ബ്ലോഗില്‍ തെരയുക

Saturday, June 23, 2012

ഫാ. മാത്യു വടക്കേമുറിയ്ക്ക് ആദരാഞ്ജലികള്‍

ഫാ. മാത്യു വടക്കേമുറി അന്തരിച്ചു






















കൊച്ചി: ഇന്‍ഫാം സ്ഥാപക ചെയര്‍മാനും മലനാട് ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷന്‍ സ്ഥാപക സെക്രട്ടറിയുമായിരുന്ന ഫാ. മാത്യു വടക്കേമുറി (71) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച അമൃത ആശുപത്രിയിലാണ് മരിച്ചത്.

മെയ് 20ന് മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ വാഴക്കുളത്ത് വെച്ച്ഫാ. മാത്യു വടക്കേമുറി ഓടിച്ച ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കൈകള്‍ക്കും കാലിനും ഒടിവ് സംഭവിക്കുകയും ശ്വാസനാളത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

1941 ആഗസ്ത് 15നാണ് മാത്യു വടക്കേമുറിയുടെ ജനനം. ജോസഫ്-മറിയം ദമ്പതിമാരുടെ എട്ട് മക്കളില്‍ മൂത്ത ആണ്‍കുട്ടിയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1967 ഡിസംബര്‍ 18നാണ് പൗരോഹിത്യം സ്വീകരിച്ചത്.

കാഞ്ഞിരപ്പള്ളി അതിരൂപതയുടെ ഔദ്യോഗിക സാമൂഹ്യ പ്രവര്‍ത്തന ഏജന്‍സിയായി 1977ല്‍ മലനാട് ഡെവലപ്പ്‌മെന്‍റ് സൊസൈറ്റി രൂപവത്കൃതമായപ്പോള്‍ അതിന്റെ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 2001 വരെ ആസ്ഥാനത്ത് തുടര്‍ന്നു. 1991ല്‍ അദ്ദേഹം മുന്‍കൈ എടുത്ത് നിര്‍മ്മിച്ച 12.5 കിലോമീറ്റര്‍ വരുന്ന പമ്പാ ലിങ്ക് റോഡ് അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റബ്ബറൈസ്ഡ് റോഡായിരുന്നു.

1993ല്‍ വടക്കേമുറിയച്ചന്‍ രൂപം നല്‍കിയ സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്‍റ് ഏജന്‍സി (എസ്. ഡി. എ.) യുടെ നേത്യത്വത്തില്‍ 64000ല്‍ പരം ബയോഗ്യാസ് പ്ലാന്‍റുകളാണ് തെക്കേ ഇന്ത്യയില്‍ നിര്‍മ്മിച്ചത്. 2000ല്‍ രൂപവത്കരിച്ച കാര്‍ഷിക സംഘടനയായ ഇന്‍ഫാമിന്റെ ചെയര്‍മാനായി ചുമതലയേറ്റ അദ്ദേഹം അസംഘടിതരായിരുന്ന ചെറുകിട കര്‍ഷകരെ ഒന്നിപ്പിക്കാന്‍ യത്‌നിച്ചു. 1993 ല്‍ ആരംഭിച്ച മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി, 1998ല്‍ പാറത്തോട്ടില്‍ ആരംഭിച്ച കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ്, തുലാപ്പള്ളി പ്രദേശത്ത് ജനപങ്കാളിത്തത്തോടെ രൂപം നല്‍കിയ മലനാട് ജനകീയജലവൈദ്യുത പദ്ധതി എന്നിവയും എടുത്തു പറയേണ്ടവയാണ്.

കേന്ദ്ര കാര്‍ഷിക മന്ത്രാലയം ബീ ബോര്‍ഡ് രൂപവത്കരിച്ചപ്പോള്‍ മെമ്പറായി അദ്ദേഹത്തെ തിരഞ്ഞെടുത്തു, 1991ല്‍ എ.കെ.സി.സി.യുടെ സിറിയക് കണ്ടത്തില്‍ അവാര്‍ഡ്, 2001ല്‍ ഗാന്ധിഗ്രാം അവാര്‍ഡ്, 2002ല്‍ കേരളസഭാതാരം അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു.

ഞായറാഴ്ച രാവിലെ പത്ത് മുതല്‍ കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡെവലപ്പ്‌മെന്‍റ് സൊസൈറ്റിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തിങ്കളാഴ്ച ഒരു മണിക്ക് കാഞ്ഞിരപ്പള്ളി കൂവപ്പിള്ളി സെന്‍റ് ജോസഫ് പള്ളിയിലാണ് സംസ്‌കാരം. 

 

 

 

‌‌‌