ബ്ലോഗില്‍ തെരയുക

Friday, July 31, 2009

ആസിയാന്‍ കരാറിന്റെ ചതിക്കുഴികള്‍

കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് കാരണം കാലാവസ്ഥ വ്യതിയാനമോ വരള്‍ച്ചയോ വെള്ളപ്പൊക്കമോ കീട - രോഗ ശല്യമോ കാരണമുണ്ടായ കൃഷിനാശം മൂലമല്ലെന്നും കഴിഞ്ഞ ഒന്നരദശകത്തിലേറെയായി ഇന്ത്യന്‍ ഭരണനേതൃത്വം അനുവര്‍ത്തിച്ചുവരുന്ന നവലിബറല്‍ നയങ്ങള്‍മൂലമാണെന്നും സോണിയാഗാന്ധിയും, മന്‍മോഹന്‍സിങ്ങും, മൊണ്ടേക്‌സിങ്ങ് അലുവാലിയയും, പി. ചിതംബരവും, ശരത്പവാറും സമ്മതിച്ചുതരില്ല. ആഗോളമാന്ദ്യത്തിന്റെ മുന്നിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വലിയ കുറവുണ്ടായില്ല എന്ന് വീമ്പിളക്കുന്ന അവര്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ കേവലം രണ്ടുശതമാനത്തില്‍ താഴെമാത്രമായിരുന്നുവെന്നത് സമ്മതിക്കുമോ? രണ്ടായിരാമാണ്ടുകളുടെ ആദ്യവര്‍ഷത്തില്‍ അരങ്ങേറിയ ലക്ഷക്കണക്കിന് കര്‍ഷക ആത്മഹത്യകളുടെ ആവര്‍ത്തനം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആസിയാന്‍ കരാര്‍ നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയിലുണ്ടാകുമെന്നു് ഉറപ്പാണ്. ഇതിന്റെ ഏറ്റവും വലിയ ആഘാതം നേരിടേണ്ടിവരിക കേരളത്തിലെ മലയോര കര്‍ഷകരും തീരദേശത്തെ മത്സ്യ തൊഴിലാളികളും കയര്‍ - കൈത്തറി - കശുവണ്ടി തുടങ്ങിയ പരമ്പരാഗത മേഖലയിലെ തൊഴിലാളികളുമായിരിക്കും. ഈ പശ്ചാത്തലത്തില്‍ ഉദാരവല്‍ക്കരണത്തിന്റെ പാത സ്വീകരിച്ചശേഷം ഇന്ത്യ നടപ്പാക്കിയതും നടപ്പാക്കാന്‍ പോകുന്നതുമായ സ്വതന്ത്ര വ്യാപാര കരാറുകളുടെ നിജസ്ഥിതി പരിശോധിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.

ആസിയാന്‍ കരാറിന്റെ യഥാര്‍ത്ഥ ചിത്രം രാജ്യത്തിനും ജനങ്ങള്‍ക്കും മുമ്പില്‍ വെളിപ്പെടുത്താന്‍
പ്രധാനമന്ത്രിയും കേരളനേതാക്കളും കൂട്ടാക്കാതിരിക്കുന്നത് ബോധപൂര്‍വ്വമാണ്. ഇന്ത്യ ഈ കരാറിന് അന്തിമ തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു എന്നതാണ് വസ്തുത, പൂര്‍ണ കീഴടങ്ങലിലാണ് ഇന്ത്യ. ഇനി ഈ കരാറില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഒരു സാധ്യതയും കാണുന്നില്ല. അടുത്ത ദോഹ ഉച്ചകോടിയില്‍ ഇന്ത്യ സ്വീകരിക്കാന്‍ പോകുന്ന നയ സമീപനങ്ങളുടെ നാന്ദികൂടിയാണ് ഈ കരാര്‍.

1994 ഏപ്രില്‍ 16 ന്‌ ഒപ്പുവെച്ച ഗാട്ട്കരാര്‍ പകാരം 1995 ജനുവരി ഒന്നിന്‌ നിലവില്‍ വന്ന ലോകവ്യാപാരസംഘടനയില്‍ ഇന്ത്യ അംഗമായിചേര്‍ന്നത്‌ വേണ്ടത്ര ഗൃഹപാഠമോ മുന്‍കരുതലുകളോ നടത്താതെയായിരുന്നു. ഏറെ സാമ്പത്തികവളര്‍ച്ച നേടിയ ചൈന നീണ്ട 15 വര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ്‌ ഡബ്ല്യു ടി ഒയില്‍ അംഗമായത്‌. റഷ്യ യാകട്ടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന്‌ ശേഷമാണ്‌ ഡബ്ല്യു ടി ഒയില്‍ പ്രവേശനം നേടിയത്‌. അപക്വമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ആരെയും പിന്നിലാക്കുന്ന നമ്മുടെ കേന്ദ്രനേതൃത്വം കക്ഷിഭേദമെന്യേ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും വലയില്‍ വീണതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.

ജനീവയിലും സിയാറ്റിലിലും ദോഹയിലും കാന്‍കൂണിലും ഹോങ്കോങ്ങിലും നടന്ന ലോകവ്യാപാരചര്‍ച്ചകളില്‍ വാണിജ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വലിയ പടയൊരുക്കത്തോടെ പങ്കെടുത്തിട്ടും ഇന്ത്യയിലെ കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടെയും മത്സ്യത്തൊഴിലാളികളുടെയും കൈത്തറി മേഖലയുടെയും താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ അമ്പേ പരാജയപ്പെടുകയാണുണ്ടായത്‌. ദോഹവട്ടചര്‍ച്ച തന്നെ അവതാളത്തിലാകുമെന്ന ആശങ്കയാണ്‌ ഇന്ന്‌ നിലനില്‍ക്കുന്നത്‌. നാളിതുവരെയുള്ള അനുഭവം പരിഗണിച്ചാല്‍ ലോകവ്യാപാര കരാര്‍ നടപ്പാക്കിയതുവഴി ഇന്ത്യയിലെ കുറെ ആയിരം "സൈബര്‍ കൂലികള്‍ക്ക്‌ അമേരിക്കയിലും യൂറോപ്പിലും കരാര്‍ പണിക്ക്‌ അവസരം ലഭിച്ചുവെന്നതിലുപരി എന്ത്‌ നേട്ടമാണ്‌ നമ്മുടെ കാര്‍ഷിക വ്യവസായ ആരോഗ്യമേഖലകളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതെന്ന് ഇന്ത്യന്‍ ഭരണ കൂടം വ്യക്തമാക്കേണ്ടതല്ലേ? ഇന്ന്‌ അവരുടെ കാര്യവും കഷ്‌ടത്തിലാണ്‌. ഇക്കാലയളവില്‍ ഇന്ത്യന്‍ വിപണിയും ഷെയര്‍ മേഖലയും ഇന്‍ഷുറന്‍സ്‌, ബാങ്കിംഗ്‌ തുടങ്ങിയ മറ്റു സാമ്പത്തിക മേഖലകളിലും വിദേശ നിക്ഷേപകര്‍ക്ക്‌ പച്ചപ്പരവതാനി വിരിക്കുവാനല്ലേ നമ്മുടെ ഭരണകര്‍ത്താക്കള്‍ ശ്രമിച്ചുപോന്നത്‌. നിനച്ചിരിക്കാതെ ലോക മുതലാളിത്തത്തെ ഗ്രസിച്ച ആഗോളസാമ്പത്തിക മാന്യം വന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ ബഹുസഹസ്രം സാധാരണക്കാരുടെ ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നുവെന്ന്‌ ഊഹിക്കാന്‍ പോലും സാധ്യമല്ല.

ബഹുതലവ്യാപാരക്കരാറിന്റെ പ്രത്യാഘാതങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കെയാണ് വേണ്ടത്ര വീണ്ടുവിചാരമില്ലാതെ ഉഭയകക്ഷി കരാറുകളിലും പ്രാദേശിക സ്വതന്ത്രവ്യാപാരക്കരാറുകളിലും ഇന്ത്യാ മഹാരാജ്യം വീഴുന്നത്. 1998 ഡിസംബര്‍ 28 ന്‌ ഒപ്പുവെച്ചതും 2000 മാര്‍ച്ച്‌ ഒന്നു മുതല്‍ നിലവില്‍ വന്നതുമായ ഇന്ത്യ ̨ ശ്രീലങ്കകരാറാണ്‌ ആദ്യത്തെ പ്രധാന ഉഭയകക്ഷിക്കരാര്‍. തുടര്‍ന്ന്‌ 2002 മാര്‍ച്ചില്‍ ഇന്ത്യ ̨ നേപ്പാള്‍ കരാര്‍ നിലവില്‍ വന്നു. മൗറീഷ്യസ്‌, മലേഷ്യ, തായ്‌ലന്റ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യ ഒപ്പുവെക്കുകയുണ്ടായി. എന്നാല്‍ ഈ കരാറുകളെക്കാളെല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ്‌ സ്വതന്ത്രവ്യാപാരമേഖലകളെ സംബന്ധിച്ചുള്ള ബഹുകക്ഷിക്കരാറുകള്‍.

2006 ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്ന ദക്ഷിണേന്ത്യന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ (സാഫ്‌ത്ത) സാര്‍ക്ക്‌ രാജ്യങ്ങള്‍ തമ്മിലുള്ള വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഉടമ്പടിയാണ്. 1995 ല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ്‌ എന്നിവ ചേര്‍ന്ന്‌ പരസ്‌പര സഹകരണത്തിനായി രൂപീകരിച്ച സഖ്യമാണ്‌ സാര്‍ക്ക്‌ എന്നറിയപ്പെടുന്നത്‌. 2004 ല്‍ ഇസ്ലാമാബാദില്‍ ഒപ്പുവെച്ച സാഫ്‌ത്ത കരാര്‍ ഇപ്പോള്‍ പ്രയോഗത്തിലാണ്‌. സാര്‍ക്ക്‌ രാജ്യങ്ങളെ തീരെ അവികസിതമെന്നും അവികിസതമല്ലാത്തവയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്‌. ഇന്ത്യാ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവ അവികസിതമല്ലാത്ത ഗണത്തിലും ഭൂട്ടാന്‍, മാലിദ്വീപ്‌, നേപ്പാള്‍, ബംഗ്ലാദേശ്‌ എന്നിവ തീരെ അവികസിതം എന്നുമാണ്‌ ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്രവ്യാപാരം മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ തമ്മില്‍ നടപ്പാക്കുന്നതിനുള്ള നിബന്ധനകളും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അന്നത്തെ കരാര്‍ അനുസരിച്ച് രണ്ട്‌ വര്‍ഷത്തിനുള്ളില്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവ വിവിധ ഉത്‌പനങ്ങളുടെ ഇറക്കുമതിച്ചുങ്കം 20 ശതമാനമായി കുറക്കണമെന്നും മറ്റുതീരെ അവികസിതരാജ്യങ്ങള്‍ ഇറക്കുമതിച്ചുങ്കം 30 ശതമാനമായി കുറക്കണമെന്നും നിര്‍‌ദ്ദേശിച്ചിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും പാകിസ്ഥാനും ഇറക്കുമതി തീരുവപൂജ്യം മുതല്‍ അഞ്ചു ശതമാനം വരെയും (ശ്രീലങ്ക ആറുവര്‍ഷത്തിനുശേഷം) മറ്റു രാജ്യങ്ങള്‍ നിരക്ക്‌ എട്ടുവര്‍ഷത്തിനുശേഷം കുറവു വരുത്തണമെന്നും നിര്‍‌ദ്ദേശിച്ചിരുന്നു. വ്യാപാര ഉദാരവത്‌കരണത്തിന്റെ ഭാഗമായി 2006 ജൂലൈ മുതല്‍ പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള 380 ഉത്‌പന്നങ്ങളുടെ താരിഫ്‌ നിരക്കില്‍ കുറവുവരുത്തിക്കഴിഞ്ഞു നമ്മള്‍. ഇതനുസരിച്ചുള്ള നികുതി നിരക്കുകള്‍ അഞ്ചു ശതമാനം മുതല്‍ 117.5 ശതമാനം വരെയാണ്‌. ഇതേ രീതിയില്‍ 380 ഇനങ്ങള്‍ക്ക്‌ തീരെ അവികസിതരാജ്യങ്ങളില്‍ നിന്നും അഞ്ചുശതമാനം മുതല്‍ 100 ശതമാനംനിരക്കില്‍ ഇറക്കുമതിയിളവ്‌ അനുവദിച്ചിട്ടുണ്ട്.

സ്വതന്ത്രവ്യാപാരം നിലവില്‍ വരുന്നതോടെ ഓരോ രാജ്യത്തിലും ഉണ്ടായേക്കാവുന്ന ഇറക്കുമതി ഉത്‌പന്നങ്ങളുടെ കുത്തൊഴുക്ക്‌ തടയാന്‍ പ്രാധാന്യമുള്ള കുറെ ഉത്‌പന്നങ്ങളെ സെന്‍സിറ്റീവ്‌ ലിസ്റ്റില്‍ (ദുര്‍ബലപട്ടിക) ഉള്‍‌പ്പെടുത്തുവാന്‍ വ്യവസ്ഥയുണ്ട്‌. കേരളത്തെ സംബന്ധിച്ചിടത്തോളം സാര്‍ക്ക്‌ രാജ്യങ്ങളിലെ കാര്‍ഷികോത്‌പന്നങ്ങള്‍ മിക്കവയും നമ്മുടെ കാര്‍ഷികോത്‌പന്നങ്ങളുമായി ഒട്ടേറെ സമാനതകളുള്ളതിനാല്‍ ഈ കരാറിന്റെ മറവില്‍ കാര്‍ഷികോത്‌പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക്‌ ഒഴുകിയെത്തുന്നത്‌ വലിയ തിരിച്ചടിയാണ്‌. ഇതിനു റൂള്‍സ്‌ ഓഫ്‌ ഒറിജിന്‍ (ഉത്ഭവരാജ്യം) എന്ന വ്യവസ്ഥ പല രാജ്യങ്ങളും പാലിക്കാറില്ല എന്നതാണ്‌ യാഥാര്‍ഥ്യം. ഇതനുസരിച്ച് തായ്‌ലാന്റ്, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും കുറഞ്ഞ വിലക്കുള്ള കുരുമുളക്‌ നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അവരുടേതെന്ന പേരില്‍ ഇന്ത്യയിലെത്തുന്നുണ്ട്‌. ഗ്വാട്ടിമാലയില്‍ നിന്നുള്ള ഏലവും മ്യാന്‍മറില്‍ നിന്നുള്ള ഇഞ്ചിയും മഞ്ഞളും കെനിയയില്‍ നിന്നുള്ള തേയിലയും ഫിലിപ്പൈന്‍സില്‍ നിന്നുള്ള നാളീകേരോത്‌പന്നങ്ങളും സാര്‍ക്ക്‌ കരാറിന്റെ മറവില്‍ ഇന്ത്യയിലെത്തുന്നു. ഈ നിയമവിരുദ്ധ ഇറക്കുമതി നേരിടാന്‍ പല നിര്‍ദ്ദേശങ്ങളും കേരളം 2006 മാര്‍ച്ച്‌ ഏഴിന്‌ കേന്ദ്രത്തിന്റെ മുന്നില്‍ സമര്‍പ്പിച്ചിട്ടും ഒന്നു പോലും നാളിതുവരെ നടപ്പാക്കാനായിട്ടില്ല. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശ്രീലങ്കയില്‍ നിന്നുള്ള കുരുമുളകിന്റെ ഇറക്കുമതിക്ക്‌ അളവുനിയന്ത്രണം ഏര്‍‌പ്പെടുത്തുക, ഇറക്കുമതി ചെയ്‌ത ശേഷം കയറ്റുമതിക്കുള്ള കുരുമുളകിന്റെ മൂല്യവര്‍ധന 30 ശതമാനമെങ്കിലുമാക്കുക, ഇറക്കുമതി ചെയ്യപ്പെടുന്ന കേരളത്തിന്‌ താത്‌പര്യമുള്ള ഉത്‌പന്നങ്ങള്‍ മെച്ചപ്പെട്ട പരിശോധനക്കായി കൊച്ചി തുറമുഖം വഴി അയക്കുക എന്നിവയായിരുന്നു. പാമോയിലിന്റെ ഇറക്കുമതി ബേപ്പൂരിലും കൊച്ചിയിലും വഴി നടത്തിയിരുന്നത്‌ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുഭവിച്ച വിഷമതകള്‍ ഇത്തരുണത്തില്‍ ഓര്‍‌ക്കേണ്ടതാണ്. മേല്‍ നിയന്ത്രണങ്ങളെല്ലാം ഉണ്ടായിട്ടും ശ്രീലങ്ക വഴിയുള്ള കാര്‍ഷികോത്‌പന്നങ്ങളുടെ ഇറക്കുമതി കാരണം കേരളത്തിലെ കുരുമുളക്‌, ഏലം, അടക്ക, റബ്ബര്‍, കാപ്പി, ഇഞ്ചി, മഞ്ഞള്‍, നാളീകേരോത്‌പന്നങ്ങള്‍, കയര്‍, കശുവണ്ടി, തേയില എന്നിവയ്ക്കെല്ലാം ഗുരുതരമായ വിലയിടിവ്‌ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. താരതമ്യേന ചെറിയ രാജ്യങ്ങളായ നേപ്പാളും ശ്രീലങ്കയും നടത്തുന്ന കയറ്റുമതി വിപണിയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വേണം വരുന്ന ഡിസംബറില്‍ നിലവില്‍ വരുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്ന ആസിയാന്‍ കരാറിനെ വിലയിരുത്തേണ്ടത്‌.

വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലന്റ്, സിംഗപ്പൂര്‍, ബ്രൂണായ്‌, കമ്പോഡിയ, ലാവോസ്‌, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പെന്‍സ്‌ എന്നീ 10 രാജ്യങ്ങളുമായി ഏര്‍‌പ്പെടുന്ന കരാറിനെയാണ്‌ ദക്ഷിണപൂര്‍‌വ്വേഷ്യന്‍ കരാര്‍ അഥവാ ആസിയാന്‍ കരാര്‍ എന്നറിയപ്പെടുന്നത്‌. ഇപ്പോള്‍ പ്രധാനമായും കാര്‍ഷികോത്‌പന്നങ്ങളെയും സമുദ്രാത്‌പന്നങ്ങളെയും തുണിത്തരങ്ങളെയും ആണ്‌ കരാറിന്റെ പരിധിയില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. കരാറിന്റെ രണ്ടാംഘട്ടമായി സേവനനിക്ഷേപമേഖലകളിലെ സഹകരണത്തിനുള്ള നിബന്ധനകളും അംഗീകരിക്കപ്പെടുന്നത്. പാമോയില്‍ അടക്കമുള്ള ഭക്ഷ്യ എണ്ണകള്‍, കുരുമുളക്‌, തേയില, ഏലം, കാപ്പി, റബ്ബര്‍, അടക്ക, കശുവണ്ടി, മഞ്ഞള്‍, ഇഞ്ചി, കയര്‍, ചകിരിനാര്‌, മറ്റ്‌ സുഗന്ധവ്യഞ്‌ജനങ്ങള്‍ സമുദ്രോത്പന്നങ്ങള്‍ തുടങ്ങി മുന്നൂറിലേറെ കാര്‍ഷികോത്‌പന്നങ്ങളും മറ്റ്‌ സംസ്‌കരിച്ച ഉത്‌പന്നങ്ങളും യാതൊരു അളവുനിയന്ത്രണവുമില്ലാതെ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്നതാണ്‌ നിര്‍ദ്ദിഷ്‌ട ആസിയാന്‍ കരാര്‍. സാര്‍ക്ക്‌ കരാറില്‍ നിര്‍‌ദ്ദേശിച്ചിരുന്നത് മാതിരിയുള്ള യാതൊരു നിയന്ത്രണ പട്ടികയും ആസിയാന്‍ കരാറിലില്ല എന്നതാണ്‌ എടുത്തുപറയേണ്ട ഗൗരവമേറിയ വസ്‌തുത.

ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ചൈനയുടെ മുന്നേറ്റത്തെ ചെറുക്കുന്നതിനും കരാര്‍ അനിവാര്യമാണെന്നും ഇനി ഇതില്‍ നിന്നും പിന്‍മാറാനാകില്ലെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ആസിയാന്‍ രാജ്യങ്ങളുടെ വാശിക്കുമുന്നില്‍ കേന്ദ്രം കീഴടങ്ങിയതിന്റെ തെളിവാണ്‌ ഈ പ്രസ്‌താവന. അസംസ്‌കൃത ഭക്ഷ്യ എണ്ണകള്‍, കുരുമുളക്‌, തേയില, കാപ്പി എന്നിവയുടെ തീരുവ കുറക്കല്‍ നടപടി 2018 വര്‍ഷത്തോടെ പൂര്‍ത്തിയാക്കണമെന്നുമാണ്‌ ആസിയാന്‍ രാജ്യങ്ങള്‍ വാശിപിടിച്ചിരിക്കുന്നത്‌. തീരുവരഹിത പട്ടികയില്‍ കൂടുതല്‍ ഉത്‌പന്നങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടിരുന്നു. തീരുവ അമ്പത് ശതമാനം ആക്കാമെന്നും ഘട്ടം ഘട്ടമായി 2022 വര്‍ഷത്തോടെ അത്‌ പൂര്‍ത്തിയാക്കാമെന്നുമുള്ള ഇന്ത്യയുടെ നിലപാടില്‍ നിന്ന്‌ നാം പിന്നോട്ടുപോയിരിക്കുകയാണ്‌. തീരുവ കുറക്കാന്‍ സമ്മതമല്ലാത്ത ദുര്‍ബല ഉത്‌പന്നപപട്ടികയില്‍ 490 ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും മുമ്പ് നടത്തിയ ചര്‍ച്ചയില്‍ സമവായത്തിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ഉത്‌പന്നങ്ങള്‍ ദുര്‍ബലപട്ടികയില്‍ നിന്നു പുറത്തുപോയിരിക്കുന്നു. തേയിലയും കാപ്പിയും കുരുമുളക്‌ അടക്കമുള്ള സുഗന്ധവ്യഞ്‌ജനങ്ങളും സമുദ്രാത്‌പന്നങ്ങളും നാളികേരോത്‌പന്നങ്ങളും റബ്ബറും ദുര്‍ബലപട്ടികയില്‍ നിന്ന്‌ പുറത്തുപോയാല്‍ ഉണ്ടാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കേരളത്തിലെ ഒന്നരക്കോടിയിലധികം വരുന്ന കര്‍ഷകരുടെയും 20 ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെയും നട്ടെല്ലൊടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാര്‍ക്ക്‌ രാജ്യങ്ങളോടും ആസിയാന്‍ രാജ്യങ്ങളോടും അളവറ്റ മമതയും വ്യാപാരകാര്യങ്ങളില്‍ മൃദുസമീപനവും സ്വീകരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ രാജ്യത്തെ കര്‍ഷകരോട്‌ പൊതുവെയും കേരളത്തോട്‌ പ്രത്യേകിച്ചും കാണിക്കുന്ന ക്രൂരത പൊറുക്കാവുന്നതല്ല.

കൃഷി ഒരു സംസ്ഥാന വിഷയമാണെന്നംഗീകരിച്ച നമ്മുടെ രാജ്യത്ത്‌ സംസ്ഥാന സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയും ജനപ്രതിനിധി സഭകളില്‍ ചര്‍ച്ച ചെയ്യപ്പെടാതെയും നടത്തപ്പെടുന്ന ഇത്തരം കരാറുകളുടെ ഇരകളായ സാമാന്യജനങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും നടത്തുന്ന ഈ അധിനിവേശത്തിനെതിരെ ശക്തമായ പ്രക്ഷോഭം കക്ഷിഭേദമെന്യേ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

23 comments:

vrajesh said...

സ്വാഗതം.കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.ഗൗരവമുള്ള ഒന്നും എഴുതാത്തരാണ്‌ ബ്ലോഗര്‍മാരെന്ന് ഒരു പത്രത്തില്‍ കണ്ടു..

ഉറുമ്പ്‌ /ANT said...

സ്വാഗതം. സാറിനെപ്പോലുള്ളവർ വരുന്നത്‌ ബ്ലോഗിന് പുതിയ മാനങ്ങൾ തീർക്കും.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

‘ബൂലോക’ത്തേക്ക് ഈ എളിയവന്റെ സ്വാഗതം.പോസ്റ്റ് വായിച്ചു.തികച്ചും അവസരോചിതവും കാലിക പ്രസക്തിയുമുള്ള വിഷയം.ബൂലോകത്ത് അധികം ചർച്ച നടന്നില്ല.താങ്കളുടെ ഈ പോസ്റ്റ് അതിനു തുടക്കം കുറിയ്ക്കട്ടെ..

നന്ദി ആശംസകൾ..!

പ്രചാരകന്‍ said...

പ്രസ്കതമായ ലേഖനം. നന്ദി

ബഷീര്‍ വെള്ളറക്കാട്‌ / pb said...

സാമ്രാജ്യത്വത്തിന്റെ കൂട്ടിക്കൊടുപ്പുകാരും കൂടെക്കിടക്കുന്നവരുമായവർക്ക് ഒരു തിരിച്ചറിവുണ്ടായില്ലെങ്കിൽ നമ്മുടെ രാജ്യം ഇനിയുമേറെ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വരും.

ഗാട്ടിന്റെ കാണാചരടിൽ ജീവിതം പൊലിഞ്ഞവരെ മറന്നിരിക്കുന്നു. ഇപ്പോൾ ആസിയാൻ കരാർ കൊണ്ട് മുഖ്യമായും കേരളത്തിന്റെ കാർഷിക മേഖലയുടെ സമ്പൂ‍ർണ്ണ നാശത്തിലേക്ക് വഴി തെളിക്കുന്ന പുതിയ കരാറുകളുമായി ഭരണ കൂടം മുന്നോട്ട് പോകുമ്പോൾ ,അതിനെ പറ്റി ഗൌരവതരമായ ചർച്ചകൾ പോലും നമ്മുടെ മാധ്യമങ്ങൾ നടത്തുന്നില്ല എന്നത് ഖേദകരം തന്നെ.

ലേഖകനും ,ഇത് കാട്ടിത്തന്ന ഫാർമർക്കും നന്ദി..

തുടരുക ഇത്തരം ലേഖനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

ബിനോയ്//Binoy said...

കാണുന്ന ഇലക്ട്രിക് പോസ്റ്റിലെല്ലാം പട്ടി മൂത്രമൊഴിക്കുന്നതുപോലെ കിട്ടുന്ന കടലാസിലെല്ലാം ഒപ്പിട്ടുകൊടുക്കാന്‍ പ്രത്യേക വിമാനത്തില്‍ പറന്നുനടക്കുന്ന മന്ത്രിമാരും ബ്യൂറോക്രാറ്റുകളും ഉണ്ടായിപ്പോയതിന്‍റെ ബാക്കിപത്രം. സ്വന്തം രാജ്യത്തിന്‍റെ താത്പര്യം സം‌രക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും ശേഷിയും ആര്‍ജ്ജവവുമുള്ള നേതാക്കള്‍ മറ്റ് രാജ്യങ്ങള്‍ക്കുണ്ടെങ്കില്‍ അവരെ നോക്കി കൊഞ്ഞനം കുത്തിയിട്ട് കാര്യവുമില്ല.

പ്രസക്തമായ ലേഖനത്തിന് ഡോക്ടര്‍‌ക്ക് നന്ദി :)

keralafarmer said...

ഗാട്ട് കരാറിന്റെ ചതിക്കുഴികള്‍ ജനം മനസിലാക്കിത്തുടങ്ങിയപ്പോഴേക്കും അതിനെ മറികടക്കാന്‍ ഇത് മറ്റൊരു കരാര്‍. കുറെനാളത്തേക്ക് കര്‍ഷകരെ ദ്രോഹിക്കാന്‍ ഇത് മതി. അത് കഴിഞ്ഞ് അടുത്ത കരാര്‍ നമുക്ക് പ്രതീക്ഷിക്കാം.
നല്ലൊരു ലേഖനം ബ്ലോഗിലെത്തിച്ചതിന് ഡോ. തോമസ് വര്‍ഗീസിന് നന്ദി.

Anonymous said...

നല്ല പോസ്റ്റ്.
എന്തിലും കക്ഷി രാഷ്ട്രീയം കാണാത്ത ഒരു സംസ്കാരം നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.

ജയതി said...

സുസ്വാഗതം.

ഡ്രിസില്‍ said...

....................... സ്വതന്ത്രവ്യാപാരവും തുറന്ന കമ്പോളവും അമ്പേ പരാജയപ്പെടും എന്ന് ഉറപ്പുള്ള മറ്റൊരു മേഖലയാണ് കൃഷിയും, അനുബന്ധമേഖലകളും. കൃഷിയെ സ്വതന്ത്രവ്യാപാരത്തിന് വിട്ടുകൊടുക്കാന്‍ അമേരിക്കയും, യൂറോപ്യന്‍ രാജ്യങ്ങളും, ജപ്പാനും മറ്റും വിസമമതിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഈ വികസിതരാജ്യങ്ങളില്‍ കൃഷി-അനുബന്ധമേഖലകള്‍ ഇന്നും ഏറെ സംരക്ഷിതമായി തുടരുന്നു എന്ന കാര്യം ആരും നിഷേധിക്കുന്നില്ലല്ലോ.
..............സ്വതന്ത്രവ്യാപാരവും കൃഷിയും തമ്മില്‍ പൊരുത്തപ്പെടില്ല എന്ന് മേല്‍പറഞ്ഞ വസ്തുതയാണ് ഡബ്ള്യുടിഒ ചര്‍ച്ചകളിലും, ഇന്‍ഡോ-ആസിയാന്‍ കരാറിലും വിസ്മരിക്കപ്പെടുന്നത്. കാര്‍ഷികോല്‍പന്നങ്ങളുടെ ആഭ്യന്തരവിപണിയിലും, സാര്‍വ്വദേശീയ വിപണിയിലും സര്‍ക്കാരോ അന്താരാഷ്ട്ര സമൂഹമോ ഇടപെടേണ്ടതില്ല എന്ന നവലിബറല്‍ സമീപനമാണ് അംഗീകരിക്കപ്പെടുന്നത്. വിലകള്‍ തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്യ്രം പൂര്‍ണ്ണമായും കമ്പോളത്തിന് വിട്ടുകൊടുക്കണം എന്ന ആശയമാണ് മന്‍മോഹന്‍സിങ്ങിന്റെ ആദര്‍ശം. ആ ആദര്‍ശലോകത്തേക്കുള്ള യാത്ര വേണമെങ്കില്‍ അല്‍പം സാവകാശത്തില്‍ ആക്കിത്തരാം എന്നതാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. .............
read more http://workersforum.blogspot.com/2009/08/blog-post_05.html

തറവാടി said...

മലയാളം ബ്ലോഗിലേക്ക് സ്വാഗതം

തറവാടി said...

എന്തുകൊണ്ടാണ് വില കുറച്ച് കേരളത്തില്‍ അല്ലെങ്കില്‍ ഇന്‍‌ഡ്യയില്‍ സാധനങ്ങളിറക്കാന്‍ മറ്റു ആസിയന്‍ രാജ്യക്കാര്‍ക്കാവുന്നതെന്ന് ഒന്ന് വിശദീകരിക്കാമോ?

Manoj മനോജ് said...

തറവാടി, താങ്കള്‍ പ്രതീക്ഷിക്കുന്ന ഉത്തരം തന്നെ... അവിടങ്ങളില്‍ കൂലി കുറവുള്ളത് കൊണ്ട് തന്നെ... കൂടാതെ നിലവാരം കുറയുമ്പോള്‍ വിലയും കുറയും... നിലവാരം നിര്‍ണ്ണയിക്കേണ്ടത് ആരാണ്?

തറവാടി said...

മനോജ്,

കൂലിക്കുറവ് മാത്രമാണോ?
ചെയ്യുന്ന പണിയൊട് ആത്മാര്‍ത്ഥതയും വേണം എന്നാലേ പ്രവര്‍ത്തന ക്ഷമതയുണ്ടാവൂ. അപ്പോഴേ ചുരുങ്ങിയ സമയത്തില്‍ നല്ല സാധനം ചെറിയ ചിലവില്‍ ഉണ്ടാക്കാനാവൂ. എന്താണതിനെപ്പറ്റി താങ്കള്‍ക്ക് പറയാനുള്ളത്? (മെഷിനറിയുടെ കാര്യം അവിടെ നില്‍‌ക്കട്ടെ)

നിലവാരം കുറയുമ്പോള്‍ വിലകുറയും എന്നത് ഒരു വശം ചിന്തമാത്രമാണ്. ലഭ്യതക്കുറവടക്കം പലതും വിലനിശ്ചയത്തില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്.നിലവാരം നിര്‍ണ്ണയിക്കേണ്ടത് നിര്‍മ്മിക്കുന്നവരെന്നാണെങ്കില്‍ അത് അംഗീകരിക്കേണ്ടത് ഉപഭോക്താവാണ്. മുകളില്‍ സൂചിപ്പിച്ചതില്‍ എത്രമാത്രം ശെരിയുണ്ട്? കേരളത്തില്‍ ആനുപാതം എടുക്കുകയാണെങ്കില്‍ കൃഷിക്കാരനാണോ ഉപഭോക്താവാണോ കൂടുതല്‍?

എണ്ണമല്ല എനിക്കറിയേണ്ടത് ഇഫെക്ടീവ് വോളിയമാണ്.

Anonymous said...

തറവാടി,
മനോജ് പറഞ്ഞതിനൊപ്പം ഞാനല്പംകൂടി കൂട്ടിച്ചേര്‍ക്കട്ടെ. അപ്പനപ്പൂപ്പന്മാരുടെ കാലം മുതല്‍ കേരളത്തില്‍ കൃഷിചെയ്യുന്ന നാളികേരം, കുരുമുളക് മതലായവ ദീര്‍ഘകാലം വിളവെടുപ്പിലൂടെ സംഭവിച്ച ന്യൂട്രിയന്റ് മൈനിംഗ് എന്ന പ്രക്രിയ ഉത്പാദന ക്ഷമതയെയും ബാധിക്കുന്നു. ജൈവ സമ്പുഷ്ടമായ മലേഷ്യന്‍ കാടുകളില്‍ അടുത്തകാലത്ത് കൃഷി ആരംഭിച്ച പാം ഓയില്‍ പ്രൊഡക്ടീവിറ്റി കൂടുതലായിരിക്കും. പാം ഓയിലിന്റെ തീരുവരഹിത ഇറക്കുമതി കേരളത്തിലെ നാളികേരകൃഷിയെ ബാക്കിവെയ്ക്കില്ല.

തറവാടി said...

കേരള ഫാര്‍മര്‍,

അതായത് കാരണം എന്തുതന്നെയായാലും നഷ്ടം ഉപഭോക്താവ് അനുഭവിക്കട്ടെ എന്നണോ താങ്കള്‍ പറഞ്ഞുവരുന്നത്? എന്തുതരത്തിലുള്ള നഷ്ടവും ഉപഭോക്താവ് സഹിക്കട്ടെ അല്ലെ?

എന്റെ പ്രധാന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു, ആനുപാതത്തില്‍ കേരളത്തില്‍ കര്‍ഷകാനാണോ ഉപഭോക്താവാണോ( കര്‍ഷകനല്ലാത്ത) കൂടുതല്‍?

keralafarmer said...

തറവാടി,
അതായത് കാരണം എന്തുതന്നെയായാലും നഷ്ടം ഉപഭോക്താവ് അനുഭവിക്കട്ടെ എന്നണോ താങ്കള്‍ പറഞ്ഞുവരുന്നത്?
കേരളത്തിലെ എല്ലാപേരും ഉപഭോക്താവ് തന്നെയാണ്. ഒരുത്പന്നം ഉത്പാദിപ്പിച്ചാലും മറ്റെല്ലാം അയാള്‍ക്ക് വിലക്ക് വാങ്ങേണ്ടിവരും. നഷ്ടകൃഷിചെയ്യാന്‍ ആരെക്കൊണ്ടും കഴിയില്ല. മറ്റു വരുമാന സ്രോതസ്സുള്ളവര്‍ക്ക് കൃഷിഭൂമി തരിശിടാം അല്ലെങ്കില്‍ റീയല്‍ എസ്റ്റേറ്റുകാര്‍ക്ക് കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വില്കാം. മുഖ്യ അജണ്ട കര്‍ഷക സംരക്ഷണം തന്നെയാണ് വേണ്ടത്. ഏറിയ പങ്കും കേരളത്തില്‍ കാര്‍ഷികേതര വരുമാനം ഉള്ളവരാണ്. അപ്പോള്‍ ഉപഭോക്താവെന്ന വ്യക്തി നെല്‍കൃഷിചെയ്യാതെ മൂന്നുനേരം നെല്ലരി ആഹാരം കഴിക്കുമ്പോള്‍ 1983 ല്‍ 100 രൂപ വരുമാനമായിരുന്നത് 2008 ല്‍ 1382 ആയി വര്‍ദ്ധിച്ചെങ്കില്‍ അരിയുടെ വിലയും അതേ അനുപാതത്തില്‍ വര്‍ദ്ധിക്കേണ്ടതല്ലെ? ഇതേ അനുപാതം തന്നെയാണ് തൊഴിലാളി വേതനത്തിലും.
എന്തുതരത്തിലുള്ള നഷ്ടവും ഉപഭോക്താവ് സഹിക്കട്ടെ അല്ലെ?
ഉപഭോക്താവിന് ലാഭവും കര്‍ഷകന് നഷ്ടവും ആയാല്‍ കൃഷി ആര് ചെയ്യും? ഇതിന് പരിഹാരമെന്ന നിലക്കാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന തണല്‍ എന്ന സംഘടന കര്‍ഷകരെയും ഉപഭോക്താക്കളെയും ഏകോപിപ്പിച്ചുകൊണ്ട് ഇടനിലക്കാരില്ലാത്ത വിപണി സാധ്യമാക്കുന്നത്. അവിടെ ഉപഭോക്താവ് സ്വയം തയ്യാറാവുന്നു കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുവാനും പരിഹരിക്കുവാനും.

എന്റെ പ്രധാന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു, ആനുപാതത്തില്‍ കേരളത്തില്‍ കര്‍ഷകാനാണോ ഉപഭോക്താവാണോ( കര്‍ഷകനല്ലാത്ത) കൂടുതല്‍?
എല്ലാപേരും ഉപഭോക്കതാക്കള്‍ എന്നതുതന്നെയാണ് ഉത്തരം.

തറവാടി said...

കേരള ഫാര്‍മര്‍,

നെല്ല് കൃഷി ചെയ്യുന്നവന്‍ സൈക്കിള്‍ കടയില്‍‍ നിന്നും വാങ്ങണം എന്ന അര്‍ത്ഥത്തില്‍ കേരളജനതയല്ല ലോകത്തിലെ എല്ലാവരും ഉപഭോക്താവാണ്, ഇത്തരത്തിലുള്ള കമ്പാരിസണ്‍ ഒഴിവാക്കാനാണ് ' ആനുപാതികം' എന്ന വാക്കുപയോഗിച്ചത്.

കേരളത്തില്‍ ആളുകള്‍ പയര്‍ കൃഷി ചെയ്യുന്നുണ്ട് , തമിഴ്നാട്ടില്‍ നിന്നും വരുന്നുമുണ്ട്. കേരളത്തില്‍ പയര്‍ കൃഷി ചെയ്യുന്നവനാണോ അതോ തമിഴ്നാട്ടില്‍ നിന്നും വരുന്ന പയര്‍ വാങ്ങിക്കുന്നവരാണോ കൂടുതല്‍ എന്ന തലത്തിലായിരിക്കണം കമ്പാരിസണ്‍ നടത്തേണ്ടത്, എന്നിട്ടായിരിക്കണം കര്‍ഷകരാണോ ഉപഭോക്താവാണോ കൂടുതല്‍ എന്ന് പറയേണ്ടത് അതിനാണ് വോളിയം എന്ന് വിശാല അര്‍ത്ഥത്തില്‍ ചോദിച്ചത്.

ഇവിടേയും ശ്രദ്ധിക്കേണ്ടകര്യം എണ്ണത്തിലല്ല കാര്യം വോളിയത്തിലാണെന്നതാണ്.

അതായത് തമിഴ്നാട്ടില്‍ നിന്നും നൂറ് ടണ്‍ കേരളത്തില്‍ ദിവസേന ചിലവാകുന്നുണ്ട്. കേരളത്തിലെ മുക്കാല്‍ ഭാഗം ആളുകളും പയര്‍ കൃഷി ചെയ്യുന്നുണ്ട് , ഇവര്‍ ആകെ ദിവസത്തില്‍ ചിലവാക്കുന്നത് നൂറ് കിലോ പയര്‍ (സ്വന്തം ഉപയോഗം ഉള്‍പ്പെടെ) എന്നും പറഞ്ഞാല്‍ കേരളത്തിലെ പയര്‍ കര്‍ഷകനെയല്ല മറിച്ച് ഉപഭോക്താവിനെയാണ് സഹായിക്കേണ്ടതെന്ന് ചുരുക്കം.

(പയര്‍ ഉദാഹരണം മനസ്സില്ലാക്കാന്‍ വേണ്ടിമാത്രം പറഞ്ഞതാണ്, കണ്ട ഉടനെ ഗൂഗിളില്‍ ഒരു പുതിയ ഐഡിയും ഉണ്ടാക്കി എന്നെ കൊഞ്ഞനം കുത്തേണ്ട, ഞാന്‍ എന്താണ് പറഞ്ഞത് എന്ന് കൃത്യമായി മനസ്സിലാക്കിയിട്ടായിരിക്കണം എന്തെങ്കിലും മറുപടി പറയുന്നതെന്ന് അഭ്യാര്‍ത്ഥിക്കുന്നു , ഫാര്‍മറെയല്ല ഉദ്ദേശിച്ചത് എന്റെ പേര് കണ്ടാല്‍ മുട്ടുന്ന ചിലരെയാണ്, സ്വന്തം പേരില്‍ പറയുകയുമില്ല, ബ്ലോഗുടമ സദയം ക്ഷമിക്കുക)

ഈ ആനുപാതം ആരാണ് കര്‍ഷകനോ ഉപഭോക്താവോ എന്ന് കൃത്യമായിട്ട് മനസ്സിലാക്കിയീട്ട് പോരെ ആരെ സമ്രക്ഷിക്കണമെന്ന് പറയുന്നത്? കര്‍ഷകരെന്ന ഒരു ചെറു കൂട്ടത്തെ രക്ഷിക്കണമെന്ന് പറയുമ്പോള്‍ ഉപഭോക്താവെന്ന ഒരു വലിയ കൂട്ടത്തെ എന്തെ കണാതെ പോകുന്നത്?

>>ഉപഭോക്താവിന് ലാഭവും കര്‍ഷകന് നഷ്ടവും ആയാല്‍ കൃഷി ആര് ചെയ്യും?<<

കര്‍ഷകന് നഷ്ടം എങ്ങിനയൊക്കെ ഉണ്ടാകുന്നു എന്ന് ചിന്തിക്കൂ അതിനുള്ള കാരണങ്ങള്‍ ആരായൂ. ഉപഭോക്താവിന് ആവശ്യം കുറഞ്ഞ വിലയില്‍ നല്ല സാധനം ലഭിക്കുക എന്നതാണ് അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കേണ്ടത് ഭരണസഭയുടെ ബാധ്യതയുമാണ്.

മറ്റൊന്ന് മനോജിനോട് ചോദിച്ച ചൊദ്യം ഇരക്കുമതിയാണോ കയറ്റുമതിയാണോ പ്രശ്നം? മനോജിന്റെ ഉത്തരവും താങ്കള്‍ പറഞ്ഞതിനാല്‍ ചോദിച്ചെന്നെയുള്ളൂ.

ജനശക്തി said...

സ്വാഗതം സാര്‍. നല്ല പോസ്റ്റ്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിലും കാര്‍ഷികമേഖലയെ സംബന്ധിച്ച ചതിക്കുഴികള്‍ ഒളിഞ്ഞിരിപ്പുണ്ട്. കമന്റുകള്‍ ഉപഭോക്താവും കര്‍ഷകനും തമ്മിലുള്ള വിഷയമാ‍യി ഇതിനെ ചുരുക്കുന്നത് വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കതെയാണെന്ന് പറയാതെ വയ്യ. കാര്‍ഷിക മേഖല തകര്‍ന്നാല്‍ അതിനനുബന്ധമായ പലതും തകരും. അതു കൂടി കണക്കിലെടുത്ത് നോക്കണം.

Manoj മനോജ് said...

തറവാടി,
2003ലെ ആസിയന്‍ കരാര്‍ പ്രകാരം നമ്മുടെ കയറ്റ് മതി കൂടേണ്ടതാണ്. അതായത് പണം കൂടുതല്‍ കിട്ടണം. പക്ഷേ വാസ്തവത്തില്‍ ഇറക്ക് മതിയാണ് കൂടിയത്. അതും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്ക് മതി. എന്നിട്ടും എന്ത് കൊണ്ട് വിപണിയില്‍ വില കുറഞ്ഞില്ല!!! കഴിഞ്ഞ 10 കൊല്ലമായിട്ട് നമ്മുടെ വിപണിയില്‍ മലേഷ്യയില്‍ നിന്നും മറ്റും ഇറക്ക്മതി ചെയ്ത (വില കുറവുള്ള) വസ്തുക്കള്‍ ലഭിക്കുന്നുണ്ട്. എന്നിട്ടും എന്ത് കൊണ്ട് വിപണിയില്‍ ഉപഭോക്താവിന് വില കൂട്ടി വാങ്ങേണ്ടി വരുന്നു. ഇനി ഈ വിലയുടെ എത്ര ശതമാനം പാവം കര്‍ഷകന് ലഭിക്കുന്നുണ്ട്? അല്ലെങ്കില്‍ ഇന്ത്യന്‍ കര്‍ഷകന് ലഭിക്കുന്നുണ്ട്?

അപ്പോള്‍ ഇനി കരാര്‍ പ്രകാരം ഇറക്ക് മതി കൂടിയാലും ഈ പറയുന്ന വില കുറവ് കാണില്ല. വില കൂടി കൊണ്ടേയിരിക്കും തന്റെ ഉല്‍പ്പന്നത്തിന് വില കിട്ടാതാവുമ്പോള്‍ സ്വാഭാവികമായും ഇന്ത്യന്‍ കര്‍ഷകന്‍ ആ പണിയുപെക്ഷിക്കും. അപ്പോള്‍ പൂര്‍ണ്ണമായും ഇറക്ക് മതിയായി ശരണം. അപ്പോഴും ഉല്‍പ്പാദനം കൂടി നില്‍ക്കുന്നതിനാല്‍ അന്യരാജ്യങ്ങള്‍ക്ക് വില കുറവില്‍ സപ്ലൈ ചെയ്യാം. ഇപ്പോള്‍ നടക്കുന്നത് പോലെ. എന്നാലും വിപണി വില കുറയുമോ? ഒരിക്കലുമില്ല. അന്നും വിദേശ പണം ഉള്ളതിനാല്‍ കേരളിയര്‍ വില കുട്ടി സാധനങ്ങള്‍ വാങ്ങും. വില തദൈവ. പക്ഷേ ഇറക്ക് മതി ഏജന്റിന്റെ പോക്കറ്റ് വീര്‍ത്ത് കൊണ്ടേയിരിക്കും. കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരിക്കും.

ഇതിന് പുറകിലെ ഭീകരത ഉപഭോക്താവും കൂടി അറിയണം. പുറകില്‍ നശിക്കുന്ന ആ ന്യൂനപക്ഷത്തെ അവഗണിക്കണമെന്ന് ഇനിയും തോന്നുന്നുവെങ്കില്‍ എന്ത് പറയുവാന്‍? ഇന്ത്യ ഭൂരിപക്ഷത്തിന്റെ മാത്രം സ്വന്തമാണോ? അയ്യോ ന്യൂനപക്ഷവാദികള്‍ കാണണ്ട :)

ഇറക്ക്മതി വര്‍ദ്ധിക്കുന്നതും കയറ്റ്മതി കുറയുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കും, കര്‍ഷകര്‍ക്ക് ഉപഭോക്താവിന് ഇതാണ് നല്ലത്.. പക്ഷേ അതിന്റെ ഫലം ഉപഭോക്താവില്‍ എത്തുന്നില്ല എന്നതും സത്യം തന്നെയല്ലേ. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് അതാണ്. ഇനിയും നടക്കുവാന്‍ പോകുന്നതും അതാണ്.

K.MOIDEEN said...

കേരളത്തിലെ ഒരു ഗവണ്മെറ്റ് കൊണ്ടു വരുന്ന നിയമത്തിനെതിരെ ഉറഞ്ഞു തുള്ളുന്നത് മനസ്സിലാക്കാം.ഇന്ത്യാ ഗവണ്മെറ്റ് കൊണ്ട് വരുന്ന ഒരു നിയമം ഇന്ത്യയിലെ 110 കോടി ജനങ്ങളേയും ബാധിക്കുന്ന ഒന്നാണ്.ഏതൊരു നിയമവും ചില ന്യൂനപക്ഷങ്ങൾക്ക് ദോശമായി എന്നിരിക്കും എന്നാൽ വലിയൊരു ശതമാനം ജനങ്ങൾക്ക് അനുഗ്രഹമാകുന്നോ എന്നതാണ് ചിന്തിക്കേണ്ടത്.കേരളത്തിൽ 84 ശതമാനം കൃഷിഭൂമി ആണെന്നാണു ചിലരുടെ കണ്ടുപിടുത്തം,എന്നാൽ ഇതിൽ എത്ര ശതമാനം പേരാണു അതിന്റെ ഉടമസ്താവകാശമുള്ളവർ എന്നു കൂടി വ്യക്തമാക്കേണ്ടതുണ്ട്.അപ്പോഴാണു കരാർ അനുഗ്രഹമാകുന്ന വലിയൊരു വിഭാഗത്തെ കണ്ടെത്താനാവുക

K.MOIDEEN said...

ഇറക്കുമതി ചെയ്യപ്പെടുന്ന സാധനങ്ങൾ ഇടത്തട്ടുക്കാരെ ഒഴിവാക്കി ജനങ്ങൾക്ക് നേരിട്ട് വിലകുറച്ചു എത്തിച്ചു കൊടുക്കുക എന്ന കർത്തവ്യമാണു ജനങ്ങളോട് പ്രതിബദ്ധയുള്ള സർക്കാർ ചെയ്യേണ്ടത്.

തറവാടി said...

>>ഉപഭോക്താവും കര്‍ഷകനും തമ്മിലുള്ള വിഷയമാ‍യി ഇതിനെ ചുരുക്കുന്നത് വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കതെയാണെന്ന് പറയാതെ വയ്യ<<

ജനശക്തി,

ഈ കമന്റിപ്പൊഴാണ് ശ്രദ്ധയില്‍ പെട്ടത്.

എന്താണ് ഈ ഗൗരവമുള്ള കാര്യം? എന്ത് പുതിയതായി വരുമ്പോഴും മുണ്ടും മുറുക്കി എതിര്‍ക്കുന്നതോ? എന്തിനും ഒരു നല്ല വശവും ചീത്ത വശവും ഉണ്ട്. എന്തിനേയും എതിര്‍ക്കുന്ന ഒരു പക്ഷത്തിന് എല്ലാത്തിലും ചീത്തതേ കാണാന്‍ ഒക്കൂ.
ഇതുംഒന്നു നോക്കു വിഷയം ഇതുതന്നെയാണ്.