ബ്ലോഗില്‍ തെരയുക

Monday, August 24, 2009

മണ്ണിലെ ജൈവാംശം ഫലപുഷ്ടിയുടെ ഉറവിടം

മനുഷ്യനുള്‍‌പ്പെടെ ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും നിലനില്‍പ്പ് ഭൂമിയുടെ ബാഹ്യാവരണത്തിലെ ഒരു നേരിയ പടലമായ മേല്‍മണ്ണിനെ ആശ്രയിച്ചാണിരിക്കുന്നത്. ജീവചക്രത്തിന്റെ ഗതി നിയന്ത്രിക്കുന്ന ഈ ഘടകം ഒരു നിര്‍ജ്ജീവ വസ്തു ആണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അതുകൊണ്ടാവണം സംസ്കൃതത്തില്‍ 'മൃത്തിക' എന്നു വിളിക്കുന്നത്. എന്നാല്‍ ജനനവും, ജീവിതവും, എന്തിനേറെ മരണവുമുള്ള സമ്പൂര്‍ണ ജൈവ വ്യൂഹമാണ് മണ്ണ് എന്നത്രെ ശാസ്ത്രമതം.
ഖര - ദ്രവ - വാതകങ്ങളടങ്ങിയ ഒരു ത്രിമാന സ്ഥിതിയാണ് മണ്ണിനുള്ളത്. ഇതിനു പുറമേ കണക്കറ്റ സൂഷ്മ ജീവികളുടെ സാന്നിധ്യം ഈ ത്രിമാന സ്ഥിതിയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഖര പദാര്‍ത്ഥങ്ങളില്‍ ഏറെയും ധാതു പദാര്‍ത്ഥങ്ങളാണ്. വ്യാപ്താടിസ്ഥാനത്തില്‍ ജൈവ പദാര്‍ത്ഥങ്ങള്‍ അഞ്ച് ശതമാനത്തില്‍ കുറവേ കാണുകയുള്ളു. എന്നിരുന്നാലും ഈ ജൈവ ഘടകമാണ് മണ്ണിന്റെ ജീവന്‍. സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങളും, നഗ്ന നേത്രങ്ങള്‍കേൊണ്ട് കാണുവാന്‍ കഴിയാത്ത കോടിക്കണക്കിന് സൂഷ്മ ജീവികളും ചേര്‍ന്നതാണ് മണ്ണിലെ ജൈവ ഘടകം. ഇതിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ഭൂതലാവരണത്തില്‍ നാമ്പുകള്‍ കിളിര്‍ക്കുകയും വളരുകയും ഉള്ളു.
മണ്ണിലെ ജീവാംശം പൊടുന്നനെ രൂപീകരിക്കപ്പെട്ടതല്ല. ഭൂമി അതിന്റെ ഊഷരാവസ്ഥയില്‍നിന്നും യുഗങ്ങളിലൂടെ പരിണമിച്ച് ഒരു ജൈവ പരിസ്ഥിതി വ്യൂഹമായി മാറിയത് ഒട്ടനവധി ഭൗതിക - രാസ - ജൈവ പ്രക്രിയകളിലൂടെയാണ്. ഒരിഞ്ച് മേല്‍മണ്ണുണ്ടാകുവാന്‍ പ്രകൃതിയുടെ പരീക്ഷണശാലയില്‍ ഒരായിരത്തിലേറെ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. വനപ്രദേശങ്ങളിലൊഴികെ ഫലപുഷ്ടിയുള്ള മേല്‍മണ്ണ് ഭൂതലാവരണത്തില്‍ ഒന്നോ രണ്ടോ അടി താഴ്ചയിലധികം സാധാരണ കാണാറില്ല. എന്നാല്‍ വനപ്രദേശങ്ങളില്‍‌പ്പോലും കടുത്ത വനനശീകരണവും, ഔചിത്യ രഹിതമായ കൃഷിരീതികളും വഴി ഈ മേല്‍‌മണ്ണിന്റെ കനം ഏതാനും സെന്രീമീറ്ററുകള്‍ മാത്രമായി ചുരുങ്ങിവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വനമണ്ണിന്റെ കടുത്ത തവിട്ടുനിറം തന്നെ അതിന്റെ ജൈവാംശത്തെയാണ് പ്രകടമാക്കുന്നത്. എന്നാല്‍ വന നശീകരണം നടന്നശേഷം മണ്ണില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ഈ ജൈവാംശം ഓക്സീകരിക്കപ്പെടുകയും തന്മൂലം തവിട്ടുനിറം മാറി ചുവന്ന മണ്ണായിത്തീരുകയും ചെയ്യുന്നു. വയലിലെ കറുത്ത ചെളി ഉപയോഗിച്ചുണ്ടാക്കുന്ന ഇഷ്ടിക, ചുട്ടെടുക്കുമ്പോള്‍ ചുവന്ന ഇഷ്ടികയായി മാറുന്നു. അതേ പ്രക്രിയ തന്നെയാണ് വന നശീകരണം മൂലം മണ്ണിലും സംഭവിക്കുന്നത്.
സസ്യങ്ങളാണ് മണ്ണിലെ ജൈവാംശത്തിന്റെ പ്രധാന ഉറവിടം അവയുടെ വേരുകളും മറ്റ് ഭാഗങ്ങളും ആണ്ടോടാണ്ട് മണ്ണില്‍ അഴുകിച്ചേരുന്നു. സൂഷ്മജീവികളുടെ പ്രവര്‍ത്തനഫലമായി അവ വിഘടിക്കപ്പെടുകയും മേല്‍ നിരകളില്‍നിന്ന് കീഴ്നിരകളിലേയ്ക്ക് വാര്‍ച്ച ജലത്തോടൊപ്പം ആവഹിക്കപ്പെടുകയും ചെയ്യുന്നു.
ജന്തുക്കള്‍ വഴിയും നല്ലൊരു പങ്ക് ജൈവാംശം മണ്ണില്‍ ചേര്‍ക്കപ്പെടുന്നു. അവയുടെ വിസര്‍ജ്യ വസ്തുക്കളിലൂടെയാണ് ജൈവാംശത്തിന്റെ മുഖ്യഭാഗവും മണ്ണിലെത്തുന്നത്. മണ്ണിര, ഉറുമ്പ് തുടങ്ങിയ ചെറു ജീവികളും ജൈവാംശത്തെ മണ്ണിലെ വിവിധ നിരകളിലേയ്ക്കെത്തിക്കുവാന്‍ സഹായിക്കുന്നുണ്ട്.
സസ്യകലകളുടെ രാസസ്വഭാവം വളരെ സങ്കീര്‍ണമാണ്. അതിനാല്‍ അവയുടെ സാന്നിധ്യം മണ്ണില്‍ വളരെയധികം വൈവിധ്യമേറിയ പ്രക്രിയകള്‍ക്കിടയാക്കുന്നു. സസ്യാവശിഷ്ടങ്ങള്‍ മണ്ണില്‍ ചെരുമ്പോള്‍ സൂഷ്മജീവികളുടെ എണ്ണം വളരെവേഗത്തില്‍ പെരുകുകയും അവയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായിത്തീരുകയും ചെയ്യുന്നു. ഇതിനു കാരണം അവയിലടങ്ങിയിട്ടുള്ള കാര്‍ബണിന്റെ ലഭ്യതയാണ്. ജൈവാംശത്തിലടങ്ങിയിട്ടുള്ള പഞ്ചസാരക, പ്രോട്ടീനുകള്‍, കൊഴുപ്പുകള്‍ എന്നിവയുടെ ഓക്സീകരണം വഴിയാണ് സൂഷ്മജീവികള്‍ ഊര്‍ജ്ജം സമ്പാദിക്കുന്നത്. സൂഷ്മജീവികളുടെ പ്രവര്‍ത്തനം വഴി എളുപ്പത്തില്‍ വിഘടിക്കപ്പെടുന്ന ജൈവാംശഘടകങ്ങള്‍ അവയുടെ ഊര്‍ജ്ജാവശ്യത്തിന് ഉപയോഗപ്പെടുത്തുകയും സാവധാനം വിഘടിക്കുന്നവയും തീരെ വിഘടിക്കാത്തവയുമായ ഭാഗങ്ങള്‍ ചേര്‍ന്ന് മണ്ണിലെ ജൈവാംശശേഖരമായ ക്ലേഭം അഥവാ 'ഹ്യൂമസ്സ്' ആയിത്തീരുകയും ചെയ്യുന്നു.ലിഗ്നിന്‍, കൌഴുപ്പുകള്‍, അരക്കുകള്‍, സെല്ലുലോസ്, ഹെവിസെല്ലുലോസ് എന്നീ യൗഗികങ്ങളാണ് മുഖ്യമായും ക്ലേഭത്തില്‍ അടങ്ങിയിരിക്കുന്നത്.
മണ്ണിന്റെ ഫലബൂയിഷ്ടതയെ നിയന്ത്രിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്ന ഒന്നത്രെ മണ്ണിലെ ജൈവാംശം. കടലോരത്തെ മണലില്‍ ജൈവാംശത്തിന്റെ അളവ് തീരെ കുറഞ്ഞിരിക്കുന്നു. വനമണ്ണുകളിലും, കുട്ടനാട് പോലെയുള്ള ജലനിമഗമായ പ്രദേശങ്ങളിലെ കരിനിലങ്ങളിലും, ജൈവാംശത്തിന്റെ തോത് താരതമ്യേന ഉയര്‍ന്നിരിക്കുന്നു. മണ്ണിലെ ജലസംഭരണശേഷി, ഘടന, പോഷകമൂല്യങ്ങള്‍ ഉള്‍‌ക്കൊള്ളുവാനുള്ള കഴിവ് എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നതിന് ജൈവാശം കൂടിയേ തീരൂ. ഇതിന് പുറമേ ഇരുമ്പ്, സല്‍ഫര്‍, ഫോസ്ഫറസ് മറ്റ് സൂഷ്മ മൂലകങ്ങള്‍ എന്നിവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ജൈവാംശം സഹായിക്കും. നമ്മുടെ മണ്ണുകളിലെ ലഭ്യമായ ചെളിധാതു കയോളിനൈറ്റ് ആണ്. ഇവയുടെ പോഷകമൂള്യ സംഭരണശേഷി തുലോം കുറവാണ്. അതിനാല്‍ ഇത്തരം മണ്ണുകളില്‍ ചേര്‍ക്കുന്ന രാസവളങ്ങളില്‍ ഏറിയ പങ്കും വാര്‍ച്ച ജലത്തോടൊപ്പം മണ്ണില്‍നിന്നും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ലേയത്വം കൂടിയ നൈട്രജന്‍ വളങ്ങളും, പൊട്ടാഷ് വളങ്ങളും ജൈവാംശം കുറഞ്ഞ മണ്ണുകളില്‍ ചേര്‍ക്കുമ്പോള്‍ അതിലെ സിംഹഭാഗവും സസ്യങ്ങള്‍ക്ക് കിട്ടാത്ത അവസ്ഥയാണ് ഉണ്ടാവുക. ഇതിനെ സംബന്ധിച്ച് നടത്തിയ പഠനങ്ങളില്‍ നിന്നും നൈട്രജന്‍ വളങ്ങളുടെ 60 മുതല്‍ 75 ശതമാനം വരെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും നഷ്ടപ്പെടുന്നതായി തെളിഞ്ഞിട്ടുണ്ട്. പൊട്ടാഷ് വളങ്ങളുടെ നഷ്ടവും ഏതാണ്ട് ഇതിനോടടുത്ത് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ജൈവാംശം അധികമുള്ള മണ്ണുകളില്‍ ഇത്തരത്തിലുള്ള വളനഷ്ടം വളരെയേറെ കുറഞ്ഞിരിക്കുന്നുവെന്നും പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ രാസവളങ്ങളുടെ പ്രയോഗക്ഷമത വര്‍ദ്ധിക്കുന്നതിന് ജൈവാംശം ഒരവശ്യഘടകമാണെന്ന് പറയേണ്ടതില്ലല്ലോ.
ഇരുമ്പ്, അലുമിനിയം സംയുക്തങ്ങള്‍ അധികരിച്ചിട്ടുള്ളതും അമ്ലതയേറിയതുമായ കേരളത്തിലെ മുഖ്യ മണ്ണിനങ്ങളിലെല്ലാം ഫോസ്ഫറസ് വളങ്ങള്‍ കാര്യമായ പ്രയോജനം നല്‍കുന്നില്ലായെന്നും പരീക്ഷണങ്ങളില്‍നിന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ജൈവാംശം അധികമുള്ള മണ്ണുകളില്‍ ഫോസ്ഫറസ് വളങ്ങളുടെ പ്രയോഗക്ഷമത കാര്യമായി മെച്ചപ്പെടുമെന്ന് പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു.
മണ്ണില്‍സ്വതവേ കാണുന്ന ജൈവാംശം നഷ്ടപ്പെടുന്നത് സൂര്യതാപവും, സൂഷ്മജീവികളുടെ പ്രവര്‍ത്തനഫലവും കാരണമാണെന്ന് മുന്‍പ് പ്രസ്താവിച്ചുവല്ലോ. അതിനാല്‍ കൃഷിയിടങ്ങളില്‍ അധികരിച്ച് നടത്തപ്പെടുന്ന വെട്ടും, കിളയും, ഉഴവും കാരണം ജൈവാംശം പെട്ടെന്ന് നഷ്ടപ്പെടുവാനിടയാകുന്നു. ഇതുകാരണമാണ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ അത്യാവശ്യത്തിനുമാത്രം ഉഴവ് നടത്തുക എന്ന സമ്പ്രദായത്തിന് ഈയിടെയായി പ്രചാരം സിദ്ധിച്ചുവരുന്നത്.
മണ്ണിലെ ജൈവാംശം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം ജൈവവളങ്ങള്‍ ചേര്‍ത്ത് കൃഷി നടത്തുക എന്നതാണ്. കാലിവളം, കമ്പോസ്റ്റ്, പച്ചിലവളം, മീന്‍വളം, എല്ലുപൊടി എന്നിവയെല്ലാം ജൈവവളങ്ങളുടെ കൂട്ടത്തില്‍ ഉള്‍‌പ്പെടുന്നു. സസ്യാവശിഷ്ടങ്ങളില്‍നിന്നും ലഭിക്കുന്ന ജൈവവളത്തില്‍ സസ്യങ്ങള്‍ക്കാവശ്യമായ എല്ലാ മൂലകങ്ങളും അടങ്ങിയിരിക്കുമ്പോള്‍ രാസവളങ്ങളില്‍ ഏതാനും ചില മൂലകങ്ങള്‍ മാത്രമേ അടങ്ങിയിട്ടുള്ളു എന്ന കാര്യം വിസ്മരിക്കരുത്. കൃഷിയിടങ്ങളുടെ വിസ്തൃതി വര്‍ദ്ധിക്കുകയും ഒരുപ്പൂ നിലങ്ങള്‍ ഇരുപ്പൂ നിലങ്ങളാകുകയും ചെയ്തതോടെ ജൈവവളങ്ങള്‍ ഇന്ന് സുലഭമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. അതോടൊപ്പം കാലിവളത്തിന്റെയും, തോലിന്റെയും വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരമൊരു ചുറ്റുപാടില്‍ ജൈവ വളങ്ങളുടെ സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആരംഭിച്ചേ തീരൂ. കിട്ടാവുന്ന എല്ലാ സസ്യങ്ങളെയും, ജൈവാവശിഷ്ടങ്ങളെയും ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മ്മിക്കുക എന്നതാണ് ഇക്കാര്യത്തിലവലംബിക്കാവുന്ന ഫലപ്രദമായ മാര്‍ഗ്ഗം. ഓരോ കൃഷിയിടത്തോടുമൊപ്പം ഇത്തരം കൂട്ടുവളനിര്‍മ്മാണത്തിനുള്ള ഏര്‍പ്പാടുകളുണ്ടാക്കുകയും തരിസു നിലങ്ങളിലും വേലിയരികിലും പച്ചില വളച്ചെടികള്‍ നട്ടുവളര്‍ത്തുകയും ചെയ്യുവാന്‍ നമ്മുടെ കര്‍ഷകര്‍ ശ്രമിക്കുന്ന പക്ഷം ജൈവവളക്ഷാമം വലിയൊരളവുവരെ പരിഹരിക്കാന്‍ കഴിയും.
കുറെ നാളുകളായി പ്രചാരം സിദ്ധിച്ചുവരുന്ന ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നും ഉപോല്പന്നമായി കിട്ടുന്ന ജൈവവളം വളരെയേറെ ഗുണമൂല്യമുള്ളതാണ്. അതുപോലെതന്നെ നമ്മുടെ ജലാശയങ്ങളിലും വയലുകളിലുമൊക്കെ ഒരു മാരകമായ വിനയായി തീര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ പായല്‍, കുളവാഴ എന്നീ കളസസ്യങ്ങളെ ബയോഗ്യാസ് പ്ലാന്റുകളില്‍ ഉപയോഗിച്ച് ലഭിക്കുന്ന വിത്തുകളില്ലാത്ത ജൈവവളം അവയുടെ ശല്യം കുറക്കുന്നതിനും സഹായിക്കും. മനുഷ്യവിസര്‍ജ്യവും ബയോഗ്യാസ് പ്ലാന്റുകളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
മണ്ണിന്റെ ജീവന്‍ നിലനിറുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ജൈവാംശം നല്‍കുന്ന ജൈവവളങ്ങളുടെ ഉല്പാദനവും ഉപയോഗവും പരമാവധി ശ്രദ്ധിക്കുന്നതില്‍ കേരളത്തിലെ പ്രബുദ്ധരായ കര്‍ഷകര്‍ കാര്യമായ ശ്രദ്ധ പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Friday, July 31, 2009

ആസിയാന്‍ കരാറിന്റെ ചതിക്കുഴികള്‍

കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് കാരണം കാലാവസ്ഥ വ്യതിയാനമോ വരള്‍ച്ചയോ വെള്ളപ്പൊക്കമോ കീട - രോഗ ശല്യമോ കാരണമുണ്ടായ കൃഷിനാശം മൂലമല്ലെന്നും കഴിഞ്ഞ ഒന്നരദശകത്തിലേറെയായി ഇന്ത്യന്‍ ഭരണനേതൃത്വം അനുവര്‍ത്തിച്ചുവരുന്ന നവലിബറല്‍ നയങ്ങള്‍മൂലമാണെന്നും സോണിയാഗാന്ധിയും, മന്‍മോഹന്‍സിങ്ങും, മൊണ്ടേക്‌സിങ്ങ് അലുവാലിയയും, പി. ചിതംബരവും, ശരത്പവാറും സമ്മതിച്ചുതരില്ല. ആഗോളമാന്ദ്യത്തിന്റെ മുന്നിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വലിയ കുറവുണ്ടായില്ല എന്ന് വീമ്പിളക്കുന്ന അവര്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ കേവലം രണ്ടുശതമാനത്തില്‍ താഴെമാത്രമായിരുന്നുവെന്നത് സമ്മതിക്കുമോ? രണ്ടായിരാമാണ്ടുകളുടെ ആദ്യവര്‍ഷത്തില്‍ അരങ്ങേറിയ ലക്ഷക്കണക്കിന് കര്‍ഷക ആത്മഹത്യകളുടെ ആവര്‍ത്തനം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആസിയാന്‍ കരാര്‍ നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയിലുണ്ടാകുമെന്നു് ഉറപ്പാണ്. ഇതിന്റെ ഏറ്റവും വലിയ ആഘാതം നേരിടേണ്ടിവരിക കേരളത്തിലെ മലയോര കര്‍ഷകരും തീരദേശത്തെ മത്സ്യ തൊഴിലാളികളും കയര്‍ - കൈത്തറി - കശുവണ്ടി തുടങ്ങിയ പരമ്പരാഗത മേഖലയിലെ തൊഴിലാളികളുമായിരിക്കും. ഈ പശ്ചാത്തലത്തില്‍ ഉദാരവല്‍ക്കരണത്തിന്റെ പാത സ്വീകരിച്ചശേഷം ഇന്ത്യ നടപ്പാക്കിയതും നടപ്പാക്കാന്‍ പോകുന്നതുമായ സ്വതന്ത്ര വ്യാപാര കരാറുകളുടെ നിജസ്ഥിതി പരിശോധിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.

ആസിയാന്‍ കരാറിന്റെ യഥാര്‍ത്ഥ ചിത്രം രാജ്യത്തിനും ജനങ്ങള്‍ക്കും മുമ്പില്‍ വെളിപ്പെടുത്താന്‍
പ്രധാനമന്ത്രിയും കേരളനേതാക്കളും കൂട്ടാക്കാതിരിക്കുന്നത് ബോധപൂര്‍വ്വമാണ്. ഇന്ത്യ ഈ കരാറിന് അന്തിമ തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു എന്നതാണ് വസ്തുത, പൂര്‍ണ കീഴടങ്ങലിലാണ് ഇന്ത്യ. ഇനി ഈ കരാറില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഒരു സാധ്യതയും കാണുന്നില്ല. അടുത്ത ദോഹ ഉച്ചകോടിയില്‍ ഇന്ത്യ സ്വീകരിക്കാന്‍ പോകുന്ന നയ സമീപനങ്ങളുടെ നാന്ദികൂടിയാണ് ഈ കരാര്‍.

1994 ഏപ്രില്‍ 16 ന്‌ ഒപ്പുവെച്ച ഗാട്ട്കരാര്‍ പകാരം 1995 ജനുവരി ഒന്നിന്‌ നിലവില്‍ വന്ന ലോകവ്യാപാരസംഘടനയില്‍ ഇന്ത്യ അംഗമായിചേര്‍ന്നത്‌ വേണ്ടത്ര ഗൃഹപാഠമോ മുന്‍കരുതലുകളോ നടത്താതെയായിരുന്നു. ഏറെ സാമ്പത്തികവളര്‍ച്ച നേടിയ ചൈന നീണ്ട 15 വര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ്‌ ഡബ്ല്യു ടി ഒയില്‍ അംഗമായത്‌. റഷ്യ യാകട്ടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന്‌ ശേഷമാണ്‌ ഡബ്ല്യു ടി ഒയില്‍ പ്രവേശനം നേടിയത്‌. അപക്വമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ആരെയും പിന്നിലാക്കുന്ന നമ്മുടെ കേന്ദ്രനേതൃത്വം കക്ഷിഭേദമെന്യേ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും വലയില്‍ വീണതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.

ജനീവയിലും സിയാറ്റിലിലും ദോഹയിലും കാന്‍കൂണിലും ഹോങ്കോങ്ങിലും നടന്ന ലോകവ്യാപാരചര്‍ച്ചകളില്‍ വാണിജ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വലിയ പടയൊരുക്കത്തോടെ പങ്കെടുത്തിട്ടും ഇന്ത്യയിലെ കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടെയും മത്സ്യത്തൊഴിലാളികളുടെയും കൈത്തറി മേഖലയുടെയും താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ അമ്പേ പരാജയപ്പെടുകയാണുണ്ടായത്‌. ദോഹവട്ടചര്‍ച്ച തന്നെ അവതാളത്തിലാകുമെന്ന ആശങ്കയാണ്‌ ഇന്ന്‌ നിലനില്‍ക്കുന്നത്‌. നാളിതുവരെയുള്ള അനുഭവം പരിഗണിച്ചാല്‍ ലോകവ്യാപാര കരാര്‍ നടപ്പാക്കിയതുവഴി ഇന്ത്യയിലെ കുറെ ആയിരം "സൈബര്‍ കൂലികള്‍ക്ക്‌ അമേരിക്കയിലും യൂറോപ്പിലും കരാര്‍ പണിക്ക്‌ അവസരം ലഭിച്ചുവെന്നതിലുപരി എന്ത്‌ നേട്ടമാണ്‌ നമ്മുടെ കാര്‍ഷിക വ്യവസായ ആരോഗ്യമേഖലകളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതെന്ന് ഇന്ത്യന്‍ ഭരണ കൂടം വ്യക്തമാക്കേണ്ടതല്ലേ? ഇന്ന്‌ അവരുടെ കാര്യവും കഷ്‌ടത്തിലാണ്‌. ഇക്കാലയളവില്‍ ഇന്ത്യന്‍ വിപണിയും ഷെയര്‍ മേഖലയും ഇന്‍ഷുറന്‍സ്‌, ബാങ്കിംഗ്‌ തുടങ്ങിയ മറ്റു സാമ്പത്തിക മേഖലകളിലും വിദേശ നിക്ഷേപകര്‍ക്ക്‌ പച്ചപ്പരവതാനി വിരിക്കുവാനല്ലേ നമ്മുടെ ഭരണകര്‍ത്താക്കള്‍ ശ്രമിച്ചുപോന്നത്‌. നിനച്ചിരിക്കാതെ ലോക മുതലാളിത്തത്തെ ഗ്രസിച്ച ആഗോളസാമ്പത്തിക മാന്യം വന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ ബഹുസഹസ്രം സാധാരണക്കാരുടെ ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നുവെന്ന്‌ ഊഹിക്കാന്‍ പോലും സാധ്യമല്ല.

ബഹുതലവ്യാപാരക്കരാറിന്റെ പ്രത്യാഘാതങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കെയാണ് വേണ്ടത്ര വീണ്ടുവിചാരമില്ലാതെ ഉഭയകക്ഷി കരാറുകളിലും പ്രാദേശിക സ്വതന്ത്രവ്യാപാരക്കരാറുകളിലും ഇന്ത്യാ മഹാരാജ്യം വീഴുന്നത്. 1998 ഡിസംബര്‍ 28 ന്‌ ഒപ്പുവെച്ചതും 2000 മാര്‍ച്ച്‌ ഒന്നു മുതല്‍ നിലവില്‍ വന്നതുമായ ഇന്ത്യ ̨ ശ്രീലങ്കകരാറാണ്‌ ആദ്യത്തെ പ്രധാന ഉഭയകക്ഷിക്കരാര്‍. തുടര്‍ന്ന്‌ 2002 മാര്‍ച്ചില്‍ ഇന്ത്യ ̨ നേപ്പാള്‍ കരാര്‍ നിലവില്‍ വന്നു. മൗറീഷ്യസ്‌, മലേഷ്യ, തായ്‌ലന്റ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യ ഒപ്പുവെക്കുകയുണ്ടായി. എന്നാല്‍ ഈ കരാറുകളെക്കാളെല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ്‌ സ്വതന്ത്രവ്യാപാരമേഖലകളെ സംബന്ധിച്ചുള്ള ബഹുകക്ഷിക്കരാറുകള്‍.

2006 ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്ന ദക്ഷിണേന്ത്യന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ (സാഫ്‌ത്ത) സാര്‍ക്ക്‌ രാജ്യങ്ങള്‍ തമ്മിലുള്ള വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഉടമ്പടിയാണ്. 1995 ല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ്‌ എന്നിവ ചേര്‍ന്ന്‌ പരസ്‌പര സഹകരണത്തിനായി രൂപീകരിച്ച സഖ്യമാണ്‌ സാര്‍ക്ക്‌ എന്നറിയപ്പെടുന്നത്‌. 2004 ല്‍ ഇസ്ലാമാബാദില്‍ ഒപ്പുവെച്ച സാഫ്‌ത്ത കരാര്‍ ഇപ്പോള്‍ പ്രയോഗത്തിലാണ്‌. സാര്‍ക്ക്‌ രാജ്യങ്ങളെ തീരെ അവികസിതമെന്നും അവികിസതമല്ലാത്തവയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്‌. ഇന്ത്യാ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവ അവികസിതമല്ലാത്ത ഗണത്തിലും ഭൂട്ടാന്‍, മാലിദ്വീപ്‌, നേപ്പാള്‍, ബംഗ്ലാദേശ്‌ എന്നിവ തീരെ അവികസിതം എന്നുമാണ്‌ ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്രവ്യാപാരം മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ തമ്മില്‍ നടപ്പാക്കുന്നതിനുള്ള നിബന്ധനകളും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അന്നത്തെ കരാര്‍ അനുസരിച്ച് രണ്ട്‌ വര്‍ഷത്തിനുള്ളില്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവ വിവിധ ഉത്‌പനങ്ങളുടെ ഇറക്കുമതിച്ചുങ്കം 20 ശതമാനമായി കുറക്കണമെന്നും മറ്റുതീരെ അവികസിതരാജ്യങ്ങള്‍ ഇറക്കുമതിച്ചുങ്കം 30 ശതമാനമായി കുറക്കണമെന്നും നിര്‍‌ദ്ദേശിച്ചിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും പാകിസ്ഥാനും ഇറക്കുമതി തീരുവപൂജ്യം മുതല്‍ അഞ്ചു ശതമാനം വരെയും (ശ്രീലങ്ക ആറുവര്‍ഷത്തിനുശേഷം) മറ്റു രാജ്യങ്ങള്‍ നിരക്ക്‌ എട്ടുവര്‍ഷത്തിനുശേഷം കുറവു വരുത്തണമെന്നും നിര്‍‌ദ്ദേശിച്ചിരുന്നു. വ്യാപാര ഉദാരവത്‌കരണത്തിന്റെ ഭാഗമായി 2006 ജൂലൈ മുതല്‍ പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള 380 ഉത്‌പന്നങ്ങളുടെ താരിഫ്‌ നിരക്കില്‍ കുറവുവരുത്തിക്കഴിഞ്ഞു നമ്മള്‍. ഇതനുസരിച്ചുള്ള നികുതി നിരക്കുകള്‍ അഞ്ചു ശതമാനം മുതല്‍ 117.5 ശതമാനം വരെയാണ്‌. ഇതേ രീതിയില്‍ 380 ഇനങ്ങള്‍ക്ക്‌ തീരെ അവികസിതരാജ്യങ്ങളില്‍ നിന്നും അഞ്ചുശതമാനം മുതല്‍ 100 ശതമാനംനിരക്കില്‍ ഇറക്കുമതിയിളവ്‌ അനുവദിച്ചിട്ടുണ്ട്.

സ്വതന്ത്രവ്യാപാരം നിലവില്‍ വരുന്നതോടെ ഓരോ രാജ്യത്തിലും ഉണ്ടായേക്കാവുന്ന ഇറക്കുമതി ഉത്‌പന്നങ്ങളുടെ കുത്തൊഴുക്ക്‌ തടയാന്‍ പ്രാധാന്യമുള്ള കുറെ ഉത്‌പന്നങ്ങളെ സെന്‍സിറ്റീവ്‌ ലിസ്റ്റില്‍ (ദുര്‍ബലപട്ടിക) ഉള്‍‌പ്പെടുത്തുവാന്‍ വ്യവസ്ഥയുണ്ട്‌. കേരളത്തെ സംബന്ധിച്ചിടത്തോളം സാര്‍ക്ക്‌ രാജ്യങ്ങളിലെ കാര്‍ഷികോത്‌പന്നങ്ങള്‍ മിക്കവയും നമ്മുടെ കാര്‍ഷികോത്‌പന്നങ്ങളുമായി ഒട്ടേറെ സമാനതകളുള്ളതിനാല്‍ ഈ കരാറിന്റെ മറവില്‍ കാര്‍ഷികോത്‌പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക്‌ ഒഴുകിയെത്തുന്നത്‌ വലിയ തിരിച്ചടിയാണ്‌. ഇതിനു റൂള്‍സ്‌ ഓഫ്‌ ഒറിജിന്‍ (ഉത്ഭവരാജ്യം) എന്ന വ്യവസ്ഥ പല രാജ്യങ്ങളും പാലിക്കാറില്ല എന്നതാണ്‌ യാഥാര്‍ഥ്യം. ഇതനുസരിച്ച് തായ്‌ലാന്റ്, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും കുറഞ്ഞ വിലക്കുള്ള കുരുമുളക്‌ നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അവരുടേതെന്ന പേരില്‍ ഇന്ത്യയിലെത്തുന്നുണ്ട്‌. ഗ്വാട്ടിമാലയില്‍ നിന്നുള്ള ഏലവും മ്യാന്‍മറില്‍ നിന്നുള്ള ഇഞ്ചിയും മഞ്ഞളും കെനിയയില്‍ നിന്നുള്ള തേയിലയും ഫിലിപ്പൈന്‍സില്‍ നിന്നുള്ള നാളീകേരോത്‌പന്നങ്ങളും സാര്‍ക്ക്‌ കരാറിന്റെ മറവില്‍ ഇന്ത്യയിലെത്തുന്നു. ഈ നിയമവിരുദ്ധ ഇറക്കുമതി നേരിടാന്‍ പല നിര്‍ദ്ദേശങ്ങളും കേരളം 2006 മാര്‍ച്ച്‌ ഏഴിന്‌ കേന്ദ്രത്തിന്റെ മുന്നില്‍ സമര്‍പ്പിച്ചിട്ടും ഒന്നു പോലും നാളിതുവരെ നടപ്പാക്കാനായിട്ടില്ല. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശ്രീലങ്കയില്‍ നിന്നുള്ള കുരുമുളകിന്റെ ഇറക്കുമതിക്ക്‌ അളവുനിയന്ത്രണം ഏര്‍‌പ്പെടുത്തുക, ഇറക്കുമതി ചെയ്‌ത ശേഷം കയറ്റുമതിക്കുള്ള കുരുമുളകിന്റെ മൂല്യവര്‍ധന 30 ശതമാനമെങ്കിലുമാക്കുക, ഇറക്കുമതി ചെയ്യപ്പെടുന്ന കേരളത്തിന്‌ താത്‌പര്യമുള്ള ഉത്‌പന്നങ്ങള്‍ മെച്ചപ്പെട്ട പരിശോധനക്കായി കൊച്ചി തുറമുഖം വഴി അയക്കുക എന്നിവയായിരുന്നു. പാമോയിലിന്റെ ഇറക്കുമതി ബേപ്പൂരിലും കൊച്ചിയിലും വഴി നടത്തിയിരുന്നത്‌ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുഭവിച്ച വിഷമതകള്‍ ഇത്തരുണത്തില്‍ ഓര്‍‌ക്കേണ്ടതാണ്. മേല്‍ നിയന്ത്രണങ്ങളെല്ലാം ഉണ്ടായിട്ടും ശ്രീലങ്ക വഴിയുള്ള കാര്‍ഷികോത്‌പന്നങ്ങളുടെ ഇറക്കുമതി കാരണം കേരളത്തിലെ കുരുമുളക്‌, ഏലം, അടക്ക, റബ്ബര്‍, കാപ്പി, ഇഞ്ചി, മഞ്ഞള്‍, നാളീകേരോത്‌പന്നങ്ങള്‍, കയര്‍, കശുവണ്ടി, തേയില എന്നിവയ്ക്കെല്ലാം ഗുരുതരമായ വിലയിടിവ്‌ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. താരതമ്യേന ചെറിയ രാജ്യങ്ങളായ നേപ്പാളും ശ്രീലങ്കയും നടത്തുന്ന കയറ്റുമതി വിപണിയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വേണം വരുന്ന ഡിസംബറില്‍ നിലവില്‍ വരുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്ന ആസിയാന്‍ കരാറിനെ വിലയിരുത്തേണ്ടത്‌.

വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലന്റ്, സിംഗപ്പൂര്‍, ബ്രൂണായ്‌, കമ്പോഡിയ, ലാവോസ്‌, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പെന്‍സ്‌ എന്നീ 10 രാജ്യങ്ങളുമായി ഏര്‍‌പ്പെടുന്ന കരാറിനെയാണ്‌ ദക്ഷിണപൂര്‍‌വ്വേഷ്യന്‍ കരാര്‍ അഥവാ ആസിയാന്‍ കരാര്‍ എന്നറിയപ്പെടുന്നത്‌. ഇപ്പോള്‍ പ്രധാനമായും കാര്‍ഷികോത്‌പന്നങ്ങളെയും സമുദ്രാത്‌പന്നങ്ങളെയും തുണിത്തരങ്ങളെയും ആണ്‌ കരാറിന്റെ പരിധിയില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. കരാറിന്റെ രണ്ടാംഘട്ടമായി സേവനനിക്ഷേപമേഖലകളിലെ സഹകരണത്തിനുള്ള നിബന്ധനകളും അംഗീകരിക്കപ്പെടുന്നത്. പാമോയില്‍ അടക്കമുള്ള ഭക്ഷ്യ എണ്ണകള്‍, കുരുമുളക്‌, തേയില, ഏലം, കാപ്പി, റബ്ബര്‍, അടക്ക, കശുവണ്ടി, മഞ്ഞള്‍, ഇഞ്ചി, കയര്‍, ചകിരിനാര്‌, മറ്റ്‌ സുഗന്ധവ്യഞ്‌ജനങ്ങള്‍ സമുദ്രോത്പന്നങ്ങള്‍ തുടങ്ങി മുന്നൂറിലേറെ കാര്‍ഷികോത്‌പന്നങ്ങളും മറ്റ്‌ സംസ്‌കരിച്ച ഉത്‌പന്നങ്ങളും യാതൊരു അളവുനിയന്ത്രണവുമില്ലാതെ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്നതാണ്‌ നിര്‍ദ്ദിഷ്‌ട ആസിയാന്‍ കരാര്‍. സാര്‍ക്ക്‌ കരാറില്‍ നിര്‍‌ദ്ദേശിച്ചിരുന്നത് മാതിരിയുള്ള യാതൊരു നിയന്ത്രണ പട്ടികയും ആസിയാന്‍ കരാറിലില്ല എന്നതാണ്‌ എടുത്തുപറയേണ്ട ഗൗരവമേറിയ വസ്‌തുത.

ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ചൈനയുടെ മുന്നേറ്റത്തെ ചെറുക്കുന്നതിനും കരാര്‍ അനിവാര്യമാണെന്നും ഇനി ഇതില്‍ നിന്നും പിന്‍മാറാനാകില്ലെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ആസിയാന്‍ രാജ്യങ്ങളുടെ വാശിക്കുമുന്നില്‍ കേന്ദ്രം കീഴടങ്ങിയതിന്റെ തെളിവാണ്‌ ഈ പ്രസ്‌താവന. അസംസ്‌കൃത ഭക്ഷ്യ എണ്ണകള്‍, കുരുമുളക്‌, തേയില, കാപ്പി എന്നിവയുടെ തീരുവ കുറക്കല്‍ നടപടി 2018 വര്‍ഷത്തോടെ പൂര്‍ത്തിയാക്കണമെന്നുമാണ്‌ ആസിയാന്‍ രാജ്യങ്ങള്‍ വാശിപിടിച്ചിരിക്കുന്നത്‌. തീരുവരഹിത പട്ടികയില്‍ കൂടുതല്‍ ഉത്‌പന്നങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടിരുന്നു. തീരുവ അമ്പത് ശതമാനം ആക്കാമെന്നും ഘട്ടം ഘട്ടമായി 2022 വര്‍ഷത്തോടെ അത്‌ പൂര്‍ത്തിയാക്കാമെന്നുമുള്ള ഇന്ത്യയുടെ നിലപാടില്‍ നിന്ന്‌ നാം പിന്നോട്ടുപോയിരിക്കുകയാണ്‌. തീരുവ കുറക്കാന്‍ സമ്മതമല്ലാത്ത ദുര്‍ബല ഉത്‌പന്നപപട്ടികയില്‍ 490 ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും മുമ്പ് നടത്തിയ ചര്‍ച്ചയില്‍ സമവായത്തിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ഉത്‌പന്നങ്ങള്‍ ദുര്‍ബലപട്ടികയില്‍ നിന്നു പുറത്തുപോയിരിക്കുന്നു. തേയിലയും കാപ്പിയും കുരുമുളക്‌ അടക്കമുള്ള സുഗന്ധവ്യഞ്‌ജനങ്ങളും സമുദ്രാത്‌പന്നങ്ങളും നാളികേരോത്‌പന്നങ്ങളും റബ്ബറും ദുര്‍ബലപട്ടികയില്‍ നിന്ന്‌ പുറത്തുപോയാല്‍ ഉണ്ടാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കേരളത്തിലെ ഒന്നരക്കോടിയിലധികം വരുന്ന കര്‍ഷകരുടെയും 20 ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെയും നട്ടെല്ലൊടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാര്‍ക്ക്‌ രാജ്യങ്ങളോടും ആസിയാന്‍ രാജ്യങ്ങളോടും അളവറ്റ മമതയും വ്യാപാരകാര്യങ്ങളില്‍ മൃദുസമീപനവും സ്വീകരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ രാജ്യത്തെ കര്‍ഷകരോട്‌ പൊതുവെയും കേരളത്തോട്‌ പ്രത്യേകിച്ചും കാണിക്കുന്ന ക്രൂരത പൊറുക്കാവുന്നതല്ല.

കൃഷി ഒരു സംസ്ഥാന വിഷയമാണെന്നംഗീകരിച്ച നമ്മുടെ രാജ്യത്ത്‌ സംസ്ഥാന സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയും ജനപ്രതിനിധി സഭകളില്‍ ചര്‍ച്ച ചെയ്യപ്പെടാതെയും നടത്തപ്പെടുന്ന ഇത്തരം കരാറുകളുടെ ഇരകളായ സാമാന്യജനങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും നടത്തുന്ന ഈ അധിനിവേശത്തിനെതിരെ ശക്തമായ പ്രക്ഷോഭം കക്ഷിഭേദമെന്യേ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.