതയാണ്. ജൈവാംശത്തിലടങ്ങിയിട്ടുള്ള പഞ്ചസാരക, പ്രോട്ടീനുകള്‍, കൊഴുപ്പുകള്‍ എന്നിവയുടെ ഓക്സീകരണം വഴിയാണ് സൂഷ്മജീവികള്‍ ഊര്‍ജ്ജം സമ്പാദിക്കുന്നത്. സൂഷ്മജീവികളുടെ പ്രവര്‍ത്തനം വഴി എളുപ്പത്തില്‍ വിഘടിക്കപ്പെടുന്ന ജൈവാംശഘടകങ്ങള്‍ അവയുടെ ഊര്‍ജ്ജാവശ്യത്തിന് ഉപയോഗപ്പെടുത്തുകയും സാവധാനം വിഘടിക്കുന്നവയും തീരെ വിഘടിക്കാത്തവയുമായ ഭാഗങ്ങള്‍ ചേര്‍ന്ന് മണ്ണിലെ ജൈവാംശശേഖരമായ ക്ലേഭം അഥവാ 'ഹ്യൂമസ്സ്' ആയിത്തീരുകയും ചെയ്യുന്നു.ലിഗ്നിന്‍, കൌഴുപ്പുകള്‍, അരക്കുകള്‍, സെല്ലുലോസ്, ഹെവിസെല്ലുലോസ് എന്നീ യൗഗികങ്ങളാണ് മുഖ്യമായും ക്ലേഭത്തില്‍ അടങ്ങിയിരിക്കുന്നത്.
മണ്ണിന്റെ ഫലബൂയിഷ്ടതയെ നിയന്ത്രിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്ന ഒന്നത്രെ മണ്ണിലെ ജൈവാംശം. കടലോരത്തെ മണലില്‍ ജൈവാംശത്തിന്റെ അളവ് തീരെ കുറഞ്ഞിരിക്കുന്നു. വനമണ്ണുകളിലും, കുട്ടനാട് പോലെയുള്ള ജലനിമഗമായ പ്രദേശങ്ങളിലെ കരിനിലങ്ങളിലും, ജൈവാംശത്തിന്റെ തോത് താരതമ്യേന ഉയര്‍ന്നിരിക്കുന്നു. മണ്ണിലെ ജലസംഭരണശേഷി, ഘടന, പോഷകമൂല്യങ്ങള്‍ ഉള്‍‌ക്കൊള്ളുവാനുള്ള കഴിവ് എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നതിന് ജൈവാശം കൂടിയേ തീരൂ. ഇതിന് പുറമേ ഇരുമ്പ്, സല്‍ഫര്‍, ഫോസ്ഫറസ് മറ്റ് സൂഷ്മ മൂലകങ്ങള്‍ എന്നിവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ജൈവാംശം സഹായിക്കും. നമ്മുടെ മണ്ണുകളിലെ ലഭ്യമായ ചെളിധാതു കയോളിനൈറ്റ് ആണ്. ഇവയുടെ പോഷകമൂള്യ സംഭരണശേഷി തുലോം കുറവാണ്. അതിനാല്‍ ഇത്തരം മണ്ണുകളില്‍ ചേര്‍ക്കുന്ന രാസവളങ്ങളില്‍ ഏറിയ പങ്കും വാര്‍ച്ച ജലത്തോടൊപ്പം മണ്ണില്‍നിന്നും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ലേയത്വം കൂടിയ നൈട്രജന്‍ വളങ്ങളും, പൊട്ടാഷ് വളങ്ങളും ജൈവാംശം കുറഞ്ഞ മണ്ണുകളില്‍ ചേര്‍ക്കുമ്പോള്‍ അതിലെ സിംഹഭാഗവും സസ്യങ്ങള്‍ക്ക് കിട്ടാത്ത അവസ്ഥയാണ് ഉണ്ടാവുക. ഇതിനെ സംബന്ധിച്ച് നടത്തിയ പഠനങ്ങളില്‍ നിന്നും നൈട്രജന്‍ വളങ്ങളുടെ 60 മുതല്‍ 75 ശതമാനം വരെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും നഷ്ടപ്പെടുന്നതായി തെളിഞ്ഞിട്ടുണ്ട്. പൊട്ടാഷ് വളങ്ങളുടെ നഷ്ടവും ഏതാണ്ട് ഇതിനോടടുത്ത് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ജൈവാംശം അധികമുള്ള മണ്ണുകളില്‍ ഇത്തരത്തിലുള്ള വളനഷ്ടം വളരെയേറെ കുറഞ്ഞിരിക്കുന്നുവെന്നും പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ രാസവളങ്ങളുടെ പ്രയോഗക്ഷമത വര്‍ദ്ധിക്കുന്നതിന് ജൈവാംശം ഒരവശ്യഘടകമാണെന്ന് പറയേണ്ടതില്ലല്ലോ.
ഇരുമ്പ്, അലുമിനിയം സംയുക്തങ്ങള്‍ അധികരിച്ചിട്ടുള്ളതും അമ്ലതയേറിയതുമായ കേരളത്തിലെ മുഖ്യ മണ്ണിനങ്ങളിലെല്ലാം ഫോസ്ഫറസ് വളങ്ങള്‍ കാര്യമായ പ്രയോജനം നല്‍കുന്നില്ലായെന്നും പരീക്ഷണങ്ങളില്‍നിന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ജൈവാംശം അധികമുള്ള മണ്ണുകളില്‍ ഫോസ്ഫറസ് വളങ്ങളുടെ പ്രയോഗക്ഷമത കാര്യമായി മെച്ചപ്പെടുമെന്ന് പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു.
മണ്ണില്‍സ്വതവേ കാണുന്ന ജൈവാംശം നഷ്ടപ്പെടുന്നത് സൂര്യതാപവും, സൂഷ്മജീവികളുടെ പ്രവര്‍ത്തനഫലവും കാരണമാണെന്ന് മുന്‍പ് പ്രസ്താവിച്ചുവല്ലോ. അതിനാല്‍ കൃഷിയിടങ്ങളില്‍ അധികരിച്ച് നടത്തപ്പെടുന്ന വെട്ടും, കിളയും, ഉഴവും കാരണം ജൈവാംശം പെട്ടെന്ന് നഷ്ടപ്പെടുവാനിടയാകുന്നു. ഇതുകാരണമാണ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ അത്യാവശ്യത്തിനുമാത്രം ഉഴവ് നടത്തുക എന്ന സമ്പ്രദായത്തിന് ഈയിടെയായി പ്രചാരം സിദ്ധിച്ചുവരുന്നത്.
മണ്ണിലെ ജൈവാംശം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം ജൈവവളങ്ങള്‍ ചേര്‍ത്ത് കൃഷി നടത്തുക എന്നതാണ്. കാലിവളം, കമ്പോസ്റ്റ്, പച്ചിലവളം, മീന്‍വളം, എല്ലുപൊടി എന്നിവയെല്ലാം ജൈവവളങ്ങളുടെ കൂട്ടത്തില്‍ ഉള്‍‌പ്പെടുന്നു. സസ്യാവശിഷ്ടങ്ങളില്‍നിന്നും ലഭിക്കുന്ന ജൈവവളത്തില്‍ സസ്യങ്ങള്‍ക്കാവശ്യമായ എല്ലാ മൂലകങ്ങളും അടങ്ങിയിരിക്കുമ്പോള്‍ രാസവളങ്ങളില്‍ ഏതാനും ചില മൂലകങ്ങള്‍ മാത്രമേ അടങ്ങിയിട്ടുള്ളു എന്ന കാര്യം വിസ്മരിക്കരുത്. കൃഷിയിടങ്ങളുടെ വിസ്തൃതി വര്‍ദ്ധിക്കുകയും ഒരുപ്പൂ നിലങ്ങള്‍ ഇരുപ്പൂ നിലങ്ങളാകുകയും ചെയ്തതോടെ ജൈവവളങ്ങള്‍ ഇന്ന് സുലഭമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. അതോടൊപ്പം കാലിവളത്തിന്റെയും, തോലിന്റെയും വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരമൊരു ചുറ്റുപാടില്‍ ജൈവ വളങ്ങളുടെ സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആരംഭിച്ചേ തീരൂ. കിട്ടാവുന്ന എല്ലാ സസ്യങ്ങളെയും, ജൈവാവശിഷ്ടങ്ങളെയും ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മ്മിക്കുക എന്നതാണ് ഇക്കാര്യത്തിലവലംബിക്കാവുന്ന ഫലപ്രദമായ മാര്‍ഗ്ഗം. ഓരോ കൃഷിയിടത്തോടുമൊപ്പം ഇത്തരം കൂട്ടുവളനിര്‍മ്മാണത്തിനുള്ള ഏര്‍പ്പാടുകളുണ്ടാക്കുകയും തരിസു നിലങ്ങളിലും വേലിയരികിലും പച്ചില വളച്ചെടികള്‍ നട്ടുവളര്‍ത്തുകയും ചെയ്യുവാന്‍ നമ്മുടെ കര്‍ഷകര്‍ ശ്രമിക്കുന്ന പക്ഷം ജൈവവളക്ഷാമം വലിയൊരളവുവരെ പരിഹരിക്കാന്‍ കഴിയും.
കുറെ നാളുകളായി പ്രചാരം സിദ്ധിച്ചുവരുന്ന ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നും ഉപോല്പന്നമായി കിട്ടുന്ന ജൈവവളം വളരെയേറെ ഗുണമൂല്യമുള്ളതാണ്. അതുപോലെതന്നെ നമ്മുടെ ജലാശയങ്ങളിലും വയലുകളിലുമൊക്കെ ഒരു മാരകമായ വിനയായി തീര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ പായല്‍, കുളവാഴ എന്നീ കളസസ്യങ്ങളെ ബയോഗ്യാസ് പ്ലാന്റുകളില്‍ ഉപയോഗിച്ച് ലഭിക്കുന്ന വിത്തുകളില്ലാത്ത ജൈവവളം അവയുടെ ശല്യം കുറക്കുന്നതിനും സഹായിക്കും. മനുഷ്യവിസര്‍ജ്യവും ബയോഗ്യാസ് പ്ലാന്റുകളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
മണ്ണിന്റെ ജീവന്‍ നിലനിറുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ജൈവാംശം നല്‍കുന്ന ജൈവവളങ്ങളുടെ ഉല്പാദനവും ഉപയോഗവും പരമാവധി ശ്രദ്ധിക്കുന്നതില്‍ കേരളത്തിലെ പ്രബുദ്ധരായ കര്‍ഷകര്‍ കാര്യമായ ശ്രദ്ധ പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു.