ബ്ലോഗില്‍ തെരയുക

Monday, August 24, 2009

മണ്ണിലെ ജൈവാംശം ഫലപുഷ്ടിയുടെ ഉറവിടം

മനുഷ്യനുള്‍‌പ്പെടെ ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും നിലനില്‍പ്പ് ഭൂമിയുടെ ബാഹ്യാവരണത്തിലെ ഒരു നേരിയ പടലമായ മേല്‍മണ്ണിനെ ആശ്രയിച്ചാണിരിക്കുന്നത്. ജീവചക്രത്തിന്റെ ഗതി നിയന്ത്രിക്കുന്ന ഈ ഘടകം ഒരു നിര്‍ജ്ജീവ വസ്തു ആണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അതുകൊണ്ടാവണം സംസ്കൃതത്തില്‍ 'മൃത്തിക' എന്നു വിളിക്കുന്നത്. എന്നാല്‍ ജനനവും, ജീവിതവും, എന്തിനേറെ മരണവുമുള്ള സമ്പൂര്‍ണ ജൈവ വ്യൂഹമാണ് മണ്ണ് എന്നത്രെ ശാസ്ത്രമതം.
ഖര - ദ്രവ - വാതകങ്ങളടങ്ങിയ ഒരു ത്രിമാന സ്ഥിതിയാണ് മണ്ണിനുള്ളത്. ഇതിനു പുറമേ കണക്കറ്റ സൂഷ്മ ജീവികളുടെ സാന്നിധ്യം ഈ ത്രിമാന സ്ഥിതിയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഖര പദാര്‍ത്ഥങ്ങളില്‍ ഏറെയും ധാതു പദാര്‍ത്ഥങ്ങളാണ്. വ്യാപ്താടിസ്ഥാനത്തില്‍ ജൈവ പദാര്‍ത്ഥങ്ങള്‍ അഞ്ച് ശതമാനത്തില്‍ കുറവേ കാണുകയുള്ളു. എന്നിരുന്നാലും ഈ ജൈവ ഘടകമാണ് മണ്ണിന്റെ ജീവന്‍. സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങളും, നഗ്ന നേത്രങ്ങള്‍കേൊണ്ട് കാണുവാന്‍ കഴിയാത്ത കോടിക്കണക്കിന് സൂഷ്മ ജീവികളും ചേര്‍ന്നതാണ് മണ്ണിലെ ജൈവ ഘടകം. ഇതിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ഭൂതലാവരണത്തില്‍ നാമ്പുകള്‍ കിളിര്‍ക്കുകയും വളരുകയും ഉള്ളു.
മണ്ണിലെ ജീവാംശം പൊടുന്നനെ രൂപീകരിക്കപ്പെട്ടതല്ല. ഭൂമി അതിന്റെ ഊഷരാവസ്ഥയില്‍നിന്നും യുഗങ്ങളിലൂടെ പരിണമിച്ച് ഒരു ജൈവ പരിസ്ഥിതി വ്യൂഹമായി മാറിയത് ഒട്ടനവധി ഭൗതിക - രാസ - ജൈവ പ്രക്രിയകളിലൂടെയാണ്. ഒരിഞ്ച് മേല്‍മണ്ണുണ്ടാകുവാന്‍ പ്രകൃതിയുടെ പരീക്ഷണശാലയില്‍ ഒരായിരത്തിലേറെ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. വനപ്രദേശങ്ങളിലൊഴികെ ഫലപുഷ്ടിയുള്ള മേല്‍മണ്ണ് ഭൂതലാവരണത്തില്‍ ഒന്നോ രണ്ടോ അടി താഴ്ചയിലധികം സാധാരണ കാണാറില്ല. എന്നാല്‍ വനപ്രദേശങ്ങളില്‍‌പ്പോലും കടുത്ത വനനശീകരണവും, ഔചിത്യ രഹിതമായ കൃഷിരീതികളും വഴി ഈ മേല്‍‌മണ്ണിന്റെ കനം ഏതാനും സെന്രീമീറ്ററുകള്‍ മാത്രമായി ചുരുങ്ങിവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വനമണ്ണിന്റെ കടുത്ത തവിട്ടുനിറം തന്നെ അതിന്റെ ജൈവാംശത്തെയാണ് പ്രകടമാക്കുന്നത്. എന്നാല്‍ വന നശീകരണം നടന്നശേഷം മണ്ണില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ഈ ജൈവാംശം ഓക്സീകരിക്കപ്പെടുകയും തന്മൂലം തവിട്ടുനിറം മാറി ചുവന്ന മണ്ണായിത്തീരുകയും ചെയ്യുന്നു. വയലിലെ കറുത്ത ചെളി ഉപയോഗിച്ചുണ്ടാക്കുന്ന ഇഷ്ടിക, ചുട്ടെടുക്കുമ്പോള്‍ ചുവന്ന ഇഷ്ടികയായി മാറുന്നു. അതേ പ്രക്രിയ തന്നെയാണ് വന നശീകരണം മൂലം മണ്ണിലും സംഭവിക്കുന്നത്.
സസ്യങ്ങളാണ് മണ്ണിലെ ജൈവാംശത്തിന്റെ പ്രധാന ഉറവിടം അവയുടെ വേരുകളും മറ്റ് ഭാഗങ്ങളും ആണ്ടോടാണ്ട് മണ്ണില്‍ അഴുകിച്ചേരുന്നു. സൂഷ്മജീവികളുടെ പ്രവര്‍ത്തനഫലമായി അവ വിഘടിക്കപ്പെടുകയും മേല്‍ നിരകളില്‍നിന്ന് കീഴ്നിരകളിലേയ്ക്ക് വാര്‍ച്ച ജലത്തോടൊപ്പം ആവഹിക്കപ്പെടുകയും ചെയ്യുന്നു.
ജന്തുക്കള്‍ വഴിയും നല്ലൊരു പങ്ക് ജൈവാംശം മണ്ണില്‍ ചേര്‍ക്കപ്പെടുന്നു. അവയുടെ വിസര്‍ജ്യ വസ്തുക്കളിലൂടെയാണ് ജൈവാംശത്തിന്റെ മുഖ്യഭാഗവും മണ്ണിലെത്തുന്നത്. മണ്ണിര, ഉറുമ്പ് തുടങ്ങിയ ചെറു ജീവികളും ജൈവാംശത്തെ മണ്ണിലെ വിവിധ നിരകളിലേയ്ക്കെത്തിക്കുവാന്‍ സഹായിക്കുന്നുണ്ട്.
സസ്യകലകളുടെ രാസസ്വഭാവം വളരെ സങ്കീര്‍ണമാണ്. അതിനാല്‍ അവയുടെ സാന്നിധ്യം മണ്ണില്‍ വളരെയധികം വൈവിധ്യമേറിയ പ്രക്രിയകള്‍ക്കിടയാക്കുന്നു. സസ്യാവശിഷ്ടങ്ങള്‍ മണ്ണില്‍ ചെരുമ്പോള്‍ സൂഷ്മജീവികളുടെ എണ്ണം വളരെവേഗത്തില്‍ പെരുകുകയും അവയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായിത്തീരുകയും ചെയ്യുന്നു. ഇതിനു കാരണം അവയിലടങ്ങിയിട്ടുള്ള കാര്‍ബണിന്റെ ലഭ്യതയാണ്. ജൈവാംശത്തിലടങ്ങിയിട്ടുള്ള പഞ്ചസാരക, പ്രോട്ടീനുകള്‍, കൊഴുപ്പുകള്‍ എന്നിവയുടെ ഓക്സീകരണം വഴിയാണ് സൂഷ്മജീവികള്‍ ഊര്‍ജ്ജം സമ്പാദിക്കുന്നത്. സൂഷ്മജീവികളുടെ പ്രവര്‍ത്തനം വഴി എളുപ്പത്തില്‍ വിഘടിക്കപ്പെടുന്ന ജൈവാംശഘടകങ്ങള്‍ അവയുടെ ഊര്‍ജ്ജാവശ്യത്തിന് ഉപയോഗപ്പെടുത്തുകയും സാവധാനം വിഘടിക്കുന്നവയും തീരെ വിഘടിക്കാത്തവയുമായ ഭാഗങ്ങള്‍ ചേര്‍ന്ന് മണ്ണിലെ ജൈവാംശശേഖരമായ ക്ലേഭം അഥവാ 'ഹ്യൂമസ്സ്' ആയിത്തീരുകയും ചെയ്യുന്നു.ലിഗ്നിന്‍, കൌഴുപ്പുകള്‍, അരക്കുകള്‍, സെല്ലുലോസ്, ഹെവിസെല്ലുലോസ് എന്നീ യൗഗികങ്ങളാണ് മുഖ്യമായും ക്ലേഭത്തില്‍ അടങ്ങിയിരിക്കുന്നത്.
മണ്ണിന്റെ ഫലബൂയിഷ്ടതയെ നിയന്ത്രിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്ന ഒന്നത്രെ മണ്ണിലെ ജൈവാംശം. കടലോരത്തെ മണലില്‍ ജൈവാംശത്തിന്റെ അളവ് തീരെ കുറഞ്ഞിരിക്കുന്നു. വനമണ്ണുകളിലും, കുട്ടനാട് പോലെയുള്ള ജലനിമഗമായ പ്രദേശങ്ങളിലെ കരിനിലങ്ങളിലും, ജൈവാംശത്തിന്റെ തോത് താരതമ്യേന ഉയര്‍ന്നിരിക്കുന്നു. മണ്ണിലെ ജലസംഭരണശേഷി, ഘടന, പോഷകമൂല്യങ്ങള്‍ ഉള്‍‌ക്കൊള്ളുവാനുള്ള കഴിവ് എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നതിന് ജൈവാശം കൂടിയേ തീരൂ. ഇതിന് പുറമേ ഇരുമ്പ്, സല്‍ഫര്‍, ഫോസ്ഫറസ് മറ്റ് സൂഷ്മ മൂലകങ്ങള്‍ എന്നിവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ജൈവാംശം സഹായിക്കും. നമ്മുടെ മണ്ണുകളിലെ ലഭ്യമായ ചെളിധാതു കയോളിനൈറ്റ് ആണ്. ഇവയുടെ പോഷകമൂള്യ സംഭരണശേഷി തുലോം കുറവാണ്. അതിനാല്‍ ഇത്തരം മണ്ണുകളില്‍ ചേര്‍ക്കുന്ന രാസവളങ്ങളില്‍ ഏറിയ പങ്കും വാര്‍ച്ച ജലത്തോടൊപ്പം മണ്ണില്‍നിന്നും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ലേയത്വം കൂടിയ നൈട്രജന്‍ വളങ്ങളും, പൊട്ടാഷ് വളങ്ങളും ജൈവാംശം കുറഞ്ഞ മണ്ണുകളില്‍ ചേര്‍ക്കുമ്പോള്‍ അതിലെ സിംഹഭാഗവും സസ്യങ്ങള്‍ക്ക് കിട്ടാത്ത അവസ്ഥയാണ് ഉണ്ടാവുക. ഇതിനെ സംബന്ധിച്ച് നടത്തിയ പഠനങ്ങളില്‍ നിന്നും നൈട്രജന്‍ വളങ്ങളുടെ 60 മുതല്‍ 75 ശതമാനം വരെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും നഷ്ടപ്പെടുന്നതായി തെളിഞ്ഞിട്ടുണ്ട്. പൊട്ടാഷ് വളങ്ങളുടെ നഷ്ടവും ഏതാണ്ട് ഇതിനോടടുത്ത് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ജൈവാംശം അധികമുള്ള മണ്ണുകളില്‍ ഇത്തരത്തിലുള്ള വളനഷ്ടം വളരെയേറെ കുറഞ്ഞിരിക്കുന്നുവെന്നും പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ രാസവളങ്ങളുടെ പ്രയോഗക്ഷമത വര്‍ദ്ധിക്കുന്നതിന് ജൈവാംശം ഒരവശ്യഘടകമാണെന്ന് പറയേണ്ടതില്ലല്ലോ.
ഇരുമ്പ്, അലുമിനിയം സംയുക്തങ്ങള്‍ അധികരിച്ചിട്ടുള്ളതും അമ്ലതയേറിയതുമായ കേരളത്തിലെ മുഖ്യ മണ്ണിനങ്ങളിലെല്ലാം ഫോസ്ഫറസ് വളങ്ങള്‍ കാര്യമായ പ്രയോജനം നല്‍കുന്നില്ലായെന്നും പരീക്ഷണങ്ങളില്‍നിന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ജൈവാംശം അധികമുള്ള മണ്ണുകളില്‍ ഫോസ്ഫറസ് വളങ്ങളുടെ പ്രയോഗക്ഷമത കാര്യമായി മെച്ചപ്പെടുമെന്ന് പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു.
മണ്ണില്‍സ്വതവേ കാണുന്ന ജൈവാംശം നഷ്ടപ്പെടുന്നത് സൂര്യതാപവും, സൂഷ്മജീവികളുടെ പ്രവര്‍ത്തനഫലവും കാരണമാണെന്ന് മുന്‍പ് പ്രസ്താവിച്ചുവല്ലോ. അതിനാല്‍ കൃഷിയിടങ്ങളില്‍ അധികരിച്ച് നടത്തപ്പെടുന്ന വെട്ടും, കിളയും, ഉഴവും കാരണം ജൈവാംശം പെട്ടെന്ന് നഷ്ടപ്പെടുവാനിടയാകുന്നു. ഇതുകാരണമാണ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ അത്യാവശ്യത്തിനുമാത്രം ഉഴവ് നടത്തുക എന്ന സമ്പ്രദായത്തിന് ഈയിടെയായി പ്രചാരം സിദ്ധിച്ചുവരുന്നത്.
മണ്ണിലെ ജൈവാംശം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം ജൈവവളങ്ങള്‍ ചേര്‍ത്ത് കൃഷി നടത്തുക എന്നതാണ്. കാലിവളം, കമ്പോസ്റ്റ്, പച്ചിലവളം, മീന്‍വളം, എല്ലുപൊടി എന്നിവയെല്ലാം ജൈവവളങ്ങളുടെ കൂട്ടത്തില്‍ ഉള്‍‌പ്പെടുന്നു. സസ്യാവശിഷ്ടങ്ങളില്‍നിന്നും ലഭിക്കുന്ന ജൈവവളത്തില്‍ സസ്യങ്ങള്‍ക്കാവശ്യമായ എല്ലാ മൂലകങ്ങളും അടങ്ങിയിരിക്കുമ്പോള്‍ രാസവളങ്ങളില്‍ ഏതാനും ചില മൂലകങ്ങള്‍ മാത്രമേ അടങ്ങിയിട്ടുള്ളു എന്ന കാര്യം വിസ്മരിക്കരുത്. കൃഷിയിടങ്ങളുടെ വിസ്തൃതി വര്‍ദ്ധിക്കുകയും ഒരുപ്പൂ നിലങ്ങള്‍ ഇരുപ്പൂ നിലങ്ങളാകുകയും ചെയ്തതോടെ ജൈവവളങ്ങള്‍ ഇന്ന് സുലഭമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. അതോടൊപ്പം കാലിവളത്തിന്റെയും, തോലിന്റെയും വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരമൊരു ചുറ്റുപാടില്‍ ജൈവ വളങ്ങളുടെ സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആരംഭിച്ചേ തീരൂ. കിട്ടാവുന്ന എല്ലാ സസ്യങ്ങളെയും, ജൈവാവശിഷ്ടങ്ങളെയും ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മ്മിക്കുക എന്നതാണ് ഇക്കാര്യത്തിലവലംബിക്കാവുന്ന ഫലപ്രദമായ മാര്‍ഗ്ഗം. ഓരോ കൃഷിയിടത്തോടുമൊപ്പം ഇത്തരം കൂട്ടുവളനിര്‍മ്മാണത്തിനുള്ള ഏര്‍പ്പാടുകളുണ്ടാക്കുകയും തരിസു നിലങ്ങളിലും വേലിയരികിലും പച്ചില വളച്ചെടികള്‍ നട്ടുവളര്‍ത്തുകയും ചെയ്യുവാന്‍ നമ്മുടെ കര്‍ഷകര്‍ ശ്രമിക്കുന്ന പക്ഷം ജൈവവളക്ഷാമം വലിയൊരളവുവരെ പരിഹരിക്കാന്‍ കഴിയും.
കുറെ നാളുകളായി പ്രചാരം സിദ്ധിച്ചുവരുന്ന ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നും ഉപോല്പന്നമായി കിട്ടുന്ന ജൈവവളം വളരെയേറെ ഗുണമൂല്യമുള്ളതാണ്. അതുപോലെതന്നെ നമ്മുടെ ജലാശയങ്ങളിലും വയലുകളിലുമൊക്കെ ഒരു മാരകമായ വിനയായി തീര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ പായല്‍, കുളവാഴ എന്നീ കളസസ്യങ്ങളെ ബയോഗ്യാസ് പ്ലാന്റുകളില്‍ ഉപയോഗിച്ച് ലഭിക്കുന്ന വിത്തുകളില്ലാത്ത ജൈവവളം അവയുടെ ശല്യം കുറക്കുന്നതിനും സഹായിക്കും. മനുഷ്യവിസര്‍ജ്യവും ബയോഗ്യാസ് പ്ലാന്റുകളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
മണ്ണിന്റെ ജീവന്‍ നിലനിറുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ജൈവാംശം നല്‍കുന്ന ജൈവവളങ്ങളുടെ ഉല്പാദനവും ഉപയോഗവും പരമാവധി ശ്രദ്ധിക്കുന്നതില്‍ കേരളത്തിലെ പ്രബുദ്ധരായ കര്‍ഷകര്‍ കാര്യമായ ശ്രദ്ധ പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2 comments:

പാവപ്പെട്ടവൻ said...

അതിനാല്‍ കൃഷിയിടങ്ങളില്‍ അധികരിച്ച് നടത്തപ്പെടുന്ന വെട്ടും, കിളയും, ഉഴവും കാരണം ജൈവാംശം പെട്ടെന്ന് നഷ്ടപ്പെടുവാനിടയാകുന്നു.
കൃഷി ഇടങ്ങള്‍ നിരത്തി ഫ്ലാറ്റുകള്‍ പണിയുന്ന നമ്മള്‍ക്ക് എവിടെ ഇതിനെ സരക്ഷിക്കാന്‍ കഴിയും

bincy said...

Please change the background colour of the blog. It is difficult to read. Please change it into an eye friendly colour. thanks.