ബ്ലോഗില്‍ തെരയുക

Sunday, February 20, 2011

ഇന്ത്യയിലെ കൃഷിഗവേഷണം

'കൃഷിസൂക്തി' എന്ന പൌരാണിക കാര്‍ഷികഗ്രന്ഥത്തിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ ചരിത്രാതീതകാലത്ത് ഭാരതത്തില്‍ അതിസമ്പന്നമായ ഒരു കാര്‍ഷിക സംസ്കാരം നിലനിന്നിരുന്നു എന്നു കാണാം. പക്ഷെ പില്‍ക്കാലത്തു ഭാരതം അന്തഃഛിദ്രങ്ങള്‍ മുഖേന കോളനിവാഴ്ചയിലേക്കു തരം താഴ്ത്തപ്പെട്ടതോടെ സമ്പന്നമായിരുന്ന നമ്മുടെ കാര്‍ഷികവ്യവസ്ഥ തളര്‍ച്ചയിലാണ്ടു. ഇരുന്നൂറു കൊല്ലത്തെ ബ്രിട്ടീഷ് ഭരണത്തിനിടയില്‍ ഇരുന്നൂറോളം ക്ഷാമദുരന്തങ്ങള്‍ ഇന്ത്യയിലുണ്ടായെന്നു ചരിത്ര രേഖകള്‍ പറയുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നുവല്ലോ 1943-ലെ ബംഗാള്‍ ക്ഷാമം ഇത്തരം ക്ഷാമങ്ഹള്‍ എന്തുകൊണ്ടുണ്ടാകുന്നു എന്നു പഠിക്കാന്‍ കാലാകാലങ്ങളില്‍ ബ്രിട്ടീഷ് ഗവണ്മെന്റ് പല സമിതികളെയും ചുമതലപ്പെടുത്തിയിരുന്നു. അവയിലൊന്നിന്റെ ശുപാര്‍ശ അനുസരിച്ച് ഈ നൂറ്റാണ്ടിന്റെ ആരംഭദശകളില്‍ത്തന്നെ ബീഹാറിലെ 'പൂസാ' എന്ന ഗ്രാമത്തില്‍ റോഥാംസ്റ്റെഡ് മാതൃകയില്‍ ഒരു കാര്‍ഷിക ഗവേഷണകേന്ദ്രം ആരംഭിച്ചു. ഭൂകമ്പത്തില്‍ പ്രസ്തുത ഗ്രാമം തകര്‍ന്നപ്പോള്‍ ആ കേന്ദ്രത്തിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയിലേക്കു മാറ്റിയെങ്കിലും ഇപ്പോഴും അതറിയപ്പെടുന്നത് 'പൂസാ ഇന്‍സ്റ്റിറ്റ്യൂട്ട്' എന്നാണ്. ഈ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പേരു ഭാരതീയ കൃഷിഗവേഷണ കേന്ദ്രം (Indian Agricultural Research Institute) എന്നത്രെ. പൂസാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനത്തോടൊപ്പം 1910 കളില്‍ത്തന്നെ ഇന്ത്യയില്‍ പലയിടങ്ങളിലായി മുഖ്യ വിളകള്‍ക്കുവേണ്ടിയുള്ള വിവിധ ഗവേഷണാലയങ്ങള്‍ തുറന്നിരുന്നു. കട്ടക്കിലെ കേന്ദ്ര നെല്ലു ഗവേഷണകേന്ദ്രം, കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണകേന്ദ്രം, പട്ടാമ്പിയിലെ നെല്ല് ഗവേഷണാലയം, കാസര്‍കോട്ടെ (നീലേശ്വരം) തെങ്ങുഗവേഷണകേന്ദ്രം എന്നിവ അവയില്‍ മുഖ്യമായവയാണ്. ഈ ഗവേഷണാലയങ്ങള്‍ എല്ലാംതന്നെ പുതിയ വിത്തിനങ്ങള്‍ക്കുള്ള സസ്യ പ്രജനനപരീക്ഷണങ്ങള്‍ക്കാണു മുന്‍തൂക്കം നല്‍കിയിരുന്നത്. ആദ്യകാല വളം പരീക്ഷണങ്ങള്‍ മിക്കതും ജൈവ വളങ്ങളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു. ശാസ്ത്രീയമായി കമ്പോസ്റ്റ് വളം തയ്യാറാക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി സര്‍ ആല്‍ബര്‍ട്ട് ഹോവാര്‍ഡ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഇന്‍ഡോര്‍ കേന്ദ്രമാക്കി നടത്തിയ സ്വകാര്യ ഗവേഷണങ്ങള്‍ ലോകസ്രദ്ധ പിടിച്ചുപറ്റിയവയാണ്. കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഇന്നും ഹോവാര്‍ഡിന്റെ ഇന്‍ഡോര്‍ രീതിയാണ് ഏറ്റവും ഫലപ്രദമായിട്ടുള്ളത്.

ഇന്ത്യയില്‍ രാസവളപ്രയോഗം പ്രചരിച്ചു തുടങ്ങിയത് 1940-കളില്‍ പഴയ തിരുവിതാംകൂറിലെ ആലുവ ഉള്‍പ്പെടെയുള്ള നാലു കേന്ദ്രങ്ങളില്‍ രാസവളം ഫാക്ടറികള്‍ ആരംഭിച്ചതോടെയാണ്. പ്രധാനമായും അമോണിയം സല്‍ഫേറ്റ് എന്ന രാസവളമാണ് ഇന്ത്യയില്‍ ആദ്യമായി പരീക്ഷിക്കപ്പെട്ടത്. തുടര്‍ന്നു ഫോസ്ഫേറ്റുകൂടി കലര്‍ത്തിയ അമോണിയം ഫോസ്‌ഫേറ്റ് വളങ്ങളും പ്രചാരത്തില്‍ വന്നു. പക്ഷേ അന്നും ഇന്നും പൊട്ടാഷ് രാസവളങ്ങള്‍ നാം യൂറോപ്പില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ്. കാരണം പൊട്ടാഷിന്റെ ഭൂഗര്‍ഭസ്രോതസ്സുകള്‍ ഇന്ത്യയില്‍ തീരെ ഇല്ല.

സ്വാതന്ത്യാനന്തരം ഇന്ത്യ കൃഷിയുടെ രംഗത്തു ശക്തമായ കാല്‍വയ്പുകളാണ് നടത്തിയത്. 1947-ല്‍ നമ്മുടെ ഭക്ഷ്യോല്പാദനം കഷ്ടിച്ച് 50 ദശലക്ഷം ടണ്ണായിരുന്നത് ഇപ്പോള്‍ നാലിരട്ടികണ്ട് വര്‍ദ്ധിച്ചിരിക്കുന്നു. 'ഹരിതവിപ്ലവം' എന്ന പേരില്‍ നമുക്കു കാര്‍ഷികോല്പാദനത്തില്‍ ഒരു വമ്പിച്ച കുതിച്ചുചാട്ടത്തിനു കഴിവ് നല്കിയത് അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളും അവയ്ക്കൊപ്പം സമീകൃതമായ രാസവളപ്രയോഗവും ആധുനിക സസ്യ സംരക്ഷണമുറകളും ആയിരുന്നു എന്നത് സര്‍വ്വസമ്മതമായ വസ്തുതയത്രെ.

ഇത്രയും പറഞ്ഞതില്‍നിന്നും ഇന്ത്യയിലെ കാര്‍ഷികരംഗം പ്രശ്നരഹിതമാണെന്ന് ധരിക്കേണ്ടതില്ല. കാര്‍ഷികരംഗത്തു നാം നേടിയ നേട്ടങ്ങള്‍ എക്കാലവും നമുക്ക് നിലനിറുത്താനാവുമോ എന്നതാണു കാതലായ പ്രശ്നം. ഭക്ഷ്യോല്പാദനക്ഷമതയില്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി കാര്യമായ വര്‍ദ്ധനവുണ്ടാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. 1960-കളില്‍ ഹെക്ടറിന് 1000 കിലോഗ്രാം എന്ന നിലയിലായിരുന്ന ഭക്ഷ്യോല്പാദനക്ഷമത അത്യുല്പാദക വിത്തുകളുടെ സഹായത്തോടെ 3000 കിലോഗ്രാമായി നമുക്കു വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞു. പക്ഷെ തുടര്‍ന്നു ഉല്പാദനക്ഷമതയില്‍ ഒരു 'സമാന്തരത്വ'മാണു കഴിഞ്ഞ രണ്ടു ദശകങ്ങളായി കണ്ടുവരുന്നത്. രാസവളങ്ങളുടെ അശാസ്ത്രീയമായ പ്രയോഗം കൊണ്ട് പല പ്രശ്നങ്ങളും മണ്ണിനുണ്ടാകുന്നുണ്ട്. കൂടാതെ കീടനാശിനികളുടെ അനിയന്ത്രിതവും അമിതവുമായ പ്രയോഗരീതികള്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഈ പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള മാര്‍ഗമെന്തെന്നു ചിന്തിക്കുമ്പോഴാണ് 'അക്ഷയകൃഷി' എന്ന ആശയത്തനു പ്രസക്തിയേറുന്നത്. അക്ഷയകൃഷി ജൈവകൃഷിയുടെ വെറുമൊരനുകരണമല്ല. നേരെമറിച്ച് ജൈവകൃഷിയുടെ പരിമിതികളെ മറികടക്കുന്ന ശാസ്ത്രീയമായ സമീപനമാണ് അക്ഷയകൃഷികൊണ്ടുദ്ദേശിക്കുന്നത്. ലളിതമായ നിര്‍വ്വചനങ്ങള്‍ക്കു വഴങ്ങാത്ത ഒരു പദമാണ് അക്ഷയകൃഷി. അതിന്റെ സങ്കീര്‍ണതയെ സഫലമായിത്തന്നെ ലളിതവത്ക്കരിക്കാനുള്ള കഠിന പരിശ്രമമാണ് ഈ പുസ്തകത്തിന്റെ മുഖമുദ്ര. ഏതു സാധാരണ കര്‍ഷകനും മനസിലാകുന്ന രീതിയില്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കം രൂപകല്പന ചെയ്യുന്നതില്‍ ഗ്രന്ഥകര്‍ത്താവ് വളരെയേറെ വിജയിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഒരു നവോന്മേഷം പകരാന്‍ ഈ പുസ്തകം സഹായിക്കട്ടെയെന്ന് ആശംസിക്കുന്നു. എന്റെ പഴയ സഹപാഠികളില്‍നിന്നും കാര്‍ഷികകേരളത്തിനു ലഭിച്ച ഈടുറ്റ ഈ സംഭാവനയില്‍ ഞാന്‍ ആഹ്ലാദിക്കുകയും പ്രബുദ്ധരായ മലയാളികളെ ഈ ആഹ്ലാദം പങ്കുവയ്ക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.

രാസവളങ്ങളുടെ അരങ്ങേറ്റം

രാസവളങ്ങളുടെ ഉപയോഗക്ഷമതയും സുനിശ്ചിതമായ ഉല്പാദനശേഷിയും സര്‍വ്വസമ്മതമാക്കിത്തീര്‍ക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചത് 1843-ല്‍ ഇംഗ്ലണ്ടിലെ 'റോഥാംസ്റ്റെഡ്' എന്ന സ്ഥലത്ത് ആരംഭിച്ച കാര്‍ഷിക പരീക്ഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനമത്രെ. ജെ.ബി. ലാവ്‌സ്, ജെ.എച്ച്. ഗില്‍ബര്‍ട്ട് എന്നീ രണ്ട് ഇംഗ്ലീഷ് ശാസ്ത്രജ്ഞന്മാരാണ് ഇത്തരം ഒരു പരീക്ഷണകേന്ദ്രം ആരംഭിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷം നീണ്ടുനിന്ന കൃഷിയിട പരീക്ഷണങ്ങളിലൂടെ (Field Experiments) സസ്യപോഷണത്തിന്റെ ശാസ്ത്രീയ പൊരുളുകള്‍ മുഴുവന്‍ സംശയലേശമെന്യേ പുറത്തുകൊണ്ടുവരുവാന്‍ അവര്‍ക്കു കഴിഞ്ഞു. കൂടാതെ രാസവളപ്രയോഗംകൊണ്ട് മണ്ണിന്റെ വിളവുല്പാദനശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്ന് അസന്നിഗ്‌ദ്ധമായി തെളിയിക്കപ്പെട്ടതും 'റോഥാംസ്റ്റെ' പരീക്ഷണങ്ങളിലൂടെയാണ്. 1843-ല്‍ തുടങ്ങിയ ചില 'വളംപരീക്ഷണങ്ങള്‍' (Fertilizer Trials) അവിടെ ഇന്നും മാറ്റംകൂടാതെ തുടരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അവയില്‍ ഒരു പരീക്ഷണപ്ലോട്ടില്‍ ഇന്നും രാസവളങ്ങള്‍മാത്രം ചേര്‍ത്തു ഗോതമ്പ് കൃഷി നടത്തുന്നുണ്ട്. നൂറ്റിയമ്പതില്‍പ്പരം വര്‍ഷങ്ങളായി സമീകൃതമായ തോതില്‍ രാസവളപ്രയോഗം നടത്തി വരുന്ന പ്രസ്തുത പ്ലോട്ടില്‍ നിന്നും ഇംഗ്ലണ്ടിലെ ശരാശരിയില്‍ കുറയാത്ത ഗോതമ്പ് വിളവ് ആണ്ടുതോറും കിട്ടിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത രാസവളങ്ങളുടെ ചിരസ്ഥായിയായ കാര്യക്ഷമയ്ക്കും ഉല്പാദനവര്‍ദ്ധനവിനും നിദര്‍ശനമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇംഗ്ലണ്ടിലെ പരീക്ഷണങ്ങളുടെ ചുവടു പിടിച്ചുകൊണ്ട് അമേരിക്കയിലും (USA) വ്യാപകമായി രാസവളം പരീക്ഷണങ്ങള്‍ വിവിധ വിളകളില്‍ 1862 മുതല്‍ക്ക് തുടങ്ങിയിരുന്നു. അക്കാലത്ത് അവിടെ സ്ഥാപിക്കപ്പെട്ട അമേരിക്കന്‍ കൃഷിവകുപ്പാണ് (USDA) ഇതിനു നേതൃത്വം നല്‍കിയത്. തുടര്‍ന്നു മിക്ക അമേരിക്കന്‍ സ്റ്റേറ്റുകളിലും 'ല്ന്റ് ഗ്രാന്റ്' മാതൃകയിലുള്ള (പതിച്ചുകൊടുത്ത വിസ്താരമേറിയ കൃഷിഭൂമിയില്‍ കൃഷിനടത്തി അതിന്റെ ലാഭംകൊണ്ട് സ്വയം നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നര്‍ത്ഥം) കാര്‍ഷിക കോളേജുകളും കൃഷിഗവേഷണകേന്ദ്രങ്ങളും സ്ഥാപിക്കപ്പെട്ടതോടെ ശാസ്ത്രീയ കൃഷിരീതികളെ അവിടത്തെ കര്‍ഷകര്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. നിലക്കടല സോയാബീന്‍, ഗോതമ്പ്, മക്കച്ചോളം (Maize), മത്തിച്ചോലം (Sorghum) തുടങ്ങിയ വിളകളുടെ ഉല്പാദനക്ഷമതയില്‍ അമേരിക്ക നേടിയ വമ്പിച്ച കുതിച്ചുചാട്ടങ്ങള്‍ക്കു മുഖ്യമായ പിന്തുണ നല്‍കിയത് രാസവളപ്രയോഗവും ശാസ്ത്രീയ സസ്യസംരക്ഷണ നടപടികളും ആയിരുന്നു എന്ന വസ്തുത രാസിക കൃഷിരീതിയുടെ പ്രചാരത്തിന് ആക്കം വര്‍ദ്ധിപ്പിച്ചു. ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സസ്യപ്രജനനരംഗത്തുണ്ടായ മുന്നേറ്റങ്ങളിലൂടെ സങ്കര ഇനങ്ങള്‍ പ്രചാരത്തില്‍ വന്നതു രാസിക കൃഷിയുടെ വിജയ വൈജയന്തിയായി.
അടുത്തഭാഗം - ഇന്ത്യയിലെ കൃഷിഗവേഷണം

Saturday, February 19, 2011

പത്തൊമ്പതാം നൂറ്റാണ്ടിലെ പരീക്ഷണങ്ങള്‍

തിയോഡോര്‍ ദെ സാസ്സെറെ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ ദീര്‍ഘകാലത്തെ പരീക്ഷണങ്ങളില്‍ നിന്നാണു സസ്യങ്ങള്‍ ഓക്സിജന്‍ ഉള്‍ക്കൊള്ളുകയും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തേയ്ക്ക് വിടുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയത്. അതോടൊപ്പം സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജനെ പുറംതള്ളുകയും ചെയ്യുന്നുവെന്നും കണ്ടു. സസ്യങ്ങളിലെ സുപ്രധാനങ്ങളായ രണ്ട് ശരീരധര്‍മ്മപ്രക്രിയകളാണിവയെന്നു പില്‍ക്കാല ഗവേഷണങ്ങള്‍ തെളിയിച്ചു. (ആദ്യത്തേത് പ്രഭാകലനവും രണ്ടാമത്തേതു ശ്വസനവുമത്രെ). തുടര്‍ന്ന് സാസ്സെറെ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും നൈട്രജനും ചാരവുമാണ് സസ്യപോഷണത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്നു കണ്ടെത്തി. കൂടാതെ ഇവ മണ്ണില്‍നിന്നും വേരുകള്‍ വഴിയാണ് സസ്യങ്ങള്‍ വലിച്ചെടുക്കുന്നതു എന്നും തെളിഞ്ഞു. ഈ പോഷകദ്രവ്യങ്ങളുടെ ലായകമാധ്യമമായിട്ടാണു ജലം വര്‍ത്തിക്കുന്നതെന്ന അറിവും ഇതോടൊപ്പം ലഭിച്ചു. വേരുവഴിയുള്ള പോഷക ആഗിരണപ്രക്രിയയുടെ തോതു മണ്ണിന്റെ സ്വഭാവവും സസ്യത്തിന്റെ വളര്‍ച്ചാദശയും അനുസരിച്ച് വ്യത്യാസപ്പെടുമെന്നും സാസ്സെറെ തെളിയിച്ചു.

ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജീന്‍ ബാപ്റ്റിസ്റ്റെ (1802-1882) ആണ് ആദ്യമായി സസ്യപോഷണ പരീക്ഷണങ്ങള്‍ കൃഷിയിടങ്ങളിലെ മണ്ണില്‍ നേരിട്ട് നടത്തിത്തുടങ്ങിയത്. സസ്യവളര്‍ച്ചയുടെ ആരംഭം മുതല്‍ മണ്ണില്‍ച്ചേര്‍ത്ത സസ്യപോഷണവസ്തുക്കളുടെ തൂക്കവും ഒടുവില്‍ ധാന്യവും വയ്ക്കോലും ഉള്‍പ്പെടെ വിളയില്‍നിന്നും തിരികെ ലഭിച്ച ഉല്പന്നങ്ങളുടെ (മൊത്തം സസ്യം) കൃത്യമായ തൂക്കവും രേഖപ്പെടുത്തി കൂട്ടിക്കിഴിക്കലുകള്‍ നടത്തി കൃഷിയുടെ 'ബാനല്‍ ഷീറ്റ്' തയ്യാറാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഇത് കൃഷിയിലെ 'ഊര്‍ജചക്ര' പഠനങ്ങളുടെ ഹരീശ്രീയായി പരിഗമിക്കപ്പെടുന്നു. മേല്‍പ്പറഞ്ഞ പരീക്ഷണങ്ങളില്‍നിന്നും സസ്യവളര്‍ച്ചയിലൂടെ വിളവിനുണ്ടാകുന്ന 'കണക്കില്‍പ്പെടാത്ത തൂക്കം' എത്രയെന്ന് ക്ലിപ്തമായി കണ്ടെത്താന്‍ കഴിഞ്ഞു. പക്ഷെ ഇത് സസ്യത്തിന് വളമായി നല്‍കിയ വസ്തുക്കളുടെ തൂക്കത്തേക്കാള്‍ വളരെക്കൂടുതലായി കാണുന്നതിന് കാരണമെന്താണെന്ന് കൃത്യമായി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

1803-നും 1873-നും ഇടയില്‍ ജീവിച്ചിരുന്ന വിഖ്യാതനായ ജര്‍മ്മന്‍ രസതന്ത്രജ്ഞനായിരുന്നു ജസ്റ്റസ് വോണ്‍ ലീബിഗ്. കാര്‍ഷിക രസതന്ത്രത്തിന്റെ അടിസ്ഥാനശില്പിയായി ലീബിഗിനെ വാഴ്ത്താറുണ്ട്. സസ്യപോഷണത്തെക്കുറിച്ച് അന്നുണ്ടായിരുന്ന പല ധാരണകളും തിരുത്തിക്കുറിക്കാന്‍ ലീബിഗിന്റെ പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞു. സസ്യങ്ങളുടെ വളര്‍ച്ചയില്‍ മണ്ണിനും വായുവിനും മറ്റ് പരിസ്ഥിതി ഘടകങ്ങള്‍ക്കുമുള്ള സുവ്യക്തമായ പങ്കിനെക്കുറിച്ച് ലീബിഗ് മുന്നോട്ടുവെച്ച ആശയങ്ങള്‍ ഇവയായിരുന്നു.
  1. സസ്യത്തിലെ കാര്‍ബണ്‍ എന്ന മൂലകത്തിന്റെ മുഖ്യപങ്കും അന്തരീക്ഷവായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍നിന്നാണ് ലഭിക്കുന്നത്.
  2. ഹൈഡ്രജനും ഓക്സിജനും സസ്യങ്ങള്‍ക്ക് ലഭിക്കുന്നത് ജലത്തില്‍നിന്നാണ്.
  3. ക്ഷാരലോഹങ്ങള്‍ സസ്യത്തില്‍ത്തന്നെ ഉല്പാദിപ്പിക്കപ്പെടുകയും അത് സസ്യകോശങ്ങളിലുണ്ടാകുന്ന അമ്ലതയെ നിര്‍വ്വീര്യമാക്കുകയും ചെയ്യുന്നു.
  4. വിത്തുല്പാദിപ്പിക്കുന്നതിന് സസ്യങ്ങള്‍ക്കു ഫോസ്‌ഫറസ് എന്ന മൂലകം അത്യന്താപേക്ഷിതമാണ്.
  5. സസ്യങ്ങള്‍ മണ്ണില്‍നിന്നും വിവേചനരഹിതമായി മൂലകങ്ങള്‍ ആഗിരണം ചെയ്യുകയും ആവശ്യമില്ലാത്തതിനെ വിസര്‍ജിക്കുകയും ചെയ്യുന്നു.
മേല്പറഞ്ഞ നിഗമനങ്ങളെല്ലാം പൂര്‍ണമായി ശരിയല്ലെങ്കിലും സസ്യപോഷണത്തെപ്പറ്റി അന്നുവരെ ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും ഇല്ലാതാക്കാന്‍ അവ സഹായിച്ചു. 1862-ല്‍ ലീബിഗ് നിര്‍ദ്ദേശിച്ച 'നിമ്നതമനിയമം' (Law of Minimum) കൃഷിയില്‍ ലാഭകരമായ രാസവളപ്രയോഗത്തിനു വഴിതെളിച്ചു. ഈ നിയമമനുസരിച്ച് ഒരു സസ്യത്തിനാവശ്യമായ ഉല്പാദനക്ഷമതയെ സുനിശ്ചിതമായി പരിമിതപ്പെടുത്തുന്ന ഏകഘടകം ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം കാണപ്പെടുന്ന മൂലകമായിരിക്കും. സമീകൃത വളപ്രയോഗത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നത് ഈ നിയമങ്ങളാണ്. വശങ്ങളില്‍ ചെറു സുഷിരങ്ങളുള്ള ഒരു പാത്രത്തില്‍ നിറയെ വെള്ളം എടുത്തുവച്ചിരുന്നാല്‍ ആ സുഷിരങ്ഹളിലെല്ലാംകൂടി വെള്ളം പുറത്തേയ്ക്ക് ചീറ്റിക്കൊണ്ടിരിക്കുമല്ലോ. പക്ഷേ, ഒടുവില്‍ പാത്രത്തിലെ വെള്ളത്തിന്റെ അവശേഷനിരപ്പ് നിശ്ചയിക്കുന്നത് ഏറ്റവും താഴത്തെ തലത്തിലുള്ള സുഷിരമായിരിക്കും. വിളയുടെ ഉല്പാദനക്ഷമത ആത്യന്തികമായി നിശ്ചയിക്കപ്പെടുന്നതു മണ്ണില്‍ ഏറ്റവും കുറഞ്ഞ അളവില്‍ അടങ്ങിയിട്ടുള്ള പോഷകമൂലകത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നാണ് 'നിമ്നതമ നിയമം' കൊണ്ട് നാം ഉദ്ദേശിക്കുന്നത്. ജൈവകൃഷിയില്‍ ഈ നിയമത്തിന് പരമപ്രാധാന്യമുണ്ട്. ജൈവവളങ്ങളില്‍ എപ്പോഴും നൈട്രജന്റെ അംശമാണ് മുന്നിട്ട് നില്ക്കുന്നത് എന്നതിനാല്‍ തുടര്‍ച്ചയായ ജൈവവളപ്രയോഗംകൊണ്ട് മണ്ണിലെ നൈട്രജന്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും തത്തുല്യമായി മറ്ര് പോഷകമൂലകങ്ങള്‍ വര്‍ദ്ധിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിത്തീരും. അപ്പോള്‍ കൂടുതല്‍ ഫോസ്‌ഫറസും പൊട്ടാഷും വേണ്ടതായ വിളകളെ സംബന്ധിച്ചിടത്തോളം ഉല്പാദനക്ഷമതയ്ക്ക് പരിമിതി ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. എല്ലുപൊടിയും ചാരവും പോലുള്ള വളങ്ങള്‍ ൯ചാരം ഒരു ജൈവവസ്തുവല്ലാത്തതിനാല്‍ - കാരണം, അതില്‍ കാര്‍ബണ്‍ ഉണ്ടായിരിക്കില്ല - ഇവയെ ജൈവവളമായി കമക്കാക്കാന്‍ പറ്റില്ല) സമൃദ്ധമായി ചേര്‍ത്തു കൊടുത്താലേ ജൈവകൃഷി വിജയിപ്പിക്കാനാകൂ എന്ന വസ്തുതയെ ലീബിഗിന്റെ 'നിമ്നതമ നിയമം' സാധൂകരിക്കുന്നു.
അടുത്തഭാഗം - രാസവളങ്ങളുടെ അരങ്ങേറ്റം

Thursday, February 17, 2011

സസ്യപോഷണ ശാസ്ത്രചരിതം

മനുഷ്യസംസ്കാരത്തിന്റെ പൌരാണിക സ്രോതസുകളെല്ലാംതന്നെ വളര്‍ന്നു വികസിച്ചത് വളക്കൂറുള്ള നദീതടങ്ങളിലായിരുന്നു എന്നതു തികച്ചും സ്വാഭാവികം തന്നെ. സിന്ധു-ഗംഗാ നദീതടസംസ്കാരം, മെസപ്പൊട്ടേമിയന്‍ സംസ്കാരം, നൈല്‍ നദീതടസംസ്കാരം, തെക്കേ അമേരിക്കയിലെ ഇങ്കാ-മായാ സംസ്കാരങ്ങള്‍, ചൈനയിലെ യാങ്-ടീ-സീ നദീതടസംസ്കാരം എന്നിവയെല്ലാം ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. മണ്ണിന്റെ ഫലപുഷ്ടിയും വിളവുല്പാദനക്ഷമതയും തമ്മിലുള്ള പരസ്പരബന്ധത്തെപ്പറ്റി ബി.സി 2500-ല്‍ത്തന്നെ മനുഷ്യന്‍ ബോധവാനായിരുന്നുവെന്നു ഹിറോദോത്തസ്സിനെപ്പോലുള്ള ഗ്രീക്ക് ചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാലിവളം, പച്ചിലവളം, എക്കല്‍ അഥവാ വണ്ടല്‍, മനുഷ്യമലം, കശാപ്പുചെയ്ത മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയ വിവിധതരം ജൈവവളങ്ങളുടെ ഉപയോഗത്തെയും ഫലപ്രാപ്തിയെപ്പറ്റിയുമുള്ള അറിവ് അന്നത്തെ കര്‍ഷകര്‍ക്കുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അനവധി തെളിവുകള്‍ നിരത്തിയിട്ടുണ്ട്. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ ഇന്ത്യയിലും കൃഷിയെ സംബന്ധിച്ച ശാസ്ത്രീയപഠനങ്ങള്‍ നടന്നിരുന്നുവെന്നുള്ള തെളിവാണു കപിലമഹര്‍ഷിയാല്‍ വിരചിതമായതെന്നു വിശ്വസിക്കപ്പെടുന്ന 'കൃഷിസൂക്തി' എന്ന അതിപ്രാചീന ഗ്രന്ഥശേഖരം. കൃഷിയില്‍ കുമ്മായത്തിനും ചാരത്തിനുമുള്ള പ്രസക്തിയെക്കുറിച്ച് ഈ ഗ്രന്ധത്തില്‍ പരാമര്‍ശമുണ്ടെന്നു ഭാരതീയ കൃഷിയുടെ പൂര്‍വ്വകാല ചരിത്രം വിസ്തരിച്ച് പരിശോധിച്ച ഡോ. രസവ (1980) അഭിപ്രായപ്പെടുന്നു.

ഗ്രീക്ക് ചിന്തകരായ തിയോഫ്രാസ്റ്റസ്, പ്ലിനി എന്നിവരുടെ കുറിപ്പുകളില്‍ ആദ്യത്തെ രാസവളമെന്ന് വിശേഷിപ്പിക്കാവുന്ന 'സാള്‍ട്ട് പിറ്റര്‍' (പൊട്ടാസ്യം നൈട്രേറ്റ്) എന്ന പ്രാകൃതിയ രാസയൌഗികത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അക്കാലത്ത് ഗ്രീസില്‍ പനവര്‍ഗ ചെടികളുടെ ചുവട്ടില്‍ ഉപ്പുലായനി (സോഡിയം ക്ലോറൈഡ്) ഒഴിച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നതായും പരാമര്‍ശങ്ങളുണ്ട്. ഗ്രീക്ക് ചിന്തകരുടെ ചുവട് പിടിച്ചുകൊണ്ട് റോമന്‍ ചിന്തകരും ശാസ്ത്രീയ സസ്യപോഷണത്തെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ ബി.സി 200-ല്‍തന്നെ ആരംഭിച്ചിരുന്നു. നാളതുവരെയുള്ള കാര്‍ഷികവിജ്ഞാനമെല്ലാം സമാഹരിച്ചുകൊണ്ട് പിയത് റോ ദെക്രെസന്‍സി (1230-1307) പതിമൂന്നാം നൂറ്റാണ്ടിന്റെ ഒടുവില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം ശാസ്ത്രീയകൃഷിയുടെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നായി കരുതിവരുന്നു. ഇക്കാരണത്താല്‍ ക്രെസന്‍സിയെ ആധുനിക കൃഷിവിജ്ഞാനത്തിന്റെ പിതാവായി വാഴ്ത്താറുണ്ട്.

സസ്യങ്ങള്‍ കത്തിച്ചുകിട്ടുന്ന ചാരം അവ മണ്ണില്‍നിന്നും വലിച്ചെടുത്ത പോഷകങ്ങളുടെ സമാഹാരമാണെന്ന് ആദ്യമായി പ്രസ്താവിച്ചത് 1563-ല്‍ പാലിസി എന്ന ശാസ്ത്രജ്ഞനാണ്. ആധുനിക ശാസ്ത്രഗവേഷണത്തിന്റെ താത്വികാചാര്യന്‍ എന്ന് വിശേഷിക്കപ്പെടാറുള്ള ഫ്രാന്‍സിസ് ബേക്കണ്‍ (1561-1624) എന്ന ഇംഗ്ലീഷുകാരന്‍, സസ്യപോഷണത്തിലെ മുഖ്യഘടകം ജലമാണെന്ന് പ്രസ്താവിച്ചു. ഒരേയിനം വിള ഒരേനിലത്തില്‍ തുടര്‍ച്ചയായി കൃഷിചെയ്യുമ്പോള്‍ അതിന്റെ ഉല്പാദനക്ഷമത അനുക്രമം കുറഞ്ഞുവരുമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ഫ്ലെമിഷ് ഭിഷഗ്വരനും കെമിസ്റ്റുമായിരുന്ന വാന്‍ഹെല്‍മണ്ട് (1577-1644) എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ നടത്തിയ പഠനങ്ങളില്‍നിന്നും സസ്യപോഷണത്തിനുള്ള ഏകവസ്തു ജലമാണെന്നു കണ്ടെത്തി. ഇത് തെറ്റായ ഒരു നിരീക്ഷണമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സസ്യപോഷണപരീക്ഷണങ്ങളാണു പില്‍ക്കാലത്ത് ഇതുസംബന്ധിച്ച നിരവധി ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. റോബര്‍ട്ട് ബോയല്‍ (1627-1691) എന്ന വിഖ്യത ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍ നടത്തിയ പരീക്ഷണങ്ങളെത്തുടര്‍ന്നു ലവണങ്ങള്‍, സ്പിരിറ്റ്, മണ്ണ്, വിവിധതരം തൈലങ്ങള്‍ എന്നിവയാണ് സസ്യഘടകങ്ങള്‍ എന്നും അവയെല്ലാംതന്നെ ചെടികള്‍ മണ്ണില്‍നിന്നും വലിച്ചെടുക്കുന്ന ജലത്തിലൂടെയാണു ലഭ്യമാകുന്നതെന്നും സിദ്ധാന്തിച്ചു. ജെ.ആര്‍. ഗ്ലാബര്‍ (1604-1668), ജോണ്‍ മേയോ (1643-1679), ജോണ്‍ വുഡ്‌വാര്‍ഡ് (1700) തുടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണങ്ങള്‍ സസ്യപോഷണത്തിന്റെ അടിസ്ഥാനം ജലത്തെക്കാളുപരി രാസമൂലകങ്ങളാണെന്ന നിഗമനത്തെ ബലപ്പെടുത്തി.

അടുത്തഭാഗം - പത്തൊമ്പതാം നൂറ്റാണ്ടിലെ പരീക്ഷണങ്ങള്‍

Thursday, January 20, 2011

കൃഷിയുടെ രസതന്ത്രം

അക്ഷയകൃഷി എന്ന പുസ്തകത്തിന് ആമുഖമായി ഡിസംബര്‍ 2000 ത്തില്‍ പ്രസിദ്ധീകരിച്ചത്.
ഈ പുസ്തകത്തിന് പ്രൗഢമായ ഒരു ആമുഖലേഖനം തയ്യാറാക്കിയിട്ടുള്ളത് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ കാര്‍ഷിക രസതന്ത്രവിഭാഗത്തിന്റെ തലവനായി റിട്ടയര്‍ ചെയ്ത ഡോ. തോമസ് വര്‍ഗിസാണ്. മണ്ണിന്റെ സൂചിക സാമ്പിളുകള്‍ ശേഖരിച്ച് ഡേറ്റാ ബേസ് ഉണ്ടാക്കുന്നതിനുള്ള ഇന്‍ഡോ-ഡച്ച്-യു.എന്‍.ഇ.പി പ്രോജക്ടിന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു അദ്ദേഹം. കേരളത്തില്‍ ആദ്യമായി ഒരു മൃത്തികാമ്യൂസിയം (Soil Museum) ഉണ്ടാക്കുന്നതിന് മുന്‍​കൈയെടുത്തതും ഡോ. തോമസ് വര്‍ഗീസായിരുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും പ്രധാനപ്പെട്ട എല്ലാ കാര്‍ഷിക ഗവേഷണശാലകളും സന്ദര്‍ശിച്ച് മണ്ണിന്റെ പോഷണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി പഠിക്കുവാനുള്ള അവസരം അദ്ദേഹത്തിന് കൈവന്നിരുന്നു. ഈ പുസ്തകത്തിന്റെ ഉള്ളടക്കം സസൂഷ്മം പരിശോധിച്ച് അവ ശാസ്ത്രയുക്തം തന്നെയെന്ന് ഉറപ്പുവരുത്തുന്നതിന് അദ്ദേഹത്തിന്റെ സേവനം ലഭ്യമായതില്‍ എനിക്ക് അളവറ്റ സന്തോഷമുണ്ട്. സസ്യപ്രജനനശാസ്ത്രത്തില്‍ മാത്രം മുഴുകിയിരുന്ന എന്നെ മണ്ണിന്റെയും മണ്ണ് പോഷണത്തിന്റെയും മേഖലയില്‍ ഗവേഷണം നടത്താന്‍ ഉത്സാഹിപ്പിച്ചത് ഡോ. തോമസ് വര്‍ഗീസായിരുന്നു. കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക-പരിസ്ഥിതി കമ്മറ്റിയുടെ സാമ്പത്തിക സഹായത്തോടെ ഞാന്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ ഗവേഷണ പരിപാടിയില്‍ സജീവമായി സഹകരിച്ച് അതിലെ രസതന്ത്ര വിശകലനങ്ങള്‍ നടത്തിയതും അദ്ദേഹം തന്നെ. അതിനെല്ലാമുള്ള എന്റെ നിസ്സീമമായ നന്ദി ഞാനിവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.


തിരുവനന്തപുരം -4
2000 ഡിസംബര്‍ 1
ആര്‍. ഗോപിമണി
കൃഷിയുടെ രസതന്ത്രം

പ്രപഞ്ചത്തിന്റെ ഉത്ഭവം തൊട്ട് ഇന്നുവരെയുള്ള സുദീര്‍ഘമായ കാലഘട്ടത്തെ നാം ഇരുപത്തിനാലു മണിക്കൂറെന്ന് സങ്കല്പിച്ചാല്‍ അതില്‍ മനുഷ്യന്റെ ഉത്ഭവ-പരിണാമങ്ങള്‍ സംഭവിച്ചത് ഏറ്റവും ഒടുവിലത്തെ അര സെക്കന്റിലാണെന്നു പരിണാമശാസ്ത്രം പറയുന്നു. കാട്ടില്‍ വേട്ടയാടിയും കായ്‌കനികള്‍ പെറുക്കിയും ജീവിച്ച ആദി മനുഷ്യന്‍ കൃഷി ആരംഭിച്ചത് വെറും പതിനായിരം കൊല്ലങ്ങള്‍ക്കു മുന്‍പ് മാത്രമാണെന്ന് പറയുമ്പോള്‍ അത് പരിണാമ നാടകത്തിലെ അവസാന അര സെക്കന്റിന്റെ വളരെ ചെറിയ ഒരംശം മാത്രമായിരിക്കുമല്ലൊ. അന്നത്തെ ലോക ജനസംഖ്യ 35 ദശലക്ഷം ആയിരുന്നുവെങ്കില്‍ കൃഷി വികസിച്ചു തുടങ്ങിയ പതിനെട്ടാം നൂറ്റാണ്ടില്‍ അത് 1800 ദശലക്ഷമായും രാസവളപ്രയോഗം വിപുലമായിത്തീര്‍ന്ന 1975 -ല്‍ അത് 4200 ദശലക്ഷമായും വര്‍ദ്ധിച്ചു. കൃഷിയുടെ ആരംഭഘട്ടത്തില്‍ ധാന്യവര്‍ഗങ്ങളുടെ അതിപ്രാകൃതമായ വന്യ ഇനങ്ങളായിരുന്നു വിതച്ചിരുന്നതെന്ന് അനുമാനിച്ചാല്‍ അന്നത്തെ ശരാശരി വിളവ് കഷ്ടിച്ച് നൂറോ നൂറ്റമ്പതോ കിലോഗ്രാം ധാന്യം മാത്രമായിരുന്നിരിക്കണം. ഇന്നത് ശരാശരി നാല് ടണ്ണായി ഉയര്‍ന്നിരിക്കുന്നു. അതേസമയം ആളോഹരി കൃഷിയിടത്തിന്റെ വിസ്താരം അന്നത്തെ നാല്പത് ഹെക്ടറില്‍ നിന്നും 0.3 ഹെക്ടറായി ചുരുങ്ങുകയാണുണ്ടായത്. എ.ഡി രണ്ടായിരാമാണ്ടില്‍ ലോക ജനസംഖ്യ 2075 -ല്‍ 11,000 ദശലക്ഷവും ആകുമെന്ന് ജനസംഖ്യാ വിദഗ്ധര്‍ കണക്കാക്കുന്നു. ഇങ്ങനെ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജനകോടികളുടെ ഭക്ഷ്യാവശ്യം പൂര്‍ണമായി നിറവേറ്റപ്പെടണമെങ്കില്‍ ധാന്യ വിളകളുടെ ഉല്പാദനക്ഷമത ഇപ്പോഴത്തെ നാല് ടണ്ണില്‍ നിന്നും എട്ടുടണ്ണായി ഉയരേണ്ടതുണ്ട്. ഇത് രാസവളങ്ങളും കീടനാശിനികളും കൊണ്ടുമാത്രം നിറവേറ്റാന്‍ കഴിയുമെന്ന് ഒരു ശാസ്ത്രജ്ഞനും വിശ്വസിക്കുന്നില്ല. പോരാത്തതിന് നൈട്രജന്‍ വളങ്ങളുടെ ഒരു മുഖ്യ അസംസ്കൃതവസ്തുവായ പെട്രോളിയംശേഖരം ഇന്നത്തെനിലയിലുള്ള ഉപഭോഗം കൊണ്ടുതന്നെ വരുന്ന അമ്പത്കൊല്ലത്തിനകം ഏതാണ്ട് പൂര്‍ണമായും വറ്റിത്തീരുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഒരുപക്ഷെ ഫോസ്‌ഫറസും പൊട്ടാഷും ഖനിസ്രോതസ്സുകള്‍ നൂറോ ഇരുന്നൂറോ കൊല്ലങ്ങള്‍കൂടി അവശേഷിച്ചേയ്ക്കാം. എങ്കില്‍പ്പോലും രാസവസ്തുക്കളെ അമിതമായി ആശ്രയിക്കുന്ന കൃഷി സുസ്ഥിരമായ ഒന്നായിരിക്കില്ലെന്നു മേല്‍ പ്രസ്താവനകള്‍ ഏവരേയും ബോധ്യപ്പെടുത്തും. പക്ഷെ പകരമെന്തെന്ന ചോദ്യമാണു നമ്മെ ഏറെ അലട്ടേണ്ടത്. അവിടെയാണ് 'അക്ഷയകൃഷി' എന്ന ഈ പുസ്തകത്തിന്റെ പ്രസക്തി നിലകൊള്ളുന്നത്. 'ജൈവവളങ്ങള്‍ക്കൊപ്പം രാസവളങ്ങള്‍' എന്ന മധ്യമാര്‍ഗം മാത്രമേ കൃഷിയില്‍ കരണീയമായിട്ടുള്ളവെന്ന് ഡോ. ഗോപിമണിയുടെ 'അക്ഷയകൃഷി' നമ്മെ ബോധ്യപ്പെടുത്തുന്നു. അന്തരീക്ഷവായുവിന്റെ ഏതാണ്ട് മുക്കാല്‍ പങ്കും നൈട്രജന്‍ വാതകമാണെന്ന ശുഭദായകമായ അറിവ് 'മധ്യമാര്‍ഗ'ത്തിന്റെ പ്രയോഗികതയെ ഒന്നുകൂടി ഉറപ്പിക്കുന്നു. കാരണം, അടുത്ത അര നൂറ്റാണ്ടിനുള്ളില്‍ തീര്‍ന്നുപോകുന്ന പെട്രോളിയം ഊര്‍ജശേഖരത്തെ ആശ്രയിച്ച് നില്‍ക്കുന്ന നൈട്രജന്‍ രാസവളങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുതന്നെ 'മധ്യമാര്‍ഗകൃഷി' പ്രയോഗത്തില്‍ വരുത്താന്‍ കഴിയുമെന്ന് ഈ പുസ്തകം ഉറപ്പുതരുന്നു. ഇരുന്നൂറ് കൊല്ലങ്ങള്‍ക്കപ്പുറം ഉണ്ടാകുന്ന ഊര്‍ജക്ഷതങ്ങളെപ്പറ്റി നമുക്ക് തല്കാലം വേവലാതിപ്പെടാതിരിക്കാം.

ആധുനിക കൃഷിയിലെ രാസികപ്രഭാവത്തെക്കുറിച്ച് സാമാന്യ ജനങ്ങള്‍ക്കിടയില്‍ ഇന്ന് വളരെയധികം ഉത്കണ്ഠയുണ്ട്. ആണ്ടുതോറും വളമായും കീട-കുമിള്‍നാശിനികളായും മണ്ണിലേയ്ക്ക് ചൊരിയുന്ന ഓരോ രാസവസ്തുവും നമ്മുടെ കൃഷിയേയും പരിസ്ഥിതിയേയും ഇഞ്ചിഞ്ചായി നശിപ്പിക്കുകയാണെന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. രാസവളങ്ങളുടേയും കളനാശിനികളുടേയും ഉപയോഗം മൂലം 'മണ്ണു മരിക്കുന്നു' എന്ന വിലാപവും നാം കേള്‍ക്കാറുണ്ട്. അതുപോലെ കേളത്തിലെ തെങ്ങിന്‍തോപ്പുകളെ കാര്‍ന്നു തിന്നുന്ന 'കാറ്റ്‌വീഴ്ച' എന്ന മഹാമാരിയുടെ യഥാര്‍ത്ഥ കാരണം നമ്മുടെ കൃഷിയില്‍ രസതന്ത്രത്തിന്റെ ആധിപത്യം കൂടിയതുകൊണ്ടാണെന്ന് വിശ്വസിക്കുന്ന അഭ്യസ്ഥവിദ്യര്‍പോലുമുണ്ട്! കൃഷിയില്‍ രാസവസ്തുക്കളുടെ രംഗപ്രവേശത്തെ ഉദ്യോഗസ്ഥന്മാരും അത്തരം രാസവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന കമ്പനിയുടമകളും തമ്മിലുള്ള ഒരവിശുദ്ധവേഴ്ചയുടെ ഫലമാണെന്നുവരെ വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്! രണ്ടാം ലോകമഹായുദ്ധം തീര്‍ന്നപ്പോള്‍ അപ്രസക്തമായിത്തിര്‍ന്ന വെടിക്കോപ്പുശാലകളാണ് പിന്നീട് രാസവളം ഫാക്ടറികളായി മാറിയതെന്ന് വിശ്വസിക്കുന്നവരം കുറവല്ല! ഇത്തരം ആയുക്തികങ്ങളായ ചിന്താസരണികളുടെ ഉറവിടം കൃഷിയില്‍ രസതന്ത്രത്തിന്റെ സ്വാധീനത്തെക്കുറിച്ച് സാമാന്യ ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകളത്രെ രാസികകൃഷിയുടെ പശ്ചാതത്തലം. വേണ്ടപോലെ മനസ്സിലാക്കിയാല്‍ ഈ തെറ്റിദ്ധാരണകള്‍ മാറാനിടയുള്ളതുകൊണ്ട് അതിനായൊരെളിയ പരിശ്രമം ഇവിടെ നടത്തിക്കൊള്ളടട്ടെ.
അടുത്ത ഭാഗം - സസ്യപോഷണ ശാസ്ത്രചരിതം