തിയോഡോര്‍ ദെ സാസ്സെറെ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ ദീര്‍ഘകാലത്തെ പരീക്ഷണങ്ങളില്‍ നിന്നാണു സസ്യങ്ങള്‍ ഓക്സിജന്‍ ഉള്‍ക്കൊള്ളുകയും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തേയ്ക്ക് വിടുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയത്. അതോടൊപ്പം സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജനെ പുറംതള്ളുകയും ചെയ്യുന്നുവെന്നും കണ്ടു. സസ്യങ്ങളിലെ സുപ്രധാനങ്ങളായ രണ്ട് ശരീരധര്‍മ്മപ്രക്രിയകളാണിവയെന്നു പില്‍ക്കാല ഗവേഷണങ്ങള്‍ തെളിയിച്ചു. (ആദ്യത്തേത് പ്രഭാകലനവും രണ്ടാമത്തേതു ശ്വസനവുമത്രെ). തുടര്‍ന്ന് സാസ്സെറെ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും നൈട്രജനും ചാരവുമാണ് സസ്യപോഷണത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്നു കണ്ടെത്തി. കൂടാതെ ഇവ മണ്ണില്‍നിന്നും വേരുകള്‍ വഴിയാണ് സസ്യങ്ങള്‍ വലിച്ചെടുക്കുന്നതു എന്നും തെളിഞ്ഞു. ഈ പോഷകദ്രവ്യങ്ങളുടെ ലായകമാധ്യമമായിട്ടാണു ജലം വര്‍ത്തിക്കുന്നതെന്ന അറിവും ഇതോടൊപ്പം ലഭിച്ചു. വേരുവഴിയുള്ള പോഷക ആഗിരണപ്രക്രിയയുടെ തോതു മണ്ണിന്റെ സ്വഭാവവും സസ്യത്തിന്റെ വളര്‍ച്ചാദശയും അനുസരിച്ച് വ്യത്യാസപ്പെടുമെന്നും സാസ്സെറെ തെളിയിച്ചു.
ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജീന്‍ ബാപ്റ്റിസ്റ്റെ (1802-1882) ആണ് ആദ്യമായി സസ്യപോഷണ പരീക്ഷണങ്ങള്‍ കൃഷിയിടങ്ങളിലെ മണ്ണില്‍ നേരിട്ട് നടത്തിത്തുടങ്ങിയത്. സസ്യവളര്‍ച്ചയുടെ ആരംഭം മുതല്‍ മണ്ണില്‍ച്ചേര്‍ത്ത സസ്യപോഷണവസ്തുക്കളുടെ തൂക്കവും ഒടുവില്‍ ധാന്യവും വയ്ക്കോലും ഉള്‍പ്പെടെ വിളയില്‍നിന്നും തിരികെ ലഭിച്ച ഉല്പന്നങ്ങളുടെ (മൊത്തം സസ്യം) കൃത്യമായ തൂക്കവും രേഖപ്പെടുത്തി കൂട്ടിക്കിഴിക്കലുകള്‍ നടത്തി കൃഷിയുടെ 'ബാനല്‍ ഷീറ്റ്' തയ്യാറാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഇത് കൃഷിയിലെ 'ഊര്‍ജചക്ര' പഠനങ്ങളുടെ ഹരീശ്രീയായി പരിഗമിക്കപ്പെടുന്നു. മേല്‍പ്പറഞ്ഞ പരീക്ഷണങ്ങളില്‍നിന്നും സസ്യവളര്‍ച്ചയിലൂടെ വിളവിനുണ്ടാകുന്ന 'കണക്കില്‍പ്പെടാത്ത തൂക്കം' എത്രയെന്ന് ക്ലിപ്തമായി കണ്ടെത്താന്‍ കഴിഞ്ഞു. പക്ഷെ ഇത് സസ്യത്തിന് വളമായി നല്‍കിയ വസ്തുക്കളുടെ തൂക്കത്തേക്കാള്‍ വളരെക്കൂടുതലായി കാണുന്നതിന് കാരണമെന്താണെന്ന് കൃത്യമായി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
1803-നും 1873-നും ഇടയില്‍ ജീവിച്ചിരുന്ന വിഖ്യാതനായ ജര്‍മ്മന്‍ രസതന്ത്രജ്ഞനായിരുന്നു ജസ്റ്റസ് വോണ്‍ ലീബിഗ്. കാര്‍ഷിക രസതന്ത്രത്തിന്റെ അടിസ്ഥാനശില്പിയായി ലീബിഗിനെ വാഴ്ത്താറുണ്ട്. സസ്യപോഷണത്തെക്കുറിച്ച് അന്നുണ്ടായിരുന്ന പല ധാരണകളും തിരുത്തിക്കുറിക്കാന്‍ ലീബിഗിന്റെ പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞു. സസ്യങ്ങളുടെ വളര്‍ച്ചയില്‍ മണ്ണിനും വായുവിനും മറ്റ് പരിസ്ഥിതി ഘടകങ്ങള്‍ക്കുമുള്ള സുവ്യക്തമായ പങ്കിനെക്കുറിച്ച് ലീബിഗ് മുന്നോട്ടുവെച്ച ആശയങ്ങള്‍ ഇവയായിരുന്നു.
- സസ്യത്തിലെ കാര്‍ബണ്‍ എന്ന മൂലകത്തിന്റെ മുഖ്യപങ്കും അന്തരീക്ഷവായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍നിന്നാണ് ലഭിക്കുന്നത്.
- ഹൈഡ്രജനും ഓക്സിജനും സസ്യങ്ങള്‍ക്ക് ലഭിക്കുന്നത് ജലത്തില്‍നിന്നാണ്.
- ക്ഷാരലോഹങ്ങള്‍ സസ്യത്തില്‍ത്തന്നെ ഉല്പാദിപ്പിക്കപ്പെടുകയും അത് സസ്യകോശങ്ങളിലുണ്ടാകുന്ന അമ്ലതയെ നിര്‍വ്വീര്യമാക്കുകയും ചെയ്യുന്നു.
- വിത്തുല്പാദിപ്പിക്കുന്നതിന് സസ്യങ്ങള്‍ക്കു ഫോസ്‌ഫറസ് എന്ന മൂലകം അത്യന്താപേക്ഷിതമാണ്.
- സസ്യങ്ങള്‍ മണ്ണില്‍നിന്നും വിവേചനരഹിതമായി മൂലകങ്ങള്‍ ആഗിരണം ചെയ്യുകയും ആവശ്യമില്ലാത്തതിനെ വിസര്‍ജിക്കുകയും ചെയ്യുന്നു.
മേല്പറഞ്ഞ നിഗമനങ്ങളെല്ലാം പൂര്‍ണമായി ശരിയല്ലെങ്കിലും സസ്യപോഷണത്തെപ്പറ്റി അന്നുവരെ ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും ഇല്ലാതാക്കാന്‍ അവ സഹായിച്ചു. 1862-ല്‍ ലീബിഗ് നിര്‍ദ്ദേശിച്ച 'നിമ്നതമനിയമം' (Law of Minimum) കൃഷിയില്‍ ലാഭകരമായ രാസവളപ്രയോഗത്തിനു വഴിതെളിച്ചു. ഈ നിയമമനുസരിച്ച് ഒരു സസ്യത്തിനാവശ്യമായ ഉല്പാദനക്ഷമതയെ സുനിശ്ചിതമായി പരിമിതപ്പെടുത്തുന്ന ഏകഘടകം ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം കാണപ്പെടുന്ന മൂലകമായിരിക്കും. സമീകൃത വളപ്രയോഗത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നത് ഈ നിയമങ്ങളാണ്. വശങ്ങളില്‍ ചെറു സുഷിരങ്ങളുള്ള ഒരു പാത്രത്തില്‍ നിറയെ വെള്ളം എടുത്തുവച്ചിരുന്നാല്‍ ആ സുഷിരങ്ഹളിലെല്ലാംകൂടി വെള്ളം പുറത്തേയ്ക്ക് ചീറ്റിക്കൊണ്ടിരിക്കുമല്ലോ. പക്ഷേ, ഒടുവില്‍ പാത്രത്തിലെ വെള്ളത്തിന്റെ അവശേഷനിരപ്പ് നിശ്ചയിക്കുന്നത് ഏറ്റവും താഴത്തെ തലത്തിലുള്ള സുഷിരമായിരിക്കും. വിളയുടെ ഉല്പാദനക്ഷമത ആത്യന്തികമായി നിശ്ചയിക്കപ്പെടുന്നതു മണ്ണില്‍ ഏറ്റവും കുറഞ്ഞ അളവില്‍ അടങ്ങിയിട്ടുള്ള പോഷകമൂലകത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നാണ് 'നിമ്നതമ നിയമം' കൊണ്ട് നാം ഉദ്ദേശിക്കുന്നത്. ജൈവകൃഷിയില്‍ ഈ നിയമത്തിന് പരമപ്രാധാന്യമുണ്ട്. ജൈവവളങ്ങളില്‍ എപ്പോഴും നൈട്രജന്റെ അംശമാണ് മുന്നിട്ട് നില്ക്കുന്നത് എന്നതിനാല്‍ തുടര്‍ച്ചയായ ജൈവവളപ്രയോഗംകൊണ്ട് മണ്ണിലെ നൈട്രജന്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും തത്തുല്യമായി മറ്ര് പോഷകമൂലകങ്ങള്‍ വര്‍ദ്ധിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിത്തീരും. അപ്പോള്‍ കൂടുതല്‍ ഫോസ്‌ഫറസും പൊട്ടാഷും വേണ്ടതായ വിളകളെ സംബന്ധിച്ചിടത്തോളം ഉല്പാദനക്ഷമതയ്ക്ക് പരിമിതി ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. എല്ലുപൊടിയും ചാരവും പോലുള്ള വളങ്ങള്‍ ൯ചാരം ഒരു ജൈവവസ്തുവല്ലാത്തതിനാല്‍ - കാരണം, അതില്‍ കാര്‍ബണ്‍ ഉണ്ടായിരിക്കില്ല - ഇവയെ ജൈവവളമായി കമക്കാക്കാന്‍ പറ്റില്ല) സമൃദ്ധമായി ചേര്‍ത്തു കൊടുത്താലേ ജൈവകൃഷി വിജയിപ്പിക്കാനാകൂ എന്ന വസ്തുതയെ ലീബിഗിന്റെ 'നിമ്നതമ നിയമം' സാധൂകരിക്കുന്നു.
അടുത്തഭാഗം - രാസവളങ്ങളുടെ അരങ്ങേറ്റം
No comments:
Post a Comment